'ധോണി ഇന്ത്യയുടെ പ്രതീകം'

Saturday 8 June 2019 5:40 am IST

ലണ്ടന്‍: ഗ്ലൗസ് വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡ് എം.എസ്.ധോണിക്കൊപ്പം. സൈനിക മുദ്രയുളള ഗ്ലൗസുമായി ധോണിയെ കളിക്കാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതി നിയമിച്ച ഇടക്കാല ഭരണസമിതി തലവന്‍ വിനോദ്് റോയ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് അപേക്ഷിച്ചു.

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജുവും ധോണിയെ പിന്തുണച്ചു. ധോണി ഇന്ത്യയുടെ പ്രതീകമാണെന്നും ബലിദാന്‍ ചിഹ്നം സൈന്യത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു.

സൈനിക മുദ്രയോട് സാമ്യമുളളതാണെങ്കിലും  മത, വാണിജ്യ താല്‍പ്പര്യങ്ങളെ സൂചിപ്പിക്കുന്ന അടയാളമല്ല. അതിനാല്‍ ധോണി ഐസിസി ചട്ടം ലംഘിച്ചിട്ടില്ലെന്ന് വിനോദ് റായ് പറഞ്ഞു. ഐസിസി ചട്ടമനുസരിച്ച് കളിക്കാര്‍ മത, വാണിജ്യ, സൈനിക താല്‍പ്പര്യങ്ങള്‍ സൂചിപ്പിക്കുന്ന ലോഗോകള്‍ ധരിക്കാന്‍ പാടില്ല.

ഇന്ത്യന്‍ ടെറിറ്റോറിയില്‍ സൈന്യത്തിന്റെ പാരച്യൂട്ട് റെജിമെന്റില്‍ ലഫ്റ്റനന്റ് കേണലാണ് ധോണി. ഈ സൈനിക വിഭാഗത്തിന്റെ മുദ്രയില്‍ കത്തിക്കൊപ്പം ബലിദാന്‍ എന്ന്് വാക്കും ഉണ്ടാകും. എന്നാല്‍ ധോണി ധരിച്ചിരിക്കുന്ന ഗ്ലൗസില്‍ ബലിദാന്‍ എന്ന വാക്കില്ലെന്ന് വിനോദ് റായി പറഞ്ഞു.

സൈനിക മുദ്രയുള്ള ഗ്ലൗസ് മാറ്റാന്‍ ധോണിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഐസിസി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വിനോദ് റായിയുടെ പ്രതികരണം.

ഐസിസിയുടെ ഈ നിര്‍ദ്ദേശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് ഇടക്കാല ഭരണസമിതി ഇടപെട്ടത്.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഫെഹല്‍ക്കുവായോയെ സ്റ്റംപ് ചെയ്തപ്പോഴാണ് ധോണിയുടെ വിവാദ ഗ്ലൗസ് ക്യാമറകള്‍ ഒപ്പിയെടുത്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പ്രചരിച്ചതോടെയാണ് ഐസിസി ഈ ഗ്ലൗസ് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.

ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ അടുത്ത മത്സരത്തിന് മുമ്പ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി ഇംഗ്ലണ്ടിലെത്തി ഐസിസിയുടെ മുതിര്‍ന്ന ഭാരവാഹികളുമായി ചര്‍ച്ച നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.