പൂന്തോട്ട നഗരിയിലെ ഉത്തിഷ്ഠ

Sunday 9 June 2019 3:11 am IST

തൊണ്ണൂറുകളില്‍ ആരംഭിച്ച ഐ ടി വികസനത്തോടൊപ്പം രാജ്യമെങ്ങുനിന്നും ഐ ടി  വിദഗ്ധര്‍ ഈ പൂന്തോട്ട നഗരത്തില്‍ എത്തി വാസമുറപ്പിക്കാന്‍ തുടങ്ങി.  തൊഴില്‍ മേഖലയില്‍ മാന്ദ്യം നിലനിന്നിരുന്ന കേരളത്തില്‍നിന്ന് ധാരാളം എഞ്ചിനീയറിങ് ബിരുദധാരികള്‍ ബെംഗളൂരുവിലെത്തി ജീവിതം കരുപ്പിടിപ്പിച്ചു. ഇവരെ പിന്തുടര്‍ന്ന് കച്ചവടക്കാരും വ്യവസായികളും എത്തി. നല്ല കാലാവസ്ഥയും മനോഹരമായ പൂന്തോട്ടങ്ങളും, വിദേശ നഗരങ്ങളുടെ ശൈലിയിലുള്ള മാളുകളും ഹോട്ടലുകളും പബ്ബുകളും റെസ്റ്റോറന്റുകളും ആ തലമുറയ്ക്ക് ഹരം പകര്‍ന്നു. രാജ്യത്തിന്റെ ഐടി തലസ്ഥാനമായി ഉയര്‍ന്നെങ്കിലും തനതുസംസ്‌കാര പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിയ്ക്കുന്നതില്‍ ഇവിടുത്തെ ജനസമൂഹം സൂക്ഷ്മത കാട്ടി. നിരവധി ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും, ശ്രീരാമകൃഷ്ണമിഷന്‍, ഇസ്‌കോണ്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, ശ്രീ സത്യസായി ആശമം.....തുടങ്ങിയ ആധ്യാത്മിക കേന്ദ്രങ്ങളും ഇതിന് സഹായകമായി.

മലയാളികളും ആ സംസ്‌കാര ധാരയ്‌ക്കൊപ്പം നിന്നു.  മലയാളികളുടെ സാന്നിദ്ധ്യം വിളിച്ചറിയിച്ച് നാല്‍പ്പതോളം അയ്യപ്പ ക്ഷേത്രങ്ങള്‍. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന  മലയാളി സമുദായ സംഘടനകള്‍.   ഔദ്യോഗിക തിരക്കുകള്‍ കഴിഞ്ഞുള്ള സമയങ്ങളില്‍ മറ്റുള്ളവരോടൊപ്പം മലയാളികളും സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായി. 

സ്വാമി വിവേകാനന്ദന്റെ ആശയങ്ങളില്‍ ആകൃഷ്ടരായി  തങ്ങള്‍ക്കാകുന്ന വിധം എന്തെങ്കിലും സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യണം എന്നാഗ്രഹിച്ച് മലയാളി ചെറുപ്പക്കാര്‍ മുന്നോട്ടുവന്നു.  തുടക്കത്തില്‍ വ്യക്തികള്‍ എന്ന നിലയ്ക്കായിരുന്നു പ്രവര്‍ത്തനം. ഇടയ്ക്ക് സമാനചിന്താഗതിക്കാരായ കൂടുതല്‍ പേരെ അവര്‍ കണ്ടുമുട്ടി.  പൊതുതാല്‍പ്പര്യങ്ങള്‍ പങ്കുവെച്ചു. ഒരുമിച്ചുനിന്ന്  വിപുലമായി കാര്യങ്ങള്‍ ചെയ്യുക എന്ന ആശയം വന്നു. അങ്ങനെയാണ് 2008-ല്‍ ഉത്തിഷ്ഠ എന്ന കൂട്ടായ്മ ഔപചാരികമായി നിലവില്‍ വന്നത്. ഉത്തിഷ്ഠത, ജാഗ്രത... എന്ന ഉപനിഷദ് മന്ത്രം സ്വാമി വിവേകാനന്ദന്റെ വാക്കുകളോട് ചേര്‍ത്താണ് ഇന്നത്തെ തലമുറയില്‍ ബഹുഭൂരിപക്ഷവും കേട്ടിട്ടുള്ളത്.  ഉത്തിഷ്ഠ എന്ന സംസ്‌കൃത വാക്കിനര്‍ത്ഥം എഴുന്നേല്‍ക്കൂ എന്നാണ്. 

തുടക്കത്തില്‍ ഉത്തിഷ്ഠയിലെ അംഗങ്ങളില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ മാത്രം ആയിരുന്നെങ്കിലും മറ്റു  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പിന്നീട് ഈ സംരംഭത്തില്‍ പങ്കാളികളായി. 2013 ഓടുകൂടി ഉത്തിഷ്ഠ ഒരു ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യുകയും, 80 ജി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സംഘടനയ്ക്ക് ലഭിക്കുകയും ചെയ്തു. നീതി ആയോഗിന്റെ എന്‍ജിഒ ദര്‍പ്പണിലും  രജിസ്‌ട്രേഷന്‍ കിട്ടിക്കഴിഞ്ഞു.  

പഠിക്കാന്‍ സമര്‍ത്ഥരായ, എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പ്രയാസപ്പെട്ടിരുന്നവരുമായ  കുട്ടികള്‍ക്ക് സഹായം എത്തിക്കുക, അത്യാവശ്യ സൗകര്യങ്ങള്‍ ഇല്ലാതിരുന്ന അനാഥാലയങ്ങളിലും അഭയകേന്ദ്രങ്ങളിലും  അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുക, ചികില്‍സയ്ക്ക് വഴിയില്ലാതെ കഷ്ടപ്പെട്ടിരുന്നവര്‍ക്ക്  സഹായങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു തുടക്കത്തിലെ പ്രധാന പ്രവര്‍്ത്തനങ്ങള്‍. എന്നാല്‍ പിന്നീട് ഇവയെല്ലാം കൃത്യമായ പദ്ധതികളോടെ ഉത്തിഷ്ഠ നടപ്പാക്കാന്‍ തുടങ്ങി.   

 ഏഴു വര്‍ഷമായി വളരെ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു  വിദ്യാഭ്യാസ സഹായ പദ്ധതിയാണ് സ്‌പോണ്‍സര്‍ എ ചൈല്‍ഡ്. ഈ പ്രോജക്ടിന്റെ കീഴില്‍ നൂറില്‍പ്പരം കുട്ടികളാണ് ഗുണഭോക്താക്കള്‍.  കൂടുതലും വനവാസി ഗ്രാമങ്ങളിലെ കുട്ടികള്‍. അവരുടെ മുഴുവന്‍ പഠന ചെലവും ഉത്തിഷ്ഠ ഏറ്റെടുത്തിരിക്കുന്നു. വര്‍ഷങ്ങളായി ബെംഗളൂരു നഗരത്തിലെ ചേരി നിവാസികളായ കുട്ടികള്‍ക്ക്  പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും നല്‍കിവരുന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള  സ്‌കോളര്‍ഷിപ്പുകളും കൊടുക്കുന്നുണ്ട്.  

സാമൂഹ്യസേവന രംഗത്ത് സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവയും അധികം അറിയപ്പെടാത്തവയുമായ നിരവധി ചെറു കൂട്ടായ്മകള്‍  നാട്ടിലുണ്ട്. അത്തരം എളിയ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും, അവര്‍ക്ക്  പ്രോത്സാഹനം നല്‍കാനും ഉത്തിഷ്ഠ സേവാ പുരസ്‌കാരം കൊണ്ടുവന്നു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 2012-ല്‍ ആദ്യം നല്‍കിയത്  തിരുവനന്തപുരം കോട്ടൂര്‍ വനപ്രദേശത്ത് സ്‌കൂള്‍ നടത്തുന്ന അഗസ്ത്യ ബാലസംസ്‌കാര കേന്ദ്രത്തിനാണ്. തുടര്‍ന്ന്  അട്ടപ്പാടിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, കൊല്ലം ജില്ലയിലെ സാന്ത്വനം സേവാകേന്ദ്രം, കോട്ടയത്തെ സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ്, ശ്രീ പാര്‍വ്വതി സേവാ നിലയം തുടങ്ങിയ സംഘടനകള്‍ പുരസ്‌കാരം നേടി. രാഹുല്‍ ദ്രാവിഡ്,  ശ്രീശ്രീ രവിശങ്കര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പുരസ്‌കാരദാനത്തിനെത്തി എന്നതുതന്നെ അതിന്റെ മഹത്വം വര്‍ധിപ്പിച്ചു.

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് 'അവേക്ഷ' എന്ന പേരില്‍ രോഗപ്രതിരോധ ശുശ്രൂഷ നല്‍കുന്ന പദ്ധതി നടപ്പാക്കി.  കോളനികള്‍ കേന്ദ്രീകരിച്ച് സ്ത്രീ രോഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും  മരുന്നു വിതരണവും ചേര്‍ന്ന പദ്ധതിയാണിത്.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമാണ് മറ്റൊരു സുപ്രധാന മേഖല. ഉത്തിഷ്ഠയുടെ പ്രവര്‍ത്തകര്‍ പങ്കെടുത്ത രണ്ട് പ്രോജക്ടുകളാണ് മഹിമാപുരയിലെ  കുമുദവതി  നദീ പുനരുജ്ജീവന പദ്ധതിയും നിളായനവും. 2015-ല്‍ നിളാതീരത്ത് സംഘടിപ്പിച്ച ആദ്യത്തെ ദേശീയ നദീ മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിനു പുറത്ത് നടന്ന രണ്ട് പ്രചാരണ പരിപാടിയില്‍ ഒന്ന് ബെംഗളൂരുവില്‍ ഉത്തിഷ്ഠയാണ് സംഘടിപ്പിച്ചത്. നിളായനം എന്ന ആ പരിപാടിയില്‍ നിളാ നദിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം എന്നിവ ഉണ്ടായിരുന്നു. ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഏറ്റെടുക്കപ്പെട്ട പദ്ധതിയാണ് വറ്റിപ്പോയ കുമുദവതി നദിയുടെ പുനരുജ്ജീവനം. ഇതിന്റെ ഭാഗമായി നദീതീരത്ത് വ്യാപകമായി മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും, ഉപേക്ഷിക്കപ്പെട്ട കിണറുകളും കുളങ്ങളും വൃത്തിയാക്കി മഴവെള്ളസംഭരണികളാക്കി മാറ്റുകയും, നീര്‍ച്ചാലുകളില്‍ തടയണകളും റീ ചാര്‍ജ്ജ് പിറ്റുകളും നിര്‍മിക്കുകയും ചെയ്തു. ഉത്തിഷ്ഠയുടെ പ്രവര്‍ത്തകര്‍ ഇവയില്‍ സജീവമായി.    

ബെംഗളൂരു പോലെയുള്ള  മഹാനഗരത്തില്‍ പ്രതീക്ഷിക്കാവുന്ന പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരത്തിനു നടുവിലും, ഭാരതീയമായ സാംസ്‌കാരിക പൈതൃകം ഊട്ടിയുറപ്പിക്കാനുതകുന്ന ചില പരിപാടികളും ഉത്തിഷ്ഠയുടേതായി ഉണ്ട്. അതിലൊന്നാണ് വര്‍ഷം  തോറും നടത്തി വന്നിരുന്ന കഥകളി സന്ധ്യ. പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ  നേതൃത്വത്തില്‍ ഏതാനും വര്‍ഷങ്ങള്‍ തുടര്‍ച്ചയായി നടത്തിയ പ്രസ്തുത പരിപാടിക്ക് ഉജ്ജ്വല സ്വീകരണമാണ് ബെംഗളൂരുവിലെ കലാസ്‌നേഹികളില്‍നിന്ന് കിട്ടിയത്. ഭാരതീയ കലകളുടെ ആഴവും സൗന്ദര്യവും പുതുതലമുറയ്ക്കുകൂടി പരിചയപ്പെടുത്തി കൊടുക്കാന്‍ ഇതിലൂടെ ഉത്തിഷ്ഠയ്ക്ക് കഴിഞ്ഞു. . 

അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനായി ആരംഭിച്ച പദ്ധതിയാണ് 'അഭയം'. സ്വന്തമായി തല ചായ്ക്കാനൊരിടം എന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. കുടുംബത്തിന്റെ  മറ്റെല്ലാ വളര്‍ച്ചയ്ക്കും ഈയൊരു അടിസ്ഥാനം ആവശ്യമാണ്. 2014-ല്‍ ഉത്തിഷ്ഠയുടെ വേദിയില്‍ ധര്‍മ്മപ്രഭാഷണത്തിനായി എത്തിയ  സ്വാമി ചിദാനന്ദപുരി  വച്ച നിര്‍ദ്ദേശത്തെ ഒരാജ്ഞയായി ഉള്‍ക്കൊള്ളുകയായിരുന്നു. തൊഴില്‍ ചെയ്യാന്‍ കഴിയാതെ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന കണ്ണൂരില്‍നിന്നുള്ള ഹരി എന്ന തൊഴിലാളിയായിരുന്നു  പ്രോജക്ടിന്റെ ആദ്യത്തെ ഗുണഭോക്താവ്.

കേരളത്തിലും ബെംഗളൂരുവിലുമുള്ള നിരവധി ബാല-ബാലികാ സദനങ്ങളില്‍ താമസിച്ചു പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളെ പരിചയപ്പെടാനും, സമൂഹത്തില്‍ മുന്നേറാനുള്ള ആത്മവിശ്വാസം ജനിപ്പിക്കുന്നതിനുമായി കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനുള്ള ഒരു പ്രോജക്റ്റ് വിഭാവനം ചെയ്തിട്ടുണ്ട്.  കമ്പ്യൂട്ടറുകള്‍ സംഭാവനയായി നല്‍കാന്‍ തയ്യാറുള്ളവരില്‍നിന്ന് അവ സ്വീകരിച്ച്, ബാലസദനങ്ങള്‍ക്ക്  എത്തിച്ചുകൊടുക്കുകയും, അവിടങ്ങളില്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ ക്ലാസ്സുകള്‍ക്ക്  ആരംഭം കുറിക്കുകയും ചെയ്തു. ഭാരതീയതയില്‍ അഭിമാനം വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന പ്രഗത്ഭന്മാരുടെ പ്രഭാഷണങ്ങളും ചര്‍ച്ചകളും  ഉത്തിഷ്ഠ നടത്തി വരുന്നു.

കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിച്ച കുടുംബങ്ങള്‍ക്കായി സാന്ത്വനം എന്ന പുനരധിവാസ പദ്ധതിക്കു കീഴില്‍  ലക്ഷങ്ങളുടെ  തൊഴിലുപകരണങ്ങള്‍ നല്‍കി. ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങള്‍, ബേക്കിങ് ഓവന്‍, തയ്യല്‍ മെഷീനുകള്‍ തുടങ്ങിയവയാണ്  വിതരണം ചെയ്തത്. വയനാട്ടിലെ പ്രളയ മേഖലകളില്‍ ഉത്തിഷ്ഠ പ്രവര്‍ത്തകര്‍ അടിയന്തര പ്രാധാന്യത്തോടെ വീടുകള്‍ സന്ദര്‍ശിക്കുകയും,  കിറ്റുകള്‍ വിതരണം ചെയ്യുകയുമുണ്ടായി. അത്യാവശ്യം വേണ്ട പാത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയടങ്ങിയതായിരുന്നു ഈ കിറ്റുകള്‍. തുടര്‍ന്ന്  ബെംഗളൂരുവിലെ നല്ല മനുഷ്യരുടെ സഹായത്തോടെ കേരളത്തിലേക്ക് ബ്ലീച്ചിംഗ് പൗഡര്‍, ലോഷനുകള്‍, ഭക്ഷ്യ ധാന്യങ്ങള്‍,  ബ്ലാങ്കറ്റുകള്‍ തുടങ്ങിയവ അയച്ചു.   ചെന്നൈ വെള്ളപ്പൊക്ക സമയത്ത് അടിയന്തര പ്രാധാന്യത്തോടെ മരുന്നുകളും മറ്റും അയച്ചുകൊടുക്കാനും ഉത്തിഷ്ഠയ്ക്ക് കഴിഞ്ഞു.

സ്വാമി വിവേകാനന്ദന്‍ എന്ന യുഗപുരുഷന്‍ ആവര്‍ത്തിച്ചുചൂണ്ടിക്കാട്ടിയിരുന്ന 'ആത്മനോ മോക്ഷാര്‍ഥം ജഗത് ഹിതായ ച' എന്ന ആപ്തവാക്യത്തെ പിന്‍പറ്റിയുള്ളതാണ് ഉത്തിഷ്ഠയുടെ പ്രവര്‍ത്തനങ്ങള്‍. ആത്മാവിന്റെ മോക്ഷവും ജഗത്തിന്റെ ഹിതവും ഒരുപോലെ കൈവരിക്കാന്‍ കഴിയുന്നവയാണ് സേവന പ്രവര്‍ത്തനങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.