മോദി മാലദ്വീപില്‍; കൊച്ചിയില്‍ നിന്ന് കപ്പല്‍ സര്‍വ്വീസ് ഉള്‍പ്പെടെ നിരവധി കരാറുകളില്‍ ഒപ്പിടും

Saturday 8 June 2019 6:27 pm IST
കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് കപ്പല്‍ സര്‍വീസിനുള്ള കരാര്‍, പ്രതിരോധം, രാജ്യസുരക്ഷ കരാറുകളും ഇതില്‍പ്പെടും. നിലവിലുള്ള പദ്ധതികള്‍ വിലയിരുത്തും. അയല്‍രാജ്യത്തിന് ഇന്ത്യ നല്‍കുന്ന പ്രധാന്യമാണ് മോദി പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിലൂടെ വെളിവാകുന്നത്.

മാലെ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപില്‍ എത്തി. ഇന്ന് ശ്രീലങ്ക വഴിയാണ് അദ്ദേഹം മടങ്ങുക. പ്രസിഡന്റ് സ്വാലിഹ്, വൈസ് പ്രസിഡന്റ് ഫൈസല്‍ നസീം, മുന്‍ പ്രസിഡന്റ് മുഹമ്മദ് നാഷീദ് തുടങ്ങിവരുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം നിരവധി കരാറുകളില്‍ ഒപ്പിടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപിന്റെ പരമോന്നത  സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദ ഡിസ്റ്റിങ്ങ്യൂഷ്ഡ് റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ നല്‍കി ആദരിച്ചു.  പ്രമുഖരായ വിദേശികള്‍ക്ക് മാലദ്വീപ് നല്‍കുന്ന പരമോന്നത  ബഹുമതിയാണിത്. പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് കപ്പല്‍ സര്‍വീസിനുള്ള കരാര്‍, പ്രതിരോധം, രാജ്യസുരക്ഷ കരാറുകളും ഇതില്‍പ്പെടും. നിലവിലുള്ള പദ്ധതികള്‍ വിലയിരുത്തും. അയല്‍രാജ്യത്തിന് ഇന്ത്യ നല്‍കുന്ന പ്രധാന്യമാണ് മോദി പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിലൂടെ വെളിവാകുന്നത്.

മോദി നാളെ രാവിലെ മാലദ്വീപ് പാര്‍ലമെന്റ് മജ്ലിസിനെ  അഭിസംബോധന ചെയ്യും. അതിനു മുന്‍പ് സ്പീക്കര്‍ മുഹമ്മദ് നാഷിദുമായി ചര്‍ച്ച നടത്തും.  തീരനിരീക്ഷണത്തിനുള്ള  റഡാര്‍ ഉദ്ഘാടനം ചെയ്യുന്ന മോദി സൈനികര്‍ക്കുള്ള പരിശീലന കേന്ദ്രവും രാജ്യത്തിന് സമര്‍പ്പിക്കും. മാലിയില്‍ ഇന്ത്യ അവര്‍ക്ക് ക്രിക്കറ്റ് സ്‌റ്റേഡിയം പണിത് നല്‍കും.

സ്വാലിഹിന്റെ സ്ഥാനാരോഹണ സമയത്ത് മോദി അവിടം സന്ദര്‍ശിച്ചിരുന്നുവെങ്കിലും അത് ഉഭയകക്ഷി ചര്‍ച്ചകളും മറ്റും നടത്തുന്ന സന്ദര്‍ശനമായിരുന്നില്ല. മാലദ്വീപില്‍ വര്‍ഷങ്ങളായി ഇന്ത്യ വലിയ നിക്ഷപമാണ് നടത്തിവരുന്നത്. അവര്‍ക്ക് സൈനിക സഹായവും നല്‍കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് 1200 കിലോമീറ്റര്‍ മാ്രതമാണ് ഇവിടേക്കുള്ള ദൂരം. ഇവിടെ 22,000 ഇന്ത്യക്കാരുമുണ്ട്. ചൈന വിരുദ്ധ, ഇന്ത്യന്‍ അനുകൂല നിലപാടുള്ള പ്രധാനമന്ത്രിയാണ് സ്വാലിഹ്. ഡിസംബറില്‍ ഇന്ത്യ മാലദ്വീപിന് പതിനായിരത്തോളം കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.