നിസ്സാരമായി ഒന്നുമില്ല

Sunday 9 June 2019 3:30 am IST

മക്കളേ, 

ഈ ലോകത്തില്‍ നിസ്സാരമായി ഒന്നുമില്ല. എല്ലാറ്റിനും അതാതിന്റെ സ്ഥാനത്ത് പ്രാധാന്യമുണ്ട്. ഈ സത്യം തിരിച്ചറിയാതെ ചിലതിനൊക്കെ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാതിരിക്കുന്നതാണ് ജീവിതത്തിലെ പല പരാജയങ്ങള്‍ക്കും കാരണം. 

ഒരു കൊച്ചു സ്‌ക്രൂ ഇളകിയിരുന്നാല്‍ വിമാനം തകരാറിലാകാനും, യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകാനും അതു കാരണമാകാം. ഒരു പക്ഷി വന്ന് വിമാനത്തിലിടിച്ചാല്‍, വിമാനം തകരുവാന്‍ ആ ആഘാതം മതിയാകും. അതുകൊണ്ട് ഒന്നിനെയും നിസ്സാരമായി കരുതാനാവില്ല. 

'സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കാന്‍ നമ്മള്‍ വഴി  ഉണ്ടാക്കരുത്' എന്ന് പറയും. ചെറിയ കാര്യങ്ങളിലുള്ള അശ്രദ്ധയാണ് വലിയ നാശം വിതയ്ക്കുന്നത്. വള്ളത്തിലുള്ള ചെറിയൊരു ദ്വാരം ഉടന്‍ അടച്ചില്ലെങ്കില്‍ ഉണ്ടാവുന്ന വലിയ അപകടം ഇതിനു ഉദാഹരണമാണ്. ചെറുതാണെന്ന കാരണംകൊണ്ട് പ്രശ്‌നങ്ങളെ നിസ്സാരമായി കാണാതെ വേണ്ടപോലെ ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയും. 

ചെറിയ കാര്യങ്ങളില്‍പോലും കാട്ടുന്ന ശ്രദ്ധയും ക്ഷമയുമാണു നമ്മളെ വലിയ വിജയങ്ങളിലേയ്ക്കു നയിക്കുന്നത്. ചെറുതില്‍നിന്നാണു വലുതു നേടുന്നത്. 

ഒരിടത്തു് ഒരു ഡോക്ടറുണ്ടായിരുന്നു. പ്രായംകൊണ്ടും അനുഭവംകൊണ്ടും പക്വതയാര്‍ജ്ജിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരു ദിവസം അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു വെപ്രാളത്തോടെ പറഞ്ഞു, ''സര്‍! ഒരു രോഗിയെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അയാള്‍ എങ്ങനെയോ ഒരു ചെറിയ പന്തു വിഴുങ്ങി. അതു തൊണ്ടയില്‍ കുടുങ്ങിയിരിക്കുകയാണ്. രോഗി ശ്വാസംമുട്ടി മരിക്കാറായി. എന്തുചെയ്യണമെന്ന് എനിക്കൊരു എത്തുംപിടിയും കിട്ടുന്നില്ല. എന്തെങ്കിലും ഒരു മാര്‍ഗ്ഗം വേഗം പറഞ്ഞുതരൂ!'' മുതിര്‍ന്ന ഡോക്ടര്‍ അല്പസമയം നിശ്ശബ്ദനായിരുന്നു. എന്നിട്ടു പറഞ്ഞു, ''ഒരു കാര്യംചെയ്യൂ. ഒരു തൂവലെടുത്ത് അയാളെ നന്നായിട്ടൊന്ന് ഇക്കിളിപ്പെടുത്തൂ.'' അല്പം കഴിഞ്ഞ് ജൂനിയര്‍ ഡോക്ടര്‍ വീണ്ടും വിളിച്ചു. അയാള്‍ സന്തോഷത്തോടെ പറഞ്ഞു, ''സര്‍, ഇക്കിളിപ്പെടുത്തിയപ്പോള്‍ രോഗി പൊട്ടിച്ചിരിച്ചു. അതോടെ പന്തു പുറത്തുവരുകയും ചെയ്തു.

അത്ഭുതമായിരിക്കുന്നു! ഈ വിദ്യ അങ്ങ് എവിടെനിന്നാണു പഠിച്ചത്?'' മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു, ''രോഗിയുടെ അവസ്ഥ കേട്ടപ്പോള്‍ അന്നേരം എനിക്കു ഒരു ഉപായം തോന്നി. എന്തുചെയ്യണമെന്ന് അറിയാത്ത അവസരങ്ങളില്‍ യുക്തമായ എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ രീതി.'' ചെറുതും നിസ്സാരവും എന്നു തോന്നുന്ന തൂവല്‍ കൊണ്ടു് ഒരാളെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞതുപോലെ നമുക്കും ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളില്‍ കാണിക്കുന്ന ശ്രദ്ധയും വിവേകവുമാണു ഒടുവില്‍ നമ്മളെ ഈശ്വരനിലേക്ക് എത്തിക്കുന്നത്. കാരണം നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും  അര്‍ഹമായ പ്രാധാന്യം കൊടുക്കുന്നവരില്‍ ശ്രദ്ധയും വിവേകവും ഏകാഗ്രതയും വളരും.   ബാഹ്യമായ പ്രവര്‍ത്തികളില്‍ കാട്ടുന്ന ശ്രദ്ധ ആന്തരികമായ ശ്രദ്ധയിലേക്കു നയിക്കും. ആദ്ധ്യാത്മികത്തിലും ലോകജീവിതത്തിലും വിജയം നേടുവാന്‍ ഇതാവശ്യമാണ്. 

നമ്മള്‍ നമ്മുടെ സാധനങ്ങള്‍ അശ്രദ്ധയായി എവിടെയെങ്കിലും ഇട്ടാല്‍ ആവശ്യക്കാര്‍ അത് മോഷ്ടിച്ചുകൊണ്ടുപോകും. അപ്പോള്‍ സാധനം നഷ്ടപ്പെടാന്‍ ഇടയാക്കിയ തെറ്റും മോഷ്ടിക്കാന്‍ അവസരം ഉണ്ടാക്കിയ തെറ്റും നമ്മുടേതാണ്. മറ്റുള്ളവരെ പറഞ്ഞിട്ടു കാര്യമില്ല. നിറയെ ആളുകളുള്ള  വള്ളത്തില്‍ കായല്‍ കടക്കുന്നതുപോലെയാണ് ആത്മീയ യാത്ര. വള്ളം അല്‍പമൊന്നു ചരിഞ്ഞാല്‍ മതി അതില്‍ വെള്ളം കയറും. അതിനാല്‍ വള്ളം അക്കരെ എത്തുന്ന നിമിഷം വരെ എല്ലാവരും ശ്വാസം അടക്കിയിരിക്കണം. അത്ര ജാഗ്രതയില്ലെങ്കില്‍ ഏതു നിമിഷവും മുങ്ങാം. അതുപോലെ സംസാരസാഗരത്തിന്റെ മറുകര എത്തുന്നതുവരെ, അതായത് പൂര്‍ണ്ണത പ്രാപിക്കുന്നതുവരെ സാധകന്‍ ഓരോ ചുവടും വളരെ ശ്രദ്ധയോടെ വെക്കണം. വിവേകവും വൈരാഗ്യവും ശ്രദ്ധയും ഒരു നിമിഷംപോലും കൈവെടിയരുത്. ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ഭയക്കേണ്ട ആവശ്യമില്ല.                                                                               

മാതാ അമൃതാനന്ദമയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.