ആഴികടന്ന് ലങ്കയിലേക്ക്

Sunday 9 June 2019 3:16 am IST

വരുണന്റെ മാര്‍ഗോപദേശത്തില്‍ രാമന്‍ സന്തുഷ്ടനായി. എന്തു പ്രത്യുപകാരമാണ് താന്‍ ചെയ്യേണ്ടതെന്നും രാമദേവന്‍ ചോദിച്ചു.

ലോകോപകാരപ്രദമായ ഒരു കൃത്യമാണ് അങ്ങയില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതെന്ന് വരുണന്‍ പറഞ്ഞു. അതന്തെന്ന് വിശദീകരിക്കുകയും ചെയ്തു.' ഈ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറേ തീരത്ത് ഗാന്ധാരമെന്നൊരു ദ്വീപുണ്ട്. ശതകോടി രാക്ഷസന്മാരുടെ ആവാസകേന്ദ്രമാണത്. അവര്‍ മറ്റുജനങ്ങളെ ദ്രോഹിക്കുകയാണ്. കടലിലും കരയിലും അവരുടെ അക്രമങ്ങള്‍ ഏറി വരികയാണ്. അവന്മാരെ അങ്ങ് നാമാവശേഷമാക്കണം'

 വരുണന്‍ പറഞ്ഞു തീര്‍ന്നതും രാമനൊരു ദിവ്യാസ്ത്രമെടുത്ത് സങ്കല്പലക്ഷ്യം വെച്ച് തൊടുത്തു വിട്ടു. അത് നിമിഷങ്ങള്‍ക്കകം ആ ദുഷ്ടരാക്ഷസരെയെല്ലാം നിഗ്രഹിച്ച് തിരികെ രാമന്റെ തൂണീരത്തിലെത്തി വിശ്രമിച്ചു.  ഇതു കണ്ട് സ്തബ്ധനായ വരുണന്‍ ശ്രീരാമദേവനെ വണങ്ങി സമുദ്രാന്തര്‍ഭാഗത്തേക്ക് മറഞ്ഞു.

രാമനും സംഘവും സേതുബന്ധനത്തിനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരായി. സുഗ്രീവനെയാണ് രാമന്‍ അതിനായി ചുമതലപ്പെടുത്തിയത്. വിശ്വകര്‍മപുത്രനായ നളന്‍, അഗ്‌നിപുത്രനായ നീലന്‍ എന്നിവരുടെ രൂപകല്‍പനയില്‍ ജാംബവാന്‍, ഹനുമാന്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ കര്‍മപരിപാടികള്‍ നിശ്ചയിച്ചു. നാനാഭൂഭാഗങ്ങളില്‍ നിന്നും കല്ല്, പാറ, കുന്ന്, കൊടുമുടി തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ കൊണ്ടു വന്ന് സമുദ്രത്തില്‍ നിക്ഷേപിച്ചു തുടങ്ങി. 

നാലുദിവസം കൊണ്ട് സേതു നിര്‍മാണം പൂര്‍ത്തിയായി. പത്തുയോജന വീതിയും നൂറുയോജന നീളവുമുള്ളതായിരുന്നു സേതു. അതിന്റെ നിരപ്പും ഉറപ്പും പൂര്‍ത്തിയാക്കി രാമനും കൂട്ടരും സമുദ്രം താണ്ടി ലങ്കയില്‍ പ്രവേശിച്ചു. സുവേലത്തിന്റെ പാര്‍ശ്വസ്ഥലങ്ങളിലാണ് അവരെത്തിയത്. അന്ന് രാത്രി അവര്‍ അവിടെ കഴിച്ചുകൂട്ടി. 

രാജസദസ്സില്‍ നിന്ന് വിഭീഷണന്‍ ഇറങ്ങിപ്പോയ ശേഷം അനന്തര നടപടികള്‍ എന്തു വേണമെന്നതിനെക്കുറിച്ച് രാവണന്‍ ചര്‍ച്ചകളൊന്നും നടത്തിയില്ല. തന്റെ വസതിയിലെത്തി ചിന്തകളില്‍ വ്യാപൃതനായി. വിഭീഷണന്‍ രാമനെ സഹായിക്കുമെന്ന് രാവണന് ഉറപ്പായിരുന്നു. ലങ്കയിലെത്താനുള്ള മാര്‍ഗം വിഭീഷണന്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കും. ലങ്ക യുദ്ധക്കളമായിത്തീരും. രാക്ഷസസൈന്യം നാമാവശേഷമാകും. അതിനു മുമ്പ് സീതയെ പരിണയിക്കണം. ഇങ്ങനെയോരോന്ന് ചിന്തിച്ചിരുന്ന രാവണന്‍ തന്റെ വിശ്വസ്ത കാര്‍മികനായ  വശികാചാര്യനെ വരുത്തി. 'ഞാന്‍ ഒരു സുന്ദരിയെ ഇവിടെ കൊണ്ടുവന്ന് പാര്‍പ്പിച്ചിട്ടുണ്ട്. മാസം പതിനൊന്നു കഴിഞ്ഞു. എന്റെ ഭാര്യയാവാന്‍ അവള്‍ ഒട്ടും വഴങ്ങുന്നില്ല. എങ്ങനെയെങ്കിലും അവളെ വശപ്പെടുത്തി വിവാഹം കഴിക്കാന്‍ വഴിയുണ്ടോ?' രാവണന്‍ വശികനോടു ചോദിച്ചു.

'ഇതാണോ ഇത്ര വലിയ കാര്യം? വെറും ചപലകളാണ് സ്ത്രീകള്‍. പേരും നാളും ഒരു സിന്ദൂരപ്പൊട്ടും മതിയാകും.' ഇതായിരുന്നു വശികന്റെ മറുപടി. ' ലോകൈകസുന്ദരിയാണവള്‍. ഭാഗ്യമില്ലാത്തവളും. അവള്‍ എന്നെയൊന്നു നോക്കുന്നതുപോലുമില്ല. പാതിവ്രത്യമാണുപോലും. ' രാവണന്‍ പരിതപിച്ചു. സീതയെ വശീകരിക്കാനായി കുളിക്കുന്ന വെള്ളത്തില്‍ സിന്ദൂരപ്പൊടി വിതറാന്‍ വശികന്‍ പറഞ്ഞു. പതീവിരഹത്താല്‍ അവള്‍ ഇവിടെ വന്നതില്‍ പിന്നെ കുളിച്ചിട്ടേയില്ലെന്ന് രാവണന്‍ പറഞ്ഞു. 

അങ്ങനെയെങ്കില്‍ ആഹാരത്തില്‍ ഒരു ചൂര്‍ണമിട്ടു നല്‍കി വശീകരിക്കാമെന്നായി വശികന്‍. അതിനവള്‍ നിരാഹാരമിരിക്കുകയായണെന്നും രാവണന്‍ പറഞ്ഞു. എങ്കില്‍ ഒരു വശ്യദ്രാവകം മണപ്പിച്ചാല്‍ സീതവശപ്പെടുമെന്ന് വശികന്‍ തീര്‍ത്തു പറഞ്ഞു. അതാണെങ്കില്‍ ഉറങ്ങുമ്പോഴേ ചെയ്യാനൊക്കൂ. സീത ഉറങ്ങാറേയില്ലെന്നു കൂടി കേട്ടതോടെ വശികന്‍ ഇനി തന്റെ കൈയില്‍ ഉപായങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങി. 

അതിനുശേഷം  പ്രധാനമന്ത്രിയായ പ്രഹസ്തനെ വരുത്തി, സീതാപരിണയത്തിന് ഒരു ശ്രമം കൂടി നടത്താന്‍ തീരുമാനിച്ചു. രാവണന്‍, അതിസുന്ദരനായി വേഷം കെട്ടി സീതയുടെ അരികിലെത്തി പ്രണയാഭ്യര്‍ഥന നടത്താന്‍ തുടങ്ങി. സീത അതൊന്നും ശ്രദ്ധിക്കാതെ രാമനാമജപം തുടര്‍ന്നു.

അല്പനേരം കഴിഞ്ഞപ്പോള്‍ ഭീമാകാരനായ ഒരു രാക്ഷസന്‍, മരുത്തന്‍ എന്ന മായാവിയെ ജനകമഹാരാജാവിന്റെ വേഷം കെട്ടിച്ച് സീതയുടെ മുമ്പിലെത്തിച്ചു. സീതയുടെ അച്ഛനെന്ന ഭാവത്തില്‍ മരുത്തന്‍ സംസാരിച്ചു തുടങ്ങി.

 ' മകളേ സീതേ നീ നിമിത്തം മഹായുദ്ധമുണ്ടാകാന്‍ പോകുന്നു. ആ യുദ്ധത്തില്‍ കോടിക്കണക്കിന് മനുഷ്യരും വാനരരും രാക്ഷസരും നശിച്ചു പോകും. സര്‍വലോകവിജയിയായ ഈ രാവണചക്രവര്‍ത്തി നിന്റെ പതിയായ രാമനെ നിഷ്പ്രയാസം നിഗ്രഹിക്കും. മേഘനാദന്‍ ലക്ഷ്മണനെ സംഹരിക്കും. നീ വിധവയും അനാഥയുമായിത്തീരും. അങ്ങനെയെങ്കില്‍ നിന്റെ ഗതിയെന്താകും? ഞാനാണെങ്കില്‍ പടുവൃദ്ധനായി. നിനക്ക് അമ്മയോ സഹോദരന്മാരോ ഇല്ല. അതുകൊണ്ട് നീ നിന്റെ ഭാവിയെക്കരുതി ത്രിലോക ചക്രവര്‍ത്തിയും കാമകോമളനുമായ ഈ രാവണനെ ആത്മനാഥനായി വരിച്ച് സര്‍വലോക ചക്രവര്‍ത്തിനിയായി വാഴുക. നിനക്ക് ഞാന്‍ സര്‍വ മംഗങ്ങളും നേരുന്നു.' 

( തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.