ജ്ഞേയമായത് ബ്രഹ്മം

Sunday 9 June 2019 3:28 am IST

വാലാക്യധികരണം തുടരുന്നു

 

സൂത്രം  ജീവമുഖ്യപ്രാണലിങ്ഗാന്നേതിചേത്തദ്  വ്യാഖ്യാതം

(ജീവമുഖ്യ പ്രാണലിംഗാത് ന ഇതി ചേത് തത് വ്യാഖ്യാതം)

 

മുമ്പ് പറഞ്ഞ സൂത്രത്തില്‍ ജീവനേയും മുഖ്യ പ്രാണനേയും സൂചിപ്പിക്കുന്നതിനാല്‍ ബ്രഹ്മമെന്ന് പറയുന്നത് ശരിയല്ല എന്ന് പറയുകയാണ് എങ്കില്‍ അത് ബ്രഹ്മമെന്ന് നേരത്തെ തന്നെ വ്യാഖ്യാനിച്ചിട്ടുണ്ട്.

 

കഴിഞ്ഞ സൂത്രത്തില്‍ ജീവന്റെയും മുഖ്യ പ്രാണന്റെയും

സൂചനയുള്ളതിനാല്‍ ജഗത്കാരണം ബ്രഹ്മമാണ് എന്ന് വാദിക്കുകയാണെങ്കില്‍ അത് ശരിയല്ല എന്ന് ഈ സൂത്രത്തിലൂടെ വ്യക്തമാക്കുന്നു. ബ്രഹ്മസൂത്രം ഒന്നാം അദ്ധ്യായത്തിലെ തന്നെ ഒന്നാം പാദം 31 ാമത്തെ സൂത്രത്തിന്റെ വ്യാഖ്യാനത്തില്‍ ഇക്കാര്യം സമര്‍ഥിച്ചിട്ടുള്ളതാണ്. തുടക്കം പോലെ ഒടുക്കവും ബ്രഹ്മവിഷയമാണ്.

ജീവന്‍ മുതലായ തത്വങ്ങളുടെ ധര്‍മ്മത്തെ ബ്രഹ്മത്തിലോ ബ്രഹ്മത്തിന്റെ തത്വത്തെ ജീവന്‍ മുതലായവയിലോ ആരോപിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അറിയേണ്ടത് അഥവാ ജ്ഞേയമായത് ബ്രഹ്മം മാത്രമാണ്. അതിനാല്‍ എല്ലാ തരത്തിലും അറിയേണ്ടതും എല്ലാറ്റിനും ആധാരവും എല്ലാറ്റിനും കാരണമായതുമായ ബ്രഹ്മം തന്നെയാണ് ജഗത് കാരണം.

സൂത്രം  അന്യാര്‍ത്ഥം തു ജൈമിനി:  പ്രശ്‌നവ്യാഖ്യാനാഭ്യാമപി ചൈവമേകേ

ചോദ്യത്തങ്ങള്‍ ഉള്ളതിനാല്‍ ഇത് മറ്റൊരാവശ്യത്തിന് വേണ്ടിയാണെന്ന്  ജൈമിനി പറയുന്നു. മറ്റു ചിലരും ഇങ്ങനെ പറയുന്നുണ്ട്.

പ്രകരണത്തില്‍ ജീവനേയും മുഖ്യപ്രാണനേയും പറഞ്ഞിരിക്കുന്നത് സംബന്ധിച്ചാണ് ജൈമിനിയുടെയും മറ്റ് ആചാര്യന്‍മാരുടേയും അഭിപ്രായം.

ഈ വാക്യത്തില്‍ ജീവനാണോ ബ്രഹ്മത്തിനാണോ പ്രാധാന്യം എന്നതിനെക്കുറിച്ച് തര്‍ക്കം വേണ്ട. കാരണം ജൈമിനിയുടെ അഭിപ്രായത്തില്‍ ജീവശബ്ദത്തെ ഉപയോഗിച്ചിരിക്കുന്നത് ബ്രഹ്മത്തെ അറിയാനാണ്. പരമാത്മാ ജ്ഞാനത്തെ ജനിപ്പിക്കാനാണ്. പിന്നീട് വരുന്ന ചോദ്യോത്തരങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്.

വിജ്ഞാനമയനായ പുരുഷന്‍ സുഷുപ്തിയില്‍ എവിടെ ലയിക്കുന്നു എന്ന ചോദ്യത്തിന് പ്രാണനില്‍ ലയിക്കുന്നു എന്നാണ് ഉത്തരം. ജീവന്‍ ഹൃദയത്തിലെ ആകാശത്തില്‍ ഉറങ്ങുന്നുവെന്നും പറയുന്നു. അങ്ങനെ ജീവനും പ്രാണനും പരമാത്മാവില്‍ നിന്ന് വേറെയെന്ന് കാണിക്കുന്നു.

ഗാഢനിദ്രയില്‍ പരബ്രഹ്മത്തോടൊത്തു ജീവന്‍ ഒന്നായിത്തീരുന്നു. ആ പരബ്രഹ്മത്തില്‍ നിന്നാണ് പ്രാണന്മാര്‍ ഉള്‍പ്പെടുന്ന പ്രപഞ്ചമുണ്ടാകുന്നത്. ആ പരമാത്മാവിനെയാണ് അറിയേണ്ടത്.

ജൈമിനി പറയുന്നതിനോട് മറ്റ് പല ശാഖക്കള്‍ക്കും യോജിപ്പുണ്ട്. കാണ്വശാഖക്കാര്‍ ഇതേ അഭിപ്രായമുള്ളവരാണ്.

വാജസനേയി ശാഖക്കാര്‍ വിജ്ഞാനമയന്‍ എന്ന വാക്കു കൊണ്ടാണ് ജീവാത്മാവിനെ നിര്‍ദ്ദേശിക്കുന്നത്. അതില്‍ നിന്ന് വേറിട്ടാണ് പരമാത്മാവിനെ പറയുന്നത്. ബാലാകിയും അജാതശത്രുവും തമ്മിലുള്ള സംവാദത്തെ ഇങ്ങനെയാണ് അവര്‍ കാണുന്നത്.

ഇത്തരത്തില്‍ നോക്കുമ്പോള്‍ ജഗത്ത് കാരണം ജീവാത്മാവോ മുഖ്യ പ്രാണനോ ആണെന്ന്  ശങ്കിക്കേണ്ടതില്ല. എല്ലാം  ഉണ്ടായത് പരമാത്മാവില്‍ നിന്നായതിനാല്‍ ജഗത്തിന്റെ കാരണം പരമാത്മാവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.