രുവനന്തപുരം: രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടേതിന് സമാനമായ ട്രേഡ് യൂണിയന് അവകാശങ്ങള്‍ നല്‍കണമെന്ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജി നാരായണന്. അന്താരാഷ്ട്ര തൊഴില്‍ സംഘടന അംഗീകരിച്ച ഈ ആവശ്യം ഇനിയും സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കാത്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദരിദ്രജനതയുടെ ഉന്നമനം എന്ന ആശയത്തോടുകൂടി വേണം രാജ്യത്തെ ബ്യൂറോക്രാറ്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ശമ്പളപരിഷ്ക്കരണത്തിന് സ്ഥിരം സമിതി ഉണ്ടാകണം. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വിരമിക്കല്‍ പ്രായം ഏകീകരിച്ച് പഴയ പെന്ഷന് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും സജിനാരായണന്‍ പറഞ്ഞു.
കര്‍മചാരി മഹാസംഘ് അഖിലേന്ത്യാ പ്രസിഡന്റ് അമോദ് ശ്രീവാസ്തവ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിപിന്‍കുമാര്‍ ദോഗ്ര, ജിഇഎന്‍സി പ്രഭാരി ഉദയ്റാവു പട്വര്ധന്, സഹപ്രഭാരി എം.പി. സിംഗ്, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 700 പ്രതിനിധികള്‍ പങ്കെടുക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ പ്രകടനവും നടന്നു. പൊതുസമ്മേളനം രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറി മഹേന്ദ്ര ജെയിന് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: