ഭീകരവാദം രാഷ്ട്രത്തിനു മാത്രമല്ല മാനവ രാശിക്ക് തന്നെ അപകടകാരി : പ്രധാനമന്ത്രി

Sunday 9 June 2019 10:39 am IST

ന്യൂദല്‍ഹി : ലോകരാഷ്ട്രങ്ങളെല്ലാവരും ഭീകരവാദത്തിനെതിരെ ഒരുമിച്ചുനില്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം ഒരു രാഷ്ട്രത്തിനു മാത്രമല്ല മാനവരാശിക്ക് തന്നെ അപകടകാരിയാണ്. ചില രാഷ്ട്രങ്ങള്‍ തന്നെ ചെല്ലും ചെലവും കൊടുക്കുന്ന ഭീകരവാദം അതിലും ഭയങ്കരമാണ്.

മാലിദ്വീപുകളിലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമമ്ത്രി ഇക്കാര്യം അറിയിച്ചത്. 

അയല്‍ക്കാര്‍ ആദ്യം എന്നതാണ് ഭാരതത്തിന്റെ വിദേശകാര്യനയത്തിന്റെ കാതല്‍. ഇന്ത്യയും മാലിദ്വീപുകളും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതല്‍ക്ക് തുടങ്ങിയതാണ്. ഇവിടത്തെ മനോഹരമായ ഭൂപ്രകൃതിയും പ്രകൃതിവിഭവങ്ങളും ലോകത്തിനുമുന്നില്‍ ഈ രാജ്യത്തെ വേറിട്ടുനിര്‍ത്തുന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രത്യേകിച്ച് ഇന്ത്യയെ തകര്‍ക്കാനാഗ്രഹികുന്ന ശത്രുക്കള്‍ തന്നെ ചുറ്റുമുള്ളപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യനയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഖമുദ്രയാകണം അയല്‍ക്കാര്‍ ആദ്യമെന്നത്. കൂടെനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അതീവപ്രാധാന്യമാണ് നരേന്ദ്രമോദി വിദേശകാര്യനയം നല്‍കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്ഥാനമേറ്റയുടനേ ഭൂട്ടാനില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പ്രധാനമന്ത്രിയുടെ ആദ്യസന്ദര്‍ശനം മാലിദ്വീപുകളിലേക്കായത് ഒട്ടും യാദൃശ്ചികമായിരുന്നില്ല.

മാലിദ്വീപുകള്‍ നരേന്ദ്രമോദിക്ക് അവരുടെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിസ്സാന്‍ ഇസ്സുദ്ദീന്‍ എന്ന പദവി നല്‍കിയാണ് ആദരിച്ചത്. മാലിദ്വീപുകളുടെ മുന്‍ പ്രസിഡന്റായിരുന്ന അബ്ദുള്ള യമീന്‍ ചൈനാ പക്ഷപാതിയായിരുന്നു. ചൈനയുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാമ്രാജ്യത്തമോഹങ്ങള്‍ക്ക് കഴിയും വിധം പിന്തുണ നല്‍കിവന്നിരുന്നയാളുമാണ് അബ്ദുള്ള യമീന്‍.

പക്ഷേ പുതിയ പ്രസിഡന്റും ഗവണ്‍മെന്റും മാലിദ്വീപുകളെ ഇന്ത്യയോടടുപ്പിച്ചതുവഴി ഇന്ത്യന്‍ മഹാസമുദ്രം ഒറ്റയ്ക്ക് നിയന്തിക്കാനുള്ള ചൈനയുടെ സാമ്രാജ്യത്തമോഹങ്ങള്‍ക്ക് കനത്ത പ്രഹരമാണേല്‍പ്പിയ്ക്കുന്നത്. പാകിസ്ഥാന്‍ സഹായത്തോടെ ചൈനയുടെ മൗനാനുവാദത്തോടെ വളര്‍ന്നുവരുന്ന ഇസ്ലാമികഭീകരവാദം മാലിദ്വീപുകളില്‍ ആഴത്തില്‍ വേരുപിടിപ്പിച്ചിട്ടുണ്ട്. മാലിദ്വീപുകള്‍ ഇന്ത്യയുമായി കൂടുതലടുക്കുന്നതും പാക്കിസ്ഥാനേയും ചൈനയേയും അകറ്റി നിര്‍ത്തുന്നതും ഐസിസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഭീകരവാദസംഘടനകളില്‍പ്പെട്ടവരെ തിരിച്ചറിയാനും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും അതീവസഹായകമാകും എന്നാണ് കരുതപ്പെടുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.