50 ശതമാനത്തിന്റെ 'മോദി ടച്ച്'

Monday 10 June 2019 3:34 am IST
എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം എന്ന് എംപിമാരെ നരേന്ദ്ര മോദി ഓര്‍മ്മിപ്പിച്ചു. സ്വന്തം പ്രശസ്തിക്ക് വേണ്ടി ആവരുത് പ്രവര്‍ത്തനമെന്നും നേതാക്കളില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. മോദി എന്തും കാണുന്നു, നിരീക്ഷിക്കുന്നു. 2024ലെ ലക്ഷ്യങ്ങള്‍വരെ പ്രധാനമന്ത്രി നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടാവണം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ഒരിക്കല്‍ കൂടി രാജ്യം പരവതാനി വിരിച്ച സാഹചര്യത്തില്‍ നാം കാണേണ്ട ഒരുകാര്യമുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ബിജെപിയെ ജയിപ്പിച്ച മണ്ഡലങ്ങളില്‍, സംസ്ഥാനങ്ങളില്‍, വലിയ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണത്. 2014ലെ ജനവിധി മുതല്‍ ബിജെപി വിരുദ്ധര്‍ ആശ്വസിച്ചിരുന്നത് ഇനി ബിജെപിക്ക് ഏതായാലും ഭരണത്തില്‍ വരാന്‍ സാധിക്കില്ല എന്നായിരുന്നു. 2019 ആവുമ്പോഴേക്ക് ഭരണവിരുദ്ധവികാരം വേണ്ടത്ര ഉണ്ടാവുമെന്നും അത് മോദിയെ കടപുഴക്കുമെന്നുമാണ് അവരൊക്കെ കരുതിയത്. 2014ല്‍ ഹിന്ദി ഹൃദയഭൂമിയില്‍  ബിജെപിയുടെ കോട്ടകള്‍ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഏതാണ്ട് നൂറ് ശതമാനം സീറ്റുകളും നേടിയിരുന്നുവല്ലോ. ഉദാഹരണം രാജസ്ഥാന്‍, ഗുജറാത്ത്, യുപി, മധ്യപ്രദേശ്, ഹിമാചല്‍, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ദല്‍ഹി, ഹരിയാന എന്നിവ. കര്‍ണാടകത്തിലും മികച്ച പ്രകടനമാണ് ബിജെപി അന്ന് നടത്തിയത്. അവിടങ്ങളില്‍ ഇനി അത്രയ്ക്ക് സീറ്റുകള്‍ നേടുക അസാധ്യമാണെന്ന് പ്രതിപക്ഷം കരുതിയെങ്കില്‍ കുറ്റപ്പെടുത്താനാവില്ല. അഞ്ചുവര്‍ഷം കഴിയുമ്പോഴുണ്ടായേക്കാവുന്ന ഭരണവിരുദ്ധവികാരം സ്വാഭാവികമായും സര്‍ക്കാരിനെയും അതിന് നേതൃത്വമേകുന്ന പാര്‍ട്ടിയെയും അലട്ടേണ്ടതായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നുവെങ്കില്‍ വീണ്ടും അധികാരത്തിലേറാന്‍ ഈ പാര്‍ട്ടിക്കും മുന്നണിക്കും സാധിക്കുമായിരുന്നോ എന്നതും സംശയകരമാണ്. പക്ഷെ, കഴിഞ്ഞതവണ വലിയ ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളും സംസ്ഥാനങ്ങളും, ഇത്തവണ കൂടുതല്‍ വോട്ടാണ് മോദിക്ക് നല്‍കിയത്. കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചത്. ഭരണവിരുദ്ധ വികാരമല്ല ഭരണാനുകൂല വികാരമാണ് ഇത്തവണ ബിജെപിക്കും എന്‍ഡിഎക്കും ലഭ്യമായത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അതൊരു അസാധാരണ കാര്യമാണ്. അതിനെയാണ് യഥാര്‍ഥത്തില്‍ 'മോദി ടച്ച്' എന്ന് വിളിക്കേണ്ടിവരുന്നത്. 

എങ്ങനെയാണ് അത് സാധ്യമായത്? അതാണ് 'മോദി ടച്ച്' എന്ന് വീണ്ടും പറയേണ്ടിവരുന്നത്. പ്രതിപക്ഷ കക്ഷികള്‍ വെച്ചുപുലര്‍ത്തിയ പ്രതീക്ഷകള്‍ മോദിയും ബിജെപിയും തിരിച്ചറിഞ്ഞിരുന്നു. അതൊക്കെ സംഭവിക്കാവുന്ന കാര്യമാണെന്ന് അവര്‍ക്കറിയാമായിരുന്നു. അത്തരമൊരു പ്രതിസന്ധി ഉണ്ടാവാതിരിക്കാന്‍ ജനതയുടെ വിശ്വാസമാര്‍ജിക്കുകയാണ് മാര്‍ഗമെന്ന് തുടക്കത്തിലേ ബിജെപി മനസിലാക്കി. മൂന്ന് കാര്യങ്ങളാണ് അതിനായി ബിജെപി ചെയ്തത്. ഒന്ന് പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കുക. രണ്ട്, ജനങ്ങളിലേക്ക് വിവിധ പദ്ധതികളുമായി ഇറങ്ങിച്ചെല്ലുക. മൂന്നാമതായി പാര്‍ട്ടിയുടെ വോട്ട് കഴിയുന്നത്ര സംസ്ഥാനങ്ങളില്‍ അന്‍പത് ശതമാനത്തിലേറെയായി വര്‍ദ്ധിപ്പിക്കുക. മൂന്നാമത്തെ കാര്യം, ആദ്യ രണ്ട് കാര്യങ്ങളുടെ തുടര്‍ച്ചയാണ്, അല്ലെങ്കില്‍ പരിണിതഫലമാണ്. നാല് കോടിയില്‍നിന്ന് ബിജെപി അംഗത്വം പതിനൊന്ന് കോടിയിലേക്ക് ഉയര്‍ത്തിയത് ആദ്യനീക്കം. അത്  സംഘടനാപരമായ ഒരു ബൃഹദ്പദ്ധതിയായിരുന്നു. അത് ബിജെപിക്ക് ഒരു സേഫ് ഡെപ്പോസിറ്റ് ആയി മാറി. 11 കോടി വോട്ടിന്റെ കരുത്ത്. അടുത്തത് സാധാരണക്കാരെ സ്വാധീനിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളാണ്. സൗജന്യ  എല്‍പിജി കണക്ഷനുകള്‍, ശുചിമുറികള്‍, ഗ്രാമങ്ങളിലും വീടുകളിലും വൈദ്യുതി, റോഡുകള്‍, പെണ്‍കുട്ടികളുടെ വിവാഹത്തിനും കര്‍ഷകര്‍ക്കും ധനസഹായം, സബ്‌സിഡി ബാങ്ക്അക്കൗണ്ടുകളിലേക്ക്, അപകട ഇന്‍ഷുറന്‍സ്, കാര്‍ഷിക ഇന്‍ഷുറന്‍സ്, ആരോഗ്യപദ്ധതി അങ്ങനെ പലതും. സര്‍ക്കാര്‍പദ്ധതികള്‍ ജനങ്ങളിലേക്ക്് എത്തിക്കുക എന്ന ദൗത്യവും ബിജെപി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു... 

 ഏതാണ്ട്  22 കോടി കുടുംബങ്ങള്‍ക്ക് ഈ 'മോദി പദ്ധതികളുടെ' പ്രയോജനം ലഭ്യമാക്കി. ബിജെപിയും മോദിയുമാണ് സഹായിച്ചത് എന്ന തോന്നല്‍ അത്രയും കുടുംബങ്ങളില്‍ ഉണ്ടാക്കുക എന്നതായിരുന്നു അടുത്ത ദൗത്യം. ഗൃഹസമ്പര്‍ക്കത്തിലൂടെയും മറ്റും അത് വേണ്ടവിധം നടപ്പിലാക്കിയ സ്ഥലങ്ങളില്‍ ബിജെപിക്ക് കരുത്താര്‍ജിക്കാനായി. ഇത്തവണ യുപിയില്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് ഗ്രാമങ്ങളില്‍ ചെന്ന് ആരോട് ചോദിച്ചാലും 'എന്തെങ്കിലും മോദിയില്‍നിന്ന് ലഭിക്കാത്തവരില്ല' എന്നതാണ്. 'ഇത് ഞങ്ങള്‍ക്ക് തന്നത് മോദിയാണ്' എന്ന് ഗ്രാമീണര്‍ പറയുന്നു. സര്‍ക്കാര്‍ ഒരുകാര്യം ചെയ്താല്‍മാത്രം പോരല്ലോ, അത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയണം. ബിജെപി അത് വേണ്ടവിധം നടപ്പിലാക്കി. തീര്‍ച്ചയായും അതിന്റെ പ്രയോജനം ബിജെപിക്ക് ലഭിച്ചു.  ബിജെപിയുടെ വോട്ട് ബാങ്ക് അന്‍പത് ശതമാനമാക്കാനുള്ള പദ്ധതിക്ക് ഇതും സഹായകരമായി. 

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമൊന്ന് വിശകലനം ചെയ്ത് നോക്കൂ. ഉത്തര്‍പ്രദേശ് (50.1%),  

ബീഹാര്‍ (53.3%), മഹാരാഷ്ട്ര (50.9%), ഗുജറാത്ത് (62.2%), രാജസ്ഥാന്‍ ( 58.5%), മധ്യപ്രദേശ് (58%), ഛത്തിസ്ഗഢ് (50.7%), ജാര്‍ഖണ്ഡ് (51%), ഉത്തരാഖണ്ഡ് (61%), ഹിമാചല്‍പ്രദേശ് (69.1%), ഹരിയാന (58%), ദല്‍ഹി (56.6%), കര്‍ണാടകം (51.4%) എന്നീ പതിമൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അന്‍പത് ശതമാനത്തിലേറെ വോട്ട് നേടാനായി. ഈ സംസ്ഥാനങ്ങള്‍ ചേരുമ്പോള്‍ 327 ലോക്‌സഭാ മണ്ഡലങ്ങളാവും. ബംഗാളില്‍ 40 ശതമാനത്തിലേറെ വോട്ട് കിട്ടി. അവിടെയും ഈ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരില്ല. അതുകൂടിയായാല്‍ രാജ്യത്തെ 369 മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങളില്‍ ബിജെപി അമ്പതോ അതിലേറെയോ വോട്ടുള്ള പാര്‍ട്ടിയായി മാറും. ഇത്തവണ തെരഞ്ഞെടുപ്പിന് പോകുമ്പോള്‍തന്നെ 327 മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങളില്‍ അത്രയും വോട്ട് മോദിയും അമിത്ഷായും ഉറപ്പാക്കിയിരുന്നു. ഈ സംഘടനാ ശക്തിയെ തോല്‍പ്പിക്കാന്‍ തത്ക്കാലം ഏതെങ്കിലും കക്ഷിക്കോ മുന്നണിക്കോ കഴിയുമെന്ന് തോന്നുന്നില്ല. 

ഇതൊക്കെക്കൊണ്ട് ബിജെപി കാര്യകര്‍ത്താക്കളുടെ ചുമതല അവസാനിക്കുന്നില്ല; മോദിതന്നെ സൂചിപ്പിച്ചത് പോലെ, ഇതുപോലൊരുവിജയം സമ്മാനിച്ചതോടെ ജനങ്ങളോടുള്ള ചുമതല വര്‍ദ്ധിക്കുകയാണ്. എന്‍ഡിഎ പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഓരോ ബിജെപി നേതാവും എംപിയും സാധാരണ പ്രവര്‍ത്തകനും ശ്രദ്ധിക്കേണ്ടതുമാണ്. മോദി പറഞ്ഞത് പ്രധാനമായും ഏഴു കാര്യങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനം വിഐപി സംസ്‌കാരത്തെ സംബന്ധിച്ചാണ്. എംപിമാരോടാണ് പറഞ്ഞതെങ്കിലും അത് ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും ബാധകമാണ്. 'നിങ്ങള്‍ വിമാനത്താവളത്തില്‍ ചെന്നാല്‍ എന്തിനാണ് ക്യൂ തെറ്റിച്ച് പലതും ചെയ്യുന്നത്. നിങ്ങള്‍ അവരില്‍ ഒരാളല്ലേ. മോദിസര്‍ക്കാര്‍ വിഐപി സംസ്‌കാരം അവസാനിപ്പിച്ചെന്ന് പറയുന്നു. എന്നാല്‍ എംപിമാര്‍തന്നെ അതിന് വിരുദ്ധമായി ചെയ്യുന്നു'. 

ഭാരതമാതാവാണ് നമ്മുടെ ദേവത. അതിനേക്കാള്‍ വലിയ ദേവത നമുക്കില്ല. ന്യൂനപക്ഷങ്ങളുടെ അടക്കം വിശ്വാസം നമുക്കാര്‍ജ്ജിക്കേണ്ടതുണ്ട് എന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം എന്ന് എംപിമാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 'സ്വന്തം പ്രശസ്തിക്ക് വേണ്ടി ആവരുത് പ്രവര്‍ത്തനമെന്നും നേതാക്കളില്‍നിന്ന് മോശമായ പെരുമാറ്റം ഉണ്ടാവരുതെന്നും' അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതായത്, മോദി എന്തും കാണുന്നു, നിരീക്ഷിക്കുന്നു. 2024 ലെ ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രി നിശ്ചയിച്ച് കഴിഞ്ഞിട്ടുണ്ടാവണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.