ടോക്കിയോയിലും ഇന്ത്യയ്ക്ക് വേണ്ടി ഇടിക്കും

Monday 10 June 2019 3:40 am IST

അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യയ്ക്കായി ഇറങ്ങും, സ്വര്‍ണം ലക്ഷ്യമിട്ട് തന്നെ ഇടിക്കും. ടോക്കിയോ ഒളിംപിക്‌സോടെ ഇടി നിര്‍ത്തും! ഇക്കുറി സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങുന്ന ഞാന്‍ പരിശീലനം നേരതെന്നെ തുടങ്ങി. റിയോ ഒളിംപിക്‌സ് യോഗ്യത നേടാന്‍ പരാജയപ്പെട്ടതിന് പിന്നാലെ, 48 കിലോഗ്രാം വിഭാഗത്തില്‍ നിന്ന് 51 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയിരുന്നു. അതില്‍ പുതുമയില്ല. നാലഞ്ചുവര്‍ഷം മുമ്പ് ഈ വിഭാഗത്തിലും ഞാന്‍ മത്സരിച്ചിരുന്നു. 

-- മേരി കോം 

ഖാദര്‍ കമ്മിറ്റിക്കെതിരെ വിദ്യാഭ്യാസ വിദഗ്ധരും അദ്ധ്യാപകരും ഉള്‍പ്പെട്ട ബദല്‍ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒട്ടും ആലോചനയില്ലാതെയാണ് ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നത്. പ്രൊഫ. ഖാദറും കമ്മിറ്റിയിലെ രാമകൃഷ്ണന്‍, ജ്യോതിചൂഡന്‍ എന്നിവരും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം മാത്രമാണ് പുറത്തുവന്നത്. ഇതില്‍ മികവിനെക്കുറിച്ച് മിണ്ടുന്നില്ല. അത് പ്രതിപാദിക്കുന്ന രണ്ടാംഭാഗം പുറത്തുവന്നിട്ടുമില്ല. ചുരുക്കത്തില്‍ അപൂര്‍ണമായ റിപ്പോര്‍ട്ടാണ് നടപ്പിലാക്കുന്നത്. കമ്മിറ്റിയിലെ മൂന്നുപേരും സിപിഎം അദ്ധ്യാപക സംഘടനാ നേതാക്കളാണ്.

--രമേശ് ചെന്നിത്തല

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോട് മുഖംതിരിച്ച് നില്‍ക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്. എയ്ഡഡ് മേഖലയുടെ അഭിവൃദ്ധി പൊതുവിദ്യാഭ്യാസത്തിന്റെ മികവില്‍ പ്രധാനമാണ്. എല്ലാറ്റിനും സര്‍ക്കാരിനെമാത്രം ആശ്രയിക്കുന്ന സ്ഥിതി ഉണ്ടാവരുത്. പൂര്‍വ വിദ്യാര്‍ത്ഥികളും തദ്ദേശസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും എല്ലാവരും ചേര്‍ന്ന് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കണം. സ്വകാര്യ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂളിന് തങ്ങളെന്തിന് പണം മുടക്കണം എന്ന ചിന്ത ശരിയല്ല.

-- പിണറായി വിജയന്‍.

വിദ്യാഭ്യാസ മേഖലയില്‍ ഏതാണ്ട് സമൂലമായ മാറ്റങ്ങളാണ് (ഇതുവരെ കേട്ടിടത്തോളം) ഖാദര്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, പൊതുസമൂഹം തുടങ്ങി ഈ രംഗത്ത് താത്പ്പര്യമുള്ളവര്‍ ഒട്ടേറെയുണ്ട്. അതുകൊണ്ട് പൂര്‍ണമായ റിപ്പോര്‍ട്ട് വന്നതിന്‌ശേഷം (ഇപ്പോള്‍ ആദ്യഭാഗത്തിലെ ചില ശുപാര്‍ശകളിന്മേലാണ് നടപടി) ഒരു പൊതുചര്‍ച്ച ഏറ്റവും അഭികാമ്യമായിരുന്നു. വലിയ സര്‍ക്കാര്‍നയങ്ങള്‍ ആദ്യമായി പുറത്തുവരിക തീരുമാനങ്ങളായിട്ടല്ല, മറിച്ച് കരട് രൂപത്തിലാണ്.

-- എന്‍.എസ്. മാധവന്‍.

ബിജെപിയില്‍ ചേരാന്‍ എ.പി. അബ്ദുല്ലക്കുട്ടിയെ ആരെങ്കിലും സമീപിച്ചോ എന്നറിയില്ല. പാര്‍ട്ടി ഇതുവരെ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. അതേസമയം അബ്ദുല്ലക്കുട്ടിയുടെ നിലപാട് പ്രോത്സാഹനം അര്‍ഹിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കെട്ടിപ്പൊക്കിയ മോദിവിരുദ്ധ രാഷ്ട്രീയം കേരളത്തില്‍ ആന്റി ക്ലൈമാക്‌സിലേക്ക് എത്തുന്നതിന്റെ സൂചനയാണ് അബ്ദുല്ലക്കുട്ടിയുടെ നിലപാട്. ഇതേ നിലപാടുള്ള ഒട്ടേറെപ്പേര്‍ എല്‍ഡിഎഫിലും യുഡിഎഫിലും ഉണ്ടെങ്കിലും ഭയംമൂലം തുറന്നുപറയാത്തതാണ്.

-- അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.

പോസിറ്റീവ് രാഷ്ട്രീയത്തിനൊപ്പം നിന്നതിനാണ് പടിയടച്ച് പിണ്ഡം വെച്ചത്. പുറത്താക്കിയ നടപടി പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ വിഷമവും പ്രയാസവുമുണ്ട്. വികസനത്തെ സംബന്ധിച്ച കാഴ്ചപ്പാട് എന്നും ഒന്നാണ്. ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും. വിശ്വാസവും വികസനവും സംബന്ധിച്ച് കേരള സമൂഹത്തില്‍ അന്ന് ഞാന്‍ ഉയര്‍ത്തിയ വിഷയം ഇന്ന് സിപിഎമ്മിനെ സ്വാധീനിച്ചിട്ടുണ്ട്. വിശ്വാസത്തെ സംബന്ധിച്ച പാര്‍ട്ടി നിലപാട് മാറ്റണം എന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പോലും ഇപ്പോള്‍ പറയുന്നു. ഗുജറാത്ത് വികസന മാതൃകയെ പുകഴ്ത്തിയ നിലപാട് ഉപേക്ഷിക്കാതെ തന്നെയാണ് ഞാന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

--അബ്ദുല്ലക്കുട്ടി

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുമാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം ലക്ഷ്യമിടുന്നത്. രാജ്യപുരോഗതിയും ആഭ്യന്തര വളര്‍ച്ചയുമുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണം. ചെറുകിട, സൂക്ഷ്മ വ്യവസായ മേഖലയില്‍ അതിനുവേണ്ട ഉല്‍പാദനമുണ്ടായാല്‍ ഇറക്കുമതി കുറയ്ക്കാനാകും. ഇതിനുവേണ്ട പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഗ്രാമങ്ങള്‍, ചെറുപട്ടണങ്ങള്‍, വന്‍ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ഒരുപോലെ ചെറുകിട വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

--കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.