രാഹുലിന് പിടികിട്ടാത്ത രാഷ്ട്രീയ സംസ്‌കാരം

Monday 10 June 2019 3:54 am IST

ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ മാറിയത് ഭരണം മാത്രമല്ല, രാഷ്ട്രീയ സംസ്‌കാരം കൂടിയാണ്. അത് മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ എതിര്‍ത്തവരും അനുകൂലിച്ചവരുമില്ല, ജനങ്ങള്‍ മാത്രമേയുള്ളു എന്ന വിശാലമായ കാഴ്ച്ചപ്പാടാണ് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുള്ളത്. അത് മറവില്ലാതെ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുമുണ്ട്. പക്ഷെ, ഭരണത്തെ രാഷ്ട്രീയ അടവായിമാത്രം കാണുന്ന പഴഞ്ചന്‍ സമീപനമാണ് പ്രതിപക്ഷങ്ങള്‍ ഇന്നും പുലര്‍ത്തിപ്പോരുന്നത്. 

ഈ വ്യത്യാസം കൃത്യമായി വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി ഗുരുവായൂരിലും രാഹുല്‍ഗാന്ധി വയനാട്ടിലും നടത്തിയ പ്രസംഗങ്ങള്‍. തെരഞ്ഞെടുപ്പില്‍ തങ്ങളെ എതിര്‍ത്തവരെയും ഒപ്പം നിര്‍ത്തി മുന്നോട്ടു പോകുമെന്നാണ് മോദി പറഞ്ഞത്. കേരളത്തില്‍നിന്ന് ഒരു സീറ്റും കിട്ടിയില്ലെങ്കിലും കേരളീയരോടൊപ്പം ഈ സര്‍ക്കാര്‍ ഉണ്ടാവും. തെരഞ്ഞെടുപ്പുകാലത്തും അല്ലാത്ത കാലത്തും രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രനന്മ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നും മോദി ഓര്‍മ്മിപ്പിച്ചു. കക്ഷി, പ്രാദേശിക, ജാതി, മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമായി പ്രവര്‍ത്തിക്കാനാണ് മോദി എംപിമാരോട് പറഞ്ഞത്.

അതേസമയം, മോദിയെയും കേന്ദ്രസര്‍ക്കാരിനെയും അടച്ച് ആക്ഷേപിക്കുന്ന രാഷ്ട്രീയപ്രസംഗമാണ് രാഹുല്‍ നടത്തിയത്. വിഷലിപ്തമായ പ്രചാരണത്തിലൂടെ പകയും വിദ്വേഷവും വിതറിയാണ് മോദി അധികാരം പിടിച്ചതെന്നും മോദിയോടൊപ്പം സത്യമില്ലെന്നുമായിരുന്നു വിമര്‍ശനം. രണ്ടുപേരുടെയും നിലവാരത്തിന്റെ വ്യത്യാസം തിരിച്ചറിയാനുള്ള മാനസിക പക്വത ഇന്ത്യന്‍ ജനത ആര്‍ജ്ജിച്ചുകഴിഞ്ഞു. അത് രാഹുലും കോണ്‍ഗ്രസ്സും മനസ്സിലാക്കിയിട്ടില്ല. കേവലം പ്രസംഗങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ നടപ്പാക്കി, നേരിട്ടുള്ള സംവാദത്തിലൂടെ അത് ജനങ്ങളെ മനസ്സിലാക്കി പരസ്പരവിശ്വാസത്തോടെ മുന്നോട്ടുപോകുന്ന ഈ സര്‍ക്കാര്‍ സംവിധാനം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ആ ട്രാക്കിലേക്ക് അവര്‍ വരാന്‍ ഇനിയും ഏറെ സമയമെടുക്കും. ആരും ശ്രദ്ധിക്കാത്ത താഴെത്തട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്കാണ് ബിജെപി സര്‍ക്കാര്‍ ഇറങ്ങി ചെന്നത്. ഉപരിപ്ലവമായ പ്രസംഗങ്ങളിലൂടെ അവരുടെ വിശ്വാസത്തെ തകിടം മറിക്കാനാവില്ല.

രാജ്യാന്തര പ്രശ്‌നങ്ങളും വന്‍ വികസനപദ്ധതികളും ഒരുവശത്തും, തീര്‍ത്തും പാവപ്പെട്ടവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മറുവശത്തുമായി ഒരേസമയം ഒരേപോലെ കൈകാര്യം ചെയ്യുമ്പോഴാണ് യഥാര്‍ഥ ഭരണാധികാരി രൂപം കൊള്ളുന്നത്. മോദി ചെയ്യുന്നത് അതാണ്. മന്‍ കീ ബാത്ത് എന്ന റേഡിയോ പരിപാടി, ഭരണകര്‍ത്താവും സാധാരണക്കാരനും തമ്മിലുള്ള അകലം കുറച്ചു.

പ്രധാനമന്ത്രിയെ തങ്ങള്‍ക്കിടയിലുള്ള ഒരാളായി  ഏതൊരു ഇന്ത്യക്കാരനും കാണാനാവുന്ന വിധം അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മോദിക്ക് കഴിഞ്ഞിരിക്കുന്നു. ആ പരസ്പരവിശ്വാസത്തെ, റോഡ്‌ഷോ കൊണ്ടും റാലികള്‍കൊണ്ടും മൈതാന പ്രസംഗങ്ങള്‍കൊണ്ടും തകര്‍ക്കാനാവില്ല. ശരിയായ ഭരണമെന്താണെന്ന് ജനം കണ്ടുകഴിഞ്ഞു.

ഭാരതത്തെ ഒന്നായും മാതൃഭാവത്തിലും കാണുന്നവര്‍ക്കേ ഇത്തരം ആശയങ്ങള്‍ വഴങ്ങുകയുള്ളു. ഭാരതീയരെ ന്യൂനപക്ഷമായും ഭൂരിപക്ഷമായും വോട്ടുബാങ്കായും മാത്രം കാണുന്നവര്‍ക്ക് അതിനുള്ള മാനസിക വികാസമുണ്ടാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.