കാലത്തെ അതിജീവിച്ചിട്ടും ചുമടുതാങ്ങികള്‍ നാശത്തിലേക്ക്

Monday 10 June 2019 3:34 pm IST

കാട്ടാക്കട: പാതയോരത്ത് തലയുയര്‍ത്തി നിന്ന ചുമടുതാങ്ങികള്‍ പോയകാലത്തിന്റെ കാഴ്ചയായിരുന്നു. കാല്‍നടയായി വരുന്നവര്‍ക്ക് ചുമട് ഇറക്കി വയ്ക്കാനുള്ള അത്താണി. കാലത്തെ അതിജീവിച്ചിട്ടും അത്തരം ചുമടുതാങ്ങികള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. മിക്കതും നിലംപതിച്ചു. ചിലത് അപഹരിക്കപ്പെട്ടു. 

രാജവാഴ്ച കാലത്താണ് ഇത്തരം ചുമടുതാങ്ങികള്‍ വന്നത്. അന്ന് കാല്‍നടയാത്രയാണ് ശരണം. കുതിരവണ്ടിയും കാളവണ്ടിയും സമ്പന്നര്‍ക്കും കൊട്ടാരവാഴ്ചക്കാര്‍ക്കും മാത്രമായിരുന്ന കാലം. കര്‍ഷകരും മറ്റുള്ളവരും കാല്‍നടയായിട്ടാണ് പലേടത്തും എത്തുന്നത്. രാജഭരണകാലത്ത് രാജപാത ഉണ്ടായിരുന്നു. ആ റോഡിലാണ് ഇത്തരം ചുമടുതാങ്ങികള്‍ വന്നത്. 

കാട്ടാക്കട ചൂണ്ടുപലക, മലയിന്‍കീഴ്, മങ്കാട്ടുകടവ്, തിരുമല, അരയല്ലൂര്‍, പൂജപ്പുര എന്നിവിടങ്ങളിലൊക്കെ ചുമടുതാങ്ങികള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ചയായിരുന്നു. ഇന്നതെല്ലാം തച്ചുടയ്ക്കപ്പെട്ടു. കച്ചവടക്കാര്‍ തലചുമടായി കൊണ്ടുവരുന്ന സാധനങ്ങള്‍ പരസഹായം ഇല്ലാതെ ഇറക്കിവയ്ക്കാന്‍ ചുമടുതാങ്ങികളും രാത്രികാല വിശ്രമത്തിനു സമീപത്തെ വഴിയമ്പലങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. വഴിയമ്പലങ്ങള്‍ പലരും കൈയടക്കി തങ്ങളുടേതാക്കി. വഴിയമ്പലങ്ങള്‍ ഇല്ലാതായിട്ടും അടുത്തകാലംവരെ ചുമടുതാങ്ങികള്‍ നിലകൊണ്ടു. ഇന്നതും ഓര്‍മയായി. 

ചുമടുതാങ്ങികളെ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് ചില നടപടികള്‍ എടുത്തു. എന്നാല്‍ അത് ഫയലില്‍ ഒതുങ്ങി. വരും തലമുറയ്ക്ക് ഇത്തരം കാഴ്ചകള്‍ കാണാനുള്ള സംവിധാനം ഒരുക്കണമെന്ന പഴമക്കാരുടെ ആവശ്യം അധികൃതര്‍ കേട്ടതായി ഭാവിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ശിവാ കൈലാസ് ചുമടുതാങ്ങി പുരാവസ്തു പഴമ അത്താണി