കത്വ : മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

Monday 10 June 2019 5:12 pm IST

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച്  കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. സാഞ്ജി റാം, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഞ്ചാബിലെ പത്താന്‍കോട്ട് പ്രത്യേക കോടതി ജീവപര്യന്തം വിധിച്ചത്. തെളിവുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയ പോലീസുകാരായ സുരേന്ദര്‍ വര്‍മ, തിലക് രാജ്, ആനന്ദ് ദത്ത എന്നിവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും ജഡ്ജി തേജ്‌വീന്ദര്‍ സിങ് വിധിച്ചിട്ടുണ്ട്. ആകെയുള്ള എട്ടു പ്രതികളില്‍ ഒരാളായ സാഞ്ജിറാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. മറ്റൊരാളെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിചാരണയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. 2018 ജനുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാടോടി കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നാല് ദിവസത്തോളം മയക്കിക്കിടത്തി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് വിചാരണ ജമ്മുവിന് പുറത്തേക്ക് മാറ്റിയത്. പത്താന്‍കോട്ടിലെ അതിവേഗ കോടതിയില്‍ രഹസ്യ വിചാരണയാണ് നടന്നത്. 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്ട്രീയലക്ഷ്യത്തോടെ കേസില്‍പ്പെടുത്തിയെന്നാണ് പ്രതികള്‍ വാദിച്ചത്.  

കത്വയിലെ ദാരുണ സംഭവത്തെ മുതലെടുത്ത് രാജ്യമാകെ 'ഇസ്ലാമോ ലെഫ്റ്റിസ്റ്റുകള്‍' വ്യാപക ഹിന്ദു വിരുദ്ധ പ്രചാരണമാണ് നടത്തിയത്. മുസ്ലിങ്ങളെ അടിച്ചോടിക്കാന്‍ ഹിന്ദുക്കള്‍ ആസൂത്രണം ചെയ്തതാണ് പീഡനവും കൊലപാതകവുമെന്ന് പ്രചരിപ്പിച്ച് അവര്‍ വിദ്വേഷം പടര്‍ത്തി. കേരളത്തില്‍ മുസ്ലിം തീവ്രവാദികള്‍ നടത്തിയ 'വാട്‌സ്ആപ്' ഹര്‍ത്താലില്‍ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. പോലീസ് നിരപരാധികളെ കുടുക്കുന്നതിനെതിരെ ജമ്മുവിലെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു, സിബിഐ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ഹിന്ദുക്കള്‍ തെരുവില്‍ ഇറങ്ങിയെന്നാക്കി പ്രചരിപ്പിക്കുകയായിരുന്നു ഇടത്-മുസ്ലിം സംഘടനകള്‍.

പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി സ്വയം രംഗത്തുവന്ന അഭിഭാഷക ദീപിക രജാവത്തിനെ മനുഷ്യാവകാശ പോരാട്ടത്തിന്റെ ബിംബമായി അവര്‍  ആഘോഷിച്ചു.  മനോരമ ചാനലിന്റെ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ദീപിക. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള രാജ്യവിരുദ്ധ സംഘടനകളുമായി വേദി പങ്കിട്ട് ഹിന്ദു വിരുദ്ധ പ്രഭാഷണം നടത്തിയ ദീപിക നിരവധി അവാര്‍ഡുകളും സംഘടിപ്പിച്ചു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇവരുടെ യഥാര്‍ഥ മുഖം പുറത്തുവന്നു. ദീപിക കോടതിയില്‍ ഹാജരാകുന്നില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ അപേക്ഷ നല്‍കി. സമരത്തിന് നേതൃത്വം നല്‍കിയിരുന്ന താലിബ് ഹുസൈന്‍ എന്നയാള്‍ പിന്നീട് പീഡന കേസില്‍ റിമാന്‍ഡിലാവുകയും ചെയ്തു. പണവും പ്രശസ്തിയും വിദ്വേഷ പ്രചാരണവുമായിരുന്നു കത്വയില്‍ 'നീതിക്ക് വേണ്ടി പൊരുതിയവരുടെ' ലക്ഷ്യമെന്ന് വ്യക്തമായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.