മോദി വീണ്ടും അധികാരത്തില്‍ എത്തിയതോടെ ബാലക്കോട്ട് മോഡല്‍ ആക്രമണം ഭയന്ന് പാക്കിസ്ഥാന്‍; അതിര്‍ത്തിക്കപ്പുറത്തെ 'മുഹമ്മദിന്റെ പോരാളികള്‍' ഉള്‍പ്പെടെയുള്ളവരുടെ ക്യാമ്പുകള്‍ അടച്ചുപൂട്ടി

Monday 10 June 2019 6:04 pm IST

ന്യൂദല്‍ഹി:  ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ബാലക്കോട്ട് മാതൃകയില്‍ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാന് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് ഭീകരക്യാമ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് അധീന കാശ്മീരിലെ മുസാഫറാബാദിലും കോട്ലിയിലും അഞ്ച് വീതം ഭീകര ക്യാംപുകളുണ്ടെന്ന് ഇന്ത്യ തെളിവ് പുറത്ത് വിട്ടിരുന്നു. ഇതിന് പുറമെ ബര്‍ണലയിലെ ഒരു ഭീകര ക്യാംപിനെ കുറിച്ചും ഇന്ത്യ തെളിവ് പുറത്തുവിട്ടു. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ഏറി. ഈ പശ്ചാത്തലത്തിലാണ് പാക് അധീന കാശ്മീരിലെ നിലവിലെ 11 ഭീകരവാദ ക്യാംപുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്.

ഇന്ത്യയിലെ സുന്ദര്‍ബാനി, രജൗരി മേഖലകള്‍ക്ക് സമാന്തരമായി ലഷ്‌ക ഇ തോയ്ബ സ്ഥാപിച്ച ഭീകര ക്യാംപുകളെല്ലാം അടച്ചു. ജയ്‌ഷെ മുഹമ്മജ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവരുടെ ക്യാംപുകളും അടച്ചുപൂട്ടിയവയിലുണ്ട്. അതേസമയം അതിര്‍ത്തിയില്‍ ഇരു രാഷ്ട്രങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ നിരന്തരം ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കുറയ്ക്കണം എന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഏഷ്യ പസഫിക് സാമ്പത്തിക ദൗത്യ സേന. ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ എട്ട് ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് പാക്കിസ്ഥാനെ 2018 ജൂണില്‍ സാമ്പത്തിക ദൗത്യ സേന ഗ്രേ ലിസ്റ്റില്‍ (ചാരപ്പട്ടികയില്‍) ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുന്നതില്‍ പാക്കിസ്ഥാന്‍ പൂര്‍ണമായി പരാജയപ്പെട്ടു എന്ന് കണ്ടെത്തിയതിനാലാണ് രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തിയേക്കും എന്ന് ദൗത്യ സേന റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

അല്‍ഖ്വയ്ദ, ജമാഅത്ത് ഉദ്ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത്, ജെയ്‌ഷെ മുഹമ്മദ്, ഹഖാനി എന്നിവയുള്‍പ്പെട്ട ഭീകര ശൃംഖലയ്ക്കും താലിബാന്‍ ബന്ധമുള്ളവര്‍ക്കുമെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ എപിജി റിപ്പോര്‍ട്ട് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.സപ്തംബറില്‍ എപിജി അന്തിമ തീരുമാനമെടുക്കും മുന്‍പ് പാക്കിസ്ഥാന്‍ തങ്ങള്‍ക്ക് കഴിയുന്ന നടപടികളെടുക്കണം.

സാമ്പത്തിക ദൗത്യസേനയുടെ ഇതുവരെയുള്ള നിര്‍ദേശങ്ങളെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് കഴിഞ്ഞ മാസം ഗ്വാങ്ഷുവില്‍ നടന്ന എപിജി സംയുക്ത യോഗത്തില്‍ പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഇത് വിലയിരുത്തിയാണ് ദൗത്യസേന കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ത്യയുടെ രഹസ്യ സാമ്പത്തികകാര്യ വിഭാഗം പ്രതിനിധി കൂടി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. 

ജൂണ്‍ 16 മുതല്‍ 21 വരെ ഓര്‍ലാന്‍ഡോയില്‍ നടക്കുന്ന ഏഷ്യ പസഫിക് ഗ്രൂപ്പിന്റെ സംയുക്ത യോഗത്തില്‍ പാക്കിസ്ഥാന്‍ സമര്‍പ്പിക്കുന്ന വിശദീകരണത്തിന്റെയും അവര്‍ക്കു ലഭിക്കുന്ന വോട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണോ, അതോ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണോ എന്നതില്‍ അന്തിമ തീരുമാനമാകൂ.ആകെയുള്ള 36 അംഗങ്ങളില്‍ 15 പേരുടെ വോട്ട് ലഭിച്ചാല്‍ മാത്രമേ ഗ്രേ ലിസ്റ്റില്‍ നിന്ന് പാക്കിസ്ഥാന് പുറത്ത് വരാന്‍ കഴിയൂ. 

പട്ടികയില്‍ തുടര്‍ന്നാല്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൂടാതെ, ഐഎംഎഫിനോട് ആവശ്യപ്പെട്ടിട്ടുള്ള 6 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായവും പാക്കിസ്ഥാന് ലഭിക്കില്ല. അമേരിക്ക, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പാക്കിസ്ഥാനെ േ്രഗ ലിസ്റ്റില്‍ പെടുത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.