രാഹുലിന് അറിയുമോ പഴശ്ശിയുടെ മഹിമ !

Tuesday 11 June 2019 3:07 am IST
വയനാട് പര്യടനത്തില്‍ രാഹുല്‍ ഗാന്ധി പഴശ്ശിരാജയെ മറന്നു

മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിന് വയനാട്ടിലെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശന പരിപാടിയില്‍നിന്ന് വീരപഴശ്ശിയുടെ കുടീരം ഒഴിവാക്കി. ദേശസ്‌നേഹികള്‍ക്കു വിചിത്രമായി തോന്നാവുന്ന ഈ തീരുമാനത്തിനു പിന്നില്‍ മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദമാണെന്നു മനസ്സിലാക്കാന്‍ അധികം തലപുകയ്‌ക്കേണ്ടതില്ല. ടിപ്പുസുല്‍ത്താനെതിരെ യുദ്ധം ചെയ്തു എന്നതാണ് കേരളസിംഹം പഴശ്ശിരാജാവിനെ, വയനാട് എംപിയായ രാഹുല്‍ഗാന്ധി അവഗണിക്കാന്‍ കാരണം. നാടിന്റെ അഭിമാനത്തിനായി പോരാടിയ പഴശ്ശിയെ അവര്‍ക്കു വിലയില്ല. വോട്ട് ബാങ്ക് ടിപ്പുവിന്റെ പക്ഷത്താണല്ലോ. 

 1784ല്‍ ഹൈദര്‍ അലി മരിച്ചശേഷം മകന്‍ ടിപ്പു മൈസൂര്‍ രാജാവായി. മലബാറിലെ കോട്ടയത്തിനു പുതിയ ഭീഷണിയായിട്ടായിരുന്നു ടിപ്പുവിന്റെ രംഗപ്രവേശം. കൊള്ളയും നിര്‍ബന്ധിത മതപരിവര്‍ത്തനവും പതിവാക്കിയ ടിപ്പു, കോട്ടയം രാജ്യം മൈസൂര്‍ മേല്‍ക്കോയ്മ അംഗീകരിക്കണമെന്നും വാര്‍ഷികകപ്പം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഭാരിച്ച തുകതന്നെ കപ്പമായി നിശ്ചയിച്ചു. എന്നിട്ടും അതു കൊടുക്കാമെന്ന് കോട്ടയം രാജാവ് രവിവര്‍മ സമ്മതിക്കുകയും ചെയ്തു. ഈ തീരുമാനം കടുത്ത പ്രതിഷേധം നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി. ടിപ്പു ആവശ്യപ്പെട്ട കപ്പം കൊടുക്കണമെങ്കില്‍ ജനത്തിന്നുമേല്‍ വന്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കേണ്ടിവരും. അതിനാല്‍ അതിനെ എതിര്‍ത്ത പഴശ്ശി, കപ്പം പിരിക്കാന്‍ വരുന്ന മൈസൂര്‍ പടയെ ആയുധം കൊണ്ട് നേരിടാന്‍ ജനത്തെ ആഹ്വാനം ചെയ്തു.

 ഇതോടെ 1785ല്‍ മൈസൂര്‍ സര്‍ക്കാരിന്റെ നികുതിനയം മലബാറില്‍ ഉടനീളം കലാപത്തിനു കാരണമായി. പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ കോട്ടയത്തുടനീളം കലാപവും ഒളിപ്പോരും പൊട്ടിപ്പുറപ്പെട്ടു. കലാപം അടിച്ചമര്‍ത്താന്‍ ടിപ്പു സേനയെ അയച്ചെങ്കിലും കോട്ടയം പടയ്ക്ക്‌മേല്‍ വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കോട്ടയം രാജാവ് രവിവര്‍മയുടെ തുടരെയുള്ള അബദ്ധം സ്ഥിതി കൂടുതല്‍ വഷളാക്കി. 1787ലും 1788ലും വയനാട്ടില്‍ ഉടനീളം കോട്ടയംപട ഗറില്ലാപ്പോര് ആരംഭിച്ചു. 1788 അവസാനത്തില്‍ ടിപ്പു സുല്‍ത്താന്‍ നേരിട്ട് മലബാറിലേക്ക് വന്നു. ടിപ്പുവിന്റെ മതഭ്രാന്തും, ക്ഷേത്രകവര്‍ച്ചയും വാള്‍ ഉപയോഗിച്ചുള്ള വ്യാപക നിര്‍ബന്ധിത മതപരിവര്‍ത്തനവും മലബാറിനെ വന്‍ കലാപഭൂമിയാക്കി. തുടര്‍ന്ന് 1789ല്‍ പടയോട്ടം ഭയന്ന് മലബാറിലെ പല രാജാക്കന്മാരും തിരുവിതാംകൂറിലേക്ക് പലായനം ചെയ്തപ്പോഴും പഴശ്ശി, നാനാജാതി മതസ്ഥരെയും വര്‍ഗ്ഗങ്ങളെയും ഉള്‍പ്പെടുത്തി മൈസൂര്‍ പടയ്‌ക്കെതിരെ നിരന്തരം ചെറുത്തുനില്‍പ്പ് നടത്തി.

1789ല്‍ ടിപ്പു കോട്ടയം ആക്രമാണനാന്തരം പഴശ്ശിരാജാവ് രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു. പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ കോട്ടയം പട മൈസൂര്‍ പടയുമായി നിരന്തരം ഒളിപ്പോരില്‍ ഏര്‍പ്പെട്ടു. മൈസൂര്‍ പടയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്നു. ഒടുവില്‍ ടിപ്പു, സേനാനേതൃത്വം പടനായകന്മാരെ ഏല്‍പിച്ചു ശ്രീരംഗത്തേക്ക് തിരിച്ചുപോയി. ഈ ചരിത്രസംഭവങ്ങളില്‍ അഭിമാനം കൊള്ളുന്നവരും അല്ലാത്തവരും തമ്മിലാണ് ഭാരതത്തിലെ ഇന്നത്തെ പോരാട്ടം. 

ടിപ്പുവിനെ മഹത്വവല്‍ക്കരിക്കുന്ന മുസ്ലീം തീവ്രവാദികളെയും ഇടത് വിഘടനവാദികളെയും നോക്കു കൊണ്ടുപോലും നോവിക്കരുത് എന്നത് രാഹുലിന്റെ പാര്‍ട്ടി നയമാണ്. ലക്ഷക്കണക്കിന് ഹിന്ദുവനെയും ക്രിസ്ത്യാനിയെയും മതത്തിന്റെ പേരില്‍ കൊന്നൊടുക്കിയ ടിപ്പുവിന്റെ ജയന്തി ആഘോഷിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ആണ് ഈ കാര്യത്തില്‍  രാഹുലിന്റെയും മുസ്ലിംലീഗിന്റെയും ശരി. 

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ ആദ്യത്തെ കേരളീയനാണ് കേരളസിംഹം പഴശ്ശി രാജ. കേരളക്കരയ്ക്ക് അതറിയാം. ആ പഴശ്ശിത്തമ്പുരാന്റെ പിന്‍തുടര്‍ച്ചക്കാര്‍ ഇന്നും അവിടെയുണ്ടന്ന് രാഹുലിനെ കാലം ഓര്‍മ്മിപ്പിക്കട്ടെ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.