ക്രിക്കറ്റിലെ യുവരാജ് എന്ന മഹാരാജ്

Tuesday 11 June 2019 3:27 am IST
യുവരാജ് സിങ് കളമൊഴിയുമ്പോള്‍...

യുവരാജ് സിങ് കളി നര്‍ത്തി! മാലപ്പടക്കം കത്തിയമര്‍ന്ന പ്രതീതി. ക്രിക്കറ്റ്  മൈതാനങ്ങളെ കിടിലംകൊള്ളിച്ച വെടിക്കെട്ട് ബാറ്റ്‌സമാനും ആ ബാറ്റിനും ഇനി വിശ്രമം. 

സമാനതകളില്ലാത്ത നേട്ടങ്ങളെ തൊട്ടുതഴുകി, ഒരു തലമുറയെ പോരാട്ടവീര്യത്തിലൂടെ തന്നിലേക്കടുപ്പിച്ച താരം. കളിക്കളത്തിനകത്തും പുറത്തും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീരനായകന്‍. മനക്കരുത്തിന്റെ ആള്‍രൂപം. പത്തൊമ്പത് വര്‍ഷത്തെ കളിജീവിതത്തിന് വിരാമം കുറിക്കുമ്പോള്‍ അദ്ദേഹത്തെ വര്‍ണ്ണിക്കാന്‍ ചരിത്രം മാത്രം ബാക്കി.  റെക്കോര്‍ഡുകൂമ്പാരങ്ങളുടെ അകമ്പടിയല്ല പോരാട്ട വീര്യത്തിന്റെയും വിജയതൃഷ്ണയുടേയും തീപ്പൊരികളാണ് യുവരാജിന്റെ കരിയറിനു നിറക്കൂട്ടാകുന്നത്. 

ക്രിക്കറ്റ് ക്രീസില്‍ ബാറ്റുകൊണ്ടു നടത്തിയ പോരാട്ടം ജീവിതത്തില്‍ മനക്കരുത്തുകൊണ്ടു ആവര്‍ത്തിച്ച ചരിത്രമാണ് യുവിയുടേത്. മൂളിപ്പറന്നടുക്കുന്ന പന്തിനെ ബൗണ്ടറി കടത്തുന്ന അതേ ലാഘവത്തോടെയാണ് ക്യാന്‍സര്‍ എന്ന ആളെക്കൊല്ലിയെ പുഞ്ചിരിച്ചുകൊണ്ടു നേരിട്ടത്. ആ രോഗം പേടിപ്പെടുത്തിയ എത്രപേര്‍ക്ക് അത് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ടാകും! 

നേട്ടങ്ങളുടെ കഥകള്‍ വാരി വിതറുമ്പോഴും ഇതിനുമപ്പുറം എവിടെയൊക്കയോ  എത്തേണ്ടിയിരുന്നു ഈ പഞ്ചാബുകാരന്‍ എന്ന തോന്നല്‍ ബാക്കി നില്‍ക്കുന്നു.  2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിധി ഒരിക്കല്‍കൂടി മാറ്റിയെഴുതിയ വര്‍ഷം. രണ്ടാം ലോകകിരീടമെന്ന ഇന്ത്യയുടെ സ്വപ്‌നം, നായകന്‍ എം.എസ്. ധോണിയുടെ ബാറ്റില്‍നിന്ന് യാഥാര്‍ഥ്യമായപ്പോള്‍ മറുവശത്ത് ശക്തനായ പോരാളിയായി യുവരാജ് ഉറച്ചുനിന്നിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ അത്രപെട്ടെന്ന് മറക്കാത്ത ആ ലോകകപ്പ് വേട്ടയില്‍ യുവിയുടെ പങ്ക് ചെറുതല്ല. ലോകകപ്പില്‍ 362 റണ്‍സ് അടിച്ചുകൂട്ടിയ താരം പതിനഞ്ച് വിക്കറ്റുകളും സ്വന്തം പേരിലാക്കി. ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ക്യാന്‍സര്‍ എന്ന മാരകരോഗം അതിന്റെ പണിതുടങ്ങിക്കഴിഞ്ഞിരുന്നു. വേദനകളെ സിക്‌സറടിച്ച് അതിര്‍ത്തികടത്തി വീണ്ടും കളിക്കളത്തിലേക്ക് എത്തിയെങ്കിലും കരിയര്‍ അവസാന ഘട്ടത്തിലെത്തിയിരുന്നു. 

2000ല്‍ ഒക്ടോബര്‍ മൂന്നിന് കെനിയക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച യുവരാജ് 304 ഏകദിന മത്സരങ്ങളില്‍നിന്ന് 8701 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 40 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു.  1,900 റണ്‍സ് പേരിലാക്കി. ഫീല്‍ഡിങ്ങില്‍ അത്ര മികവില്ലാത്ത ഇന്ത്യയ്ക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ത്രീ ഡയമെന്‍ഷനായി യുവിയുടെ വരവ്. കൊതിപ്പിക്കുന്ന നേട്ടങ്ങള്‍ ഏറെയുണ്ട് ആ കരിയറില്‍. 2007 ട്വന്റി 20 ലോകകപ്പില്‍ വാശി പകരംവീട്ടലിന്റെ രൂപത്തില്‍ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ ദര്‍ബണില്‍ ഒരോവറില്‍ പിറന്ന ആറു സിക്‌സുകള്‍ ആരെയും കൊതിപ്പിക്കും.

ദക്ഷിണാഫ്രേിക്കയില്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവേര്‍ട്ട് ബ്രോഡിനെതിരെ പത്തൊമ്പതാം ഓവറില്‍ നടത്തിയ ആ വെടിക്കെട്ട് ചരിത്രത്തിലേക്ക് ചേക്കേറുകയായിരുന്നു. കരുത്തുറ്റ ബാറ്റിങ്ങിന്റെ മറ്റൊരു രൂപമായി യുവി മാറി. ലോകത്തെ ഏതു ബൗളറെയും അനായാസം തച്ചുതകര്‍ക്കുന്ന കാവലാള്‍. 2000ല്‍ ഓസ്‌ട്രേലിയക്കെതിരെ ഐസിസി നോക്ക് ഔട്ട് ട്രോഫിയില്‍ നേടിയ 84 റണ്‍സ് വരാനിരിക്കുന്ന പെരുമഴയുടെ തുടക്കമായിരുന്നു. രണ്ടാം മത്സരം മാത്രം കളിക്കാനിറങ്ങിയ യുവരാജ് ഗ്ലെന്‍ മഗ്‌രാ, ബ്രറ്റ് ലീ എന്നീ വമ്പന്മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കി. നേടിയത് 80 പന്തില്‍ 84 റണ്‍സ്. 2002ലെ നാറ്റ്‌വെസ്റ്റ് സീരീസും യുവിയുടെ കൈകരുത്ത് തിരിച്ചറിഞ്ഞു. 

ഐപിഎല്‍ ആദ്യ സീസണില്‍ പഞ്ചാബിന്റെ നായകസ്ഥാനം ഏറ്റെടുത്തു  ടീമിനെ മൂന്നാമതെത്തിച്ചു. പഞ്ചാബിന് പുറമെ പൂനെ വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളിലും സാന്നിധ്യമായി.

'ക്രിക്കറ്റ് എനിക്ക് എല്ലാം തന്നു. ജീവിക്കാനുള്ള  സമയമാണ് ഇനി. ജീവിക്കണം'. യുവരാജിന്റെ വാക്കുകളെ വിശ്വസിക്കാം. അദ്ദേഹം ജീവിക്കട്ടെ, വീരനായകനായിത്തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.