സിനിമാ ടിക്കറ്റ്: കേന്ദ്രം കുറച്ചിട്ടും കേരളം നിരക്ക് കൂട്ടി

Tuesday 11 June 2019 3:35 am IST

മാവേലിക്കര: സിനിമാശാലകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായകരമായ നിലപാട് സ്വീകരിച്ചിട്ടും കേരളത്തിന്റെ ഇരുട്ടടി. ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചാണ് കേന്ദ്രം സിനിമാശാലകള്‍ക്കും പ്രേക്ഷകര്‍ക്കും അനുകൂലമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി ചേര്‍ക്കുകയാണ് തദ്ദേശഭരണവകുപ്പ് ചെയ്തത്. ഇതിലൂടെ സിനിമ കാണുന്നവര്‍ക്ക് ലഭിക്കുമായിരുന്ന ആനൂകൂല്യവും ഇല്ലാതായി. ഇന്നലെയാണ് തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 63/2019 നമ്പരായാണ് ഉത്തരവ് ഇറങ്ങിയത്. 

ചരക്കുസേവനനികുതിനിയമം നിലവില്‍ വന്ന സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കിവന്ന വിനോദനികുതി 2017 ജൂലൈ ഒന്നുമുതല്‍ ഒഴിവാക്കി ഉത്തരവായതാണ്. എന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിനോദനികുതി പിരിക്കാന്‍ അധികാരം നല്‍കുന്ന 1961ലെ കേരള ലോക്കല്‍ അതോറിട്ടീസ് എന്റര്‍ടെയ്ന്‍മെന്റ് ടാക്സ് ആന്‍ഡ് സെക്ഷന്‍ 3 അസാധുവാക്കിയിരുന്നില്ല.

സിനിമാടിക്കറ്റില്‍ ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് ഇരുപത്തെട്ടില്‍നിന്ന് പതിനെട്ടിലേക്ക് കുറച്ച സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനനഷ്ടം കുറയ്ക്കുന്നതിനാണ് സിനിമ ടിക്കറ്റിന്മേല്‍ 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള വ്യവസ്ഥകള്‍ 2019ലെ കേരള ധനകാര്യബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1961ലെ ആക്ടില്‍ ഭേദഗതി വരുത്തിയും ടിക്കറ്റിന്മേല്‍ 10 ശതമാനം വിനോദനികുതി പിരിക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.