ന്യൂനമര്‍ദം മഴയുടെ അളവ് കുറയ്ക്കും, പിന്നീട് കൂടും

Tuesday 11 June 2019 7:50 am IST

ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതിന് പിന്നാലെയുണ്ടായ ന്യൂനമര്‍ദം സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ അളവ് കുറയ്ക്കുമെന്ന് ആശങ്ക. നിലവില്‍ മഴ ശക്തമാകാന്‍ കാരണം ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണെങ്കിലും ഇത് ചുഴലിക്കാറ്റാകുന്നതോടെ മഴ കുറയും. എന്നാല്‍, ഈ മാസം 22 ഓടെ മഴ വീണ്ടും പഴയ നിലയില്‍ ലഭിച്ച് തുടുങ്ങുമെന്നാണ് നിഗമനം. വേനല്‍ മഴയുടെ കുറവിന് പിന്നാലെ കാലവര്‍ഷം ആദ്യ മാസത്തില്‍ കുറയുന്നത് കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്നതിനൊപ്പം കുടിവെള്ള ക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിക്കും ഇടയാക്കാം. 

മെയ് മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഫോനി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം പതിവിലും ഏറെ വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. സാധാരണയായി ജൂണ്‍ മൂന്നിന് മുമ്പായി എത്തേണ്ടിയിരുന്ന കാലവര്‍ഷം കൃത്യസമയത്ത് ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെത്തിയെങ്കിലും അവിടുന്ന് മുകളിലേക്ക് എത്താന്‍ ഏറെ വൈകുകയായിരുന്നു.

എല്‍നിനോ പ്രതിഭാസവും അറബിക്കടലിലെ മര്‍ദവ്യതിയാനവുമാണ് തടസമായത്. എട്ടിന് രാത്രിയോടെയാണ് കാലവര്‍ഷം കേരളതീരത്ത് എത്തിയത്. ഇതിനൊപ്പം തന്നെ അറബിക്കടലില്‍ ന്യൂനമര്‍ദവും രൂപമെടുത്തു. ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് വായു എന്ന ചുഴലിക്കാറ്റാകുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം നല്‍കുന്ന വിവരം. ഇതിനൊപ്പം കേരളത്തിലെ മഴ കുറയുകയും കാറ്റ് ശക്തമാവുകയും ചെയ്യും. എന്നാല്‍ തീരപ്രദേശത്ത് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ന്യൂനമര്‍ദം സമീപപ്രദേശങ്ങളിലെ കാറ്റിനെ വലിച്ചെടുത്താണ് ശക്തി പ്രാപിക്കുന്നത്. ഇവ മാറി ദിവസങ്ങള്‍ക്ക് ശേഷമാകും വീണ്ടും മഴ ലഭിക്കുക. ചുഴലിക്കാറ്റ് ആദ്യം കേരളത്തെ ദോഷകരമായി ബാധിക്കുമെങ്കിലും മഴ മേഘങ്ങള്‍ കൂടുതല്‍ അടുക്കാന്‍ സഹായമാകും.   

കോഴിക്കോട് നിന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ 300 കി.മീ അകലെയാണ് ന്യൂനമര്‍ദത്തിന്റെ ഇപ്പോഴത്തെ സ്ഥാനം. ഇത് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങും. രണ്ട് ദിവത്തിനുള്ളില്‍ മുംബൈ തീരത്ത് വെച്ച് ചുഴലിക്കാറ്റാകുമെന്നാണ് നിഗമനം. ഇതിന്റെ സ്വാധീനം മൂലം മഴ കുറയുകയും ഒരാഴ്ചക്ക് ശേഷം വീണ്ടും മഴ ലഭിച്ച് തുടങ്ങുകയും ചെയ്യുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ കേരളവെതര്‍ ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ജൂണ്‍ അഞ്ച് വരെയുള്ള കാലവര്‍ഷ കണക്ക് പ്രകാരം മഴയില്‍ 70 ശതമാനം കുറവാണുള്ളത്. കഴിഞ്ഞ വേനലില്‍ 55 ശതമാനം മഴയും കുറഞ്ഞു. രണ്ട് ദിവസമായി തെക്കന്‍ കേരളത്തില്‍ മഴ ശക്തമായെങ്കിലും ഇന്നലെ അല്‍പം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം വടക്കന്‍ കേരളത്തില്‍ ഇന്നലെ മികച്ച മഴ ലഭിച്ചു. കഴിഞ്ഞ കാലവര്‍ഷത്തില്‍ 251 സെ.മീ. മഴയാണ് സംസ്ഥാനത്ത് ശരാശരി ലഭിച്ചത്, 23 ശതമാനം കൂടുതല്‍. പിന്നീടെത്തിയ തുലാവര്‍ഷത്തില്‍ 46.5 സെ.മീ. മഴയും ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.