ജീവനും പരമാത്മാവും ഒന്ന്

Tuesday 11 June 2019 4:30 am IST

വാക്യാന്വയാധികരണം തുടരുന്നു.

സൂത്രം  പ്രതിജ്ഞാസിദ്ധേര്‍ലിംഗമാശ്മരഥ്യ:

(പ്രതിജ്ഞാ സിദ്ധേ: ലിംഗം ആശ്മരഥ്യ:)

പ്രതിജ്ഞ നിറവേറ്റുന്നതിന്നുള്ള അടയാളമായാണ് പ്രിയവും കര്‍മ്മവും പറഞ്ഞിട്ടുള്ളതെന്ന് ആശ്മരഥ്യന്‍ എന്ന ആചാര്യന്‍ പറയുന്നു.

ജീവാത്മാവിന്റെയും മുഖ്യ പ്രാണന്റെയും ലക്ഷണത്തെ വര്‍ണിച്ചിരിക്കുന്നത് ജഗത് കാരണത്വത്തെ കാണിക്കാ നാണ്.അങ്ങിനെയാകുമ്പോഴേ നേരത്തെ നടത്തിയ പ്രതിജ്ഞ വേണ്ടപോലെയാകൂവെന്നാണ് ആശ്മരഥ്യന്‍ പ്രഖ്യാപിക്കുന്നത്.

യാജ്ഞവല്‍ക്യന്റെ വാക്കിനെ സാധൂകരിക്കാന്‍ വിജ്ഞാനാത്മാവും ജീവനും പരമാത്മാവില്‍ നിന്ന് വേറെയില്ല എന്ന് ആശ്മരഥ്യന്‍ എന്ന ആചാര്യന്‍ പറയുന്നു. ഇവ രണ്ടിനും പരമാത്മാവുമായി അഭേദമായ ബന്ധമുണ്ട്. പരമാത്മാവിനെ അറിഞ്ഞാല്‍ അതെല്ലാം അറിഞ്ഞതായി തീരുമെന്ന് ആശ്മരഥ്യന്‍ പറയുന്നു.

പ്രിയവും അപ്രിയവും പറഞ്ഞിട്ടുള്ളതിനാന്‍ വിജ്ഞാനാത്മാവ് എന്നും ധര്‍മ്മ ,അധര്‍മ്മ ലക്ഷണമായ കര്‍മ്മം ഉള്ളതിനാല്‍ ജീവനെന്നും പൂര്‍വ്വ പക്ഷം പറയുന്നുണ്ട്.ഇത് അടയാളമാണെന്ന് ആശ്മരഥ്യന്‍ പറയുന്നു. 

'ബ്രഹ്മണി വിജ്ഞാതേ സര്‍വമിദം വിജ്ഞാതം ഭവതി' ബ്രഹ്മത്തെ അറിഞ്ഞാല്‍ ഇതെല്ലാം അറിയാം എന്നും 'ഇദം സര്‍വം യദയമാത്മാ' ഇതെല്ലാം ആത്മാവ് തന്നെയാണ് എന്നും യാജ്ഞവല്‍ക്യന്‍ പ്രതിജ്ഞ ചെയ്യുന്നതിനെ ആശ്മരഥ്യന്‍ പിന്തുണയ്ക്കുന്നു ഈ പ്രഖ്യാപനത്തില്‍.

നിനക്ക് ബ്രഹ്മത്തെ പറഞ്ഞു തരാം എന്ന് അജാതശത്രുവിനോടുള്ള യാജ്ഞവല്‍ക്യന്റെ പ്രതിജ്ഞവേണ്ടപോലെയാകണമെങ്കില്‍ ജീവനെക്കുറിച്ചും മറ്റും പറഞ്ഞേ മതിയാവൂ. ഇങ്ങനെ പറഞ്ഞാണ് ജഗത് കാരണം ബ്രഹ്മം തന്നെയെന്ന് സമര്‍ത്ഥിക്കുന്നത്.

 

സൂത്രം  ഉത്ക്രമിഷ്യത ഏവം ഭാവാദിത്യൗഡുലോമി: 

 

(ഉത്ക്രമിഷ്യത ഏവം ഭാവാത് ഔഡുലോമി:)

ഈ ദേഹം വിട്ടു പോകുന്നവന് ഏകമായ ബ്രഹ്മഭാവം ഉണ്ടാകുന്നതിനാല്‍ ജീവനെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നതെന്ന് ഔഡുലോമി എന്ന ആചാര്യന്‍ പറയുന്നു. ബ്രഹ്മത്തിന്റെ ജഗത് കാരണത്തെ പറയാന്‍ വേണ്ടി മാത്രമാണ് ജീവനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ശരീരം വിട്ട് ജീവന്‍ ബ്രഹ്മത്തില്‍ ലയിക്കുന്നുവെന്നത് മറ്റ് കളിലുമുണ്ട്.

ജീവന്‍ വാസ്തവത്തില്‍ പരമാത്മാവില്‍ നിന്ന് അന്യനല്ല, പരമാത്മാവിനെ അറിയുമ്പോള്‍ ജീവനെപ്പറ്റിയും അറിയാനാകുമെന്നാണ്  ഔഡുലോമിയും പറയുന്നത്.

ജീവന്‍ ജഗത് കാരണമെന്ന എന്ന പൂര്‍വപക്ഷ വാദത്തിന് സമാധാനമാണിത്. ഛാന്ദോഗ്യത്തില്‍ 'ഏഷ സംപ്രസാദോ/സ്മാച്ഛരീരാത് സമുത്ഥായ പരം ജ്യോതിരുപപദ്യ സ്വേന രൂപേണാഭിനിഷ്പദ്യതേ'  ജീവന്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോയി പരമ ജ്യോതിസ്സിനോട് ചേര്‍ന്ന് സ്വന്തം രൂപത്തെ പ്രാപിക്കുന്നു. അവിദ്യ, നാമം, രൂപം തുടങ്ങിയ ഉപാധികളാല്‍ അന്യനാണെന്ന് കരുതുന്ന ജീവനാണ് ശരീരത്തില്‍ നിന്ന് വിട്ട് ബ്രഹ്മത്തിലെത്തുന്നത്. ആത്മജ്ഞാനത്തെ നേടുമ്പോള്‍ സ്വസ്വരൂപത്തെയാണ് പ്രാപിക്കുന്നത്. ഇത് ജീവനും പരമാത്മാവും ഒന്നാണെന്ന് ഉറപ്പിക്കുന്നു.

സുഷുപ്തിയില്‍ ജീവന്‍ എല്ലാ കരണങ്ങളോടും കൂടി പരമാത്മാവില്‍ ലയിക്കും പോലെയാണ് ശരീരം വിട്ട് പോകുന്ന ബ്രഹ്മജ്ഞാനിയുടെ ജീവാത്മാവ് ബ്രഹ്മത്തില്‍ ചേരുന്നത്. സമ്പൂര്‍ണ ജഗത്കരണം ബ്രഹ്മത്തിലാണെന്ന് ഇതിലൂടെ മനസ്സിലാക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.