ക്ഷേത്രപാലകന്‍

Tuesday 11 June 2019 3:09 am IST

വൈദിക ക്ഷേത്രങ്ങളിലെ ക്ഷേത്രപാലകന്‍ സങ്കല്‍പത്തില്‍നിന്ന് വ്യത്യസ്തമാണ് തെയ്യാട്ടത്തിലെ ക്ഷേത്രപാലകന്‍ (ക്ഷേത്രപാലന്‍). ഈ തെയ്യത്തിന്റെ ഉത്പത്തിപുരാവൃത്തം അതിന്റെ തോറ്റത്തിലുണ്ട്. മൂകാസുരന്റെ പുത്രനായ ദമുഖന്റെ ശല്യം കൈലാസത്തില്‍ വരെയെത്തി. കുപിതനായ പരമേശ്വരന്റെ തൃക്കണ്ണില്‍നിന്നും കാളരാത്രി എന്ന ദേവത ജന്മംകൊണ്ടു. കാളരാത്രി ദമുഖന്റെ ശിരസ്സറുത്തു. അസുരനിഗ്രഹം കഴിഞ്ഞിട്ടും കോപം ശമിക്കാത്ത കാളരാത്രിയുടെ കോപം ശമിപ്പിക്കാന്‍ പരമേശ്വരന്‍ കാളരാത്രിയുടെ മുന്നില്‍ മാദകവേഷത്തില്‍ നൃത്തം ചെയ്തു. കാളരാത്രി ശിവനെ പുണരുകയും ക്ഷേത്രപാലന്‍, വൈരജാതന്‍ എന്നിവര്‍ ജനിക്കുകയും ചെയ്തു എന്നാണ് കഥ. ക്ഷേത്രധ്വംസന്‍ എന്ന അസുരനെ ശിവന്റെ ആജ്ഞയനുസരിച്ച് വധിച്ചതിനാലാണ് ക്ഷേത്രപാലന് ആ പേര് കിട്ടിയതത്രെ.

ക്ഷേത്രപാലന്‍, വൈരജാതന്‍, വേട്ടക്കരുമകന്‍ എന്നീ മൂന്ന് ദൈവങ്ങളും ദുഷ്ടനിഗ്രഹം ചെയ്ത് ശിഷ്ടപരിപാലനത്തിന് ശിവാജ്ഞയനുസരിച്ച് പടയാളികളായി പുറപ്പെട്ടവരാണ്. വേട്ടക്കരുമകന്‍ കുറുമ്പ്രനാട്ടിലും വൈരജാതന്‍ നടുവനാട് കീഴൂരിലും താമസമാക്കി. ക്ഷേത്രപാലന്‍ കൊടുങ്ങല്ലൂരില്‍നിന്ന് പുറപ്പെട്ട് നെടിയിരിപ്പ് സ്വരൂപത്തില്‍ വന്നുചേര്‍ന്ന് സാമൂതിരിയുടെ പടനായകനായി.

നെടിയിരിപ്പ് സ്വരൂപത്തിലെ ഒരു തമ്പുരാട്ടി കോലസ്വരൂപത്തിലെ ഒരു രാജകുമാരനുമായി പ്രണയത്തിലായി. അവര്‍ ഒന്നിച്ച് വളപട്ടണം കോട്ടയില്‍ താമസമാക്കി. ഇവര്‍ക്ക് പ്രത്യേകമായി ഒരു നാട് വേണം. അതിനായി ഏതാനും ദുഷ്പ്രഭുക്കളുടെ അധീനതയിലായിരുന്ന അള്ളടനാട് വെട്ടിപ്പിടിക്കാന്‍ തീരുമാനിച്ചു. ക്ഷേത്രപാലന്‍ ഇവരുടെ സഹായത്തിനെത്തി. ഒപ്പം വൈരജാതനും വേട്ടക്കരുമകനുമുണ്ടായിരുന്നു. മൂവരും പയ്യന്നൂര്‍ പെരുമാളെ ഭജിച്ചശേഷം അള്ളടനാട്ടിലെത്തി ദുഷ്പ്രഭുക്കളെ വധിച്ച് രാജ്യം പിടിച്ചെടുത്തു. അങ്ങനെ നീലേശ്വരം കേന്ദ്രമായി അള്ളടസ്വരൂപമുണ്ടായെന്നാണ് ഐതിഹ്യം. അള്ളടത്ത് ക്ഷേത്രപാലന്റെ ആദ്യസങ്കേതം ഉദിനൂര്‍കൂലോമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.