രാമസന്നിധിയില്‍ അഭയം തേടിയ ശുകസാരണന്മാര്‍

Tuesday 11 June 2019 4:16 am IST

സുഗ്രീവസന്നിധിയിലെത്തിയ ശുകസാരണന്മാരെ വാനരന്‍ ചോദ്യങ്ങള്‍ കൊണ്ടും ഭേദ്യങ്ങള്‍ കൊണ്ടും കണക്കിനു ശിക്ഷിച്ചു. ചാരന്മാര്‍ രാമനെ വിളിച്ചു വിലപിച്ചു. ഉടനെ വാനരന്മാര്‍ ചാരന്മാരെ രാമനിര്‍ദേശമനുസരിച്ച് തൃപ്പാദസന്നിധിയിലെത്തിച്ചു. 

എന്തിനാണ് നിങ്ങള്‍ വന്നതെന്ന് രാമന്‍ ചാരന്മാരോട് അന്വേഷിച്ചു. അപ്പോഴും സത്യം പറയാന്‍ അവര്‍ തയാറായില്ല. ' ഞങ്ങള്‍ ലങ്കയിലെ വനവാസികളായ രണ്ടു വാനരന്മാരാണ്. അന്യനാട്ടില്‍ നിന്നും സ്വവര്‍ഗക്കാരായ ചിലര്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഞങ്ങളിവിടെയെത്തിയത്. കൂടാതെ ഞങ്ങള്‍ക്കു കിട്ടിയ ഒരു രഹസ്യവാര്‍ത്തയും ഇവിടെ അറിയിക്കാനുണ്ട്.' എന്താണ് രഹസ്യമെന്ന് രാമന്‍ ചോദിച്ചു.

' ദേവാ, ലങ്കയിലെ രാജാവായ രാവണന്‍ കുടിലതയുടെ കൂടാരമാണ്. ഗൂഢതന്ത്രങ്ങളിലൂടെയാണ് രാവണന്‍ ശത്രുക്കളെ തോല്‍പ്പിക്കുന്നത്. ഇപ്പോഴും ആ കപടതന്ത്രമാണ് രാവണന്‍ സ്വീകരിച്ചിരിക്കുന്നത്. ഇവിടെ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് സഹോദരനായ വിഭീഷണനെ അയച്ചിരിക്കുന്നത്. മഹാഅപകടക്കാരനാണ് വിഭീഷണന്‍'   

ഇങ്ങനെ വിഭീഷണന്‍ വഞ്ചകനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ശുകസാരണന്മാരുടെ മറുപടി നീണ്ടപ്പോള്‍, ഹനുമാന്‍ അറിയിച്ചതനുസരിച്ച് വിഭീഷണന്‍ അവിടെയെത്തി. വിഭീഷണനെ കണ്ട ചാരന്മാര്‍ ഭയന്നുവിറച്ചു. മനസ്സില്‍ എന്തോ ധ്യാനിച്ച് വിഭീഷണന്‍ ഇരുവരുടേയും തലയില്‍ ഓരോ ചവിട്ടു വെച്ചു കൊടുത്തു. പെട്ടെന്ന് അവര്‍ രാക്ഷസരൂപം പൂണ്ടു. രാക്ഷസന്മാരെ കണ്ട വാനരന്മാര്‍ ചാടി വീണ് അവരെ പിടികൂടി. വീണ്ടും അവര്‍ ഗത്യന്തരമില്ലാതെ രാമപാദങ്ങളില്‍ അഭയം തേടി. രാമന്‍ അവര്‍ക്ക് അഭയമരുളി. അവരോട് രാമന്‍ ഇങ്ങനെ പറഞ്ഞു. 

' നിങ്ങളെ ഞാന്‍ സ്വതന്ത്രരാക്കുകയാണ്. നിങ്ങള്‍ ഞങ്ങളുടെ സേനാബലം കണ്ട ശേഷം അതെല്ലാം രാവണനെ വിശദമായി അറിയിക്കുക. എന്റെയൊരു സന്ദേശവും രാവണനെ അറിയിക്കണം. ദേവിയെ ഉടന്‍ തിരികെ ഏല്‍പ്പിക്കുക. അല്ലാത്തപക്ഷം രാക്ഷസവര്‍ഗം നിശ്ശേഷം നശിക്കും. ഇതാണ് രാവണനെ അറിയിക്കാനുള്ള സന്ദേശം. 'ശുകസാരണന്മാര്‍ വാനരസേനകളുടെ പാളയങ്ങളെല്ലാം സൂക്ഷിച്ച് പരിശോധിച്ചു. അതിനു ശേഷം രാവണന് അരികിലെത്തി രാമന്റെ ഗാംഭീര്യവും ഔദാര്യവും വാരനസേനയുടെ ബാഹുല്യവുമെല്ലാം വിവരിച്ചു കേള്‍പ്പിച്ചു. 

രാമദാസനായി തീര്‍ന്ന വിഭീഷണന്‍ പാലാഴിമഥനകഥയിലെ സൂര്യചന്ദ്രന്മാര്‍ക്ക് തുല്യനാണെന്നു കൂടി ശുകസാരണന്മാര്‍ പറഞ്ഞപ്പോള്‍ ആ കഥയെന്തെന്നറിയാന്‍ രാവണന് ആകാംക്ഷയായി. രാവണന്‍ ആ കഥ സശ്രദ്ധം കേട്ടു. 

സംഗീതജ്ഞയായിരുന്ന ശ്രീമതിയെന്ന ഗന്ധര്‍വ സുന്ദരി, പതിവായി ലക്ഷ്മീഭജനങ്ങള്‍ പാടുമായിരുന്നു. കേശാദിപാദാന്തം, പാദാദികേശാന്തം, ദിവ്യവിശ്വമഹിമ ഇവയെല്ലാം ആ സ്തുതിഗാനങ്ങള്‍ക്ക് വിഷയമായി.  അചഞ്ചല ഭക്തിയില്‍ സംപ്രീതയായി ഭഗവതി ഒരിക്കല്‍ ശ്രീമതിക്കു മുമ്പില്‍ പ്രത്യക്ഷയായി. സര്‍വാഭരണ വിഭൂഷിതയായി, സൗന്ദര്യത്തിന്റെ നിറകുടമായാണ് ദേവി പ്രത്യക്ഷപ്പെട്ടത്. ഒരിക്കലും വാടാത്തൊരു കല്പകപുഷ്പഹാരവും അഭീഷ്ടവരപ്രാപ്തികരമായ ഒരു വിശിഷ്ടവരവും ശ്രീമതിക്ക് പാരിതോഷികമായി ദേവി നല്‍കി. 

ദേവിയുടെ അനുഗ്രഹം ലഭിച്ച ശേഷം ഭജനമാലപിച്ചിരുന്ന മണ്ഡപം വിട്ട് ശ്രീമതി സ്വന്തം നഗരിയിലേക്ക് യാത്രയായി. വഴിയില്‍ വെച്ച് ഉഗ്രതപസ്വിയായ ദുര്‍വാസാവിനെ കണ്ടു. ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശ്രീമതിയെ ദുര്‍വാസാവ് ആദരിക്കുകയും ആശംസകളറിയിക്കുകയും ചെയ്തു. അവള്‍ തനിക്കു ലഭിച്ച കുസുമഹാരം മഹര്‍ഷിക്ക് സമ്മാനിച്ച ശേഷം അവിടെ നിന്ന് യാത്രയായി. 

(തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.