109 മണിക്കുര്‍ നീണ്ട രക്ഷാ പ്രവവര്‍ത്തനം വിഫലം; കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാന്‍ മരിച്ചു

Tuesday 11 June 2019 11:17 am IST

സാംഗൂര്‍ : 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കി കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ വിടവാങ്ങി. ചണ്ഡീഗഢിലെ പിജിഎ ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. 

വ്യാഴാഴ്ച പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര ഗ്രാമത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ ഫത്തേവീര്‍ സിങ് എന്ന കുട്ടി വീഴുകയായിരുന്നു. ഉപയോഗ ശൂന്യമായതിനാല്‍ തുണികൊണ്ട് മൂടിയ നിലയിലായിരുന്നു ഈ കിണര്‍. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ബാലനെ പുറത്തെടുക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. 

അതേസമയം അവശനിലയിലായ കുട്ടിയെ പുറത്തെടുക്കുമ്പോള്‍ തൊട്ടടുത്തായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ ഉണ്ടായിരുന്നു. എന്നാല്‍ 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് റോഡ് മാര്‍ഗമാണ് കുട്ടിയെ കൊണ്ടുപോയത്. ഈ കാരണവും കുട്ടിയെ പുറത്തെടുക്കാന്‍ വൈകിയതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാറിനെതിരെ രംഗതെത്തിയിട്ടുണ്ട. നിരവധി നാട്ടുകാര്‍ ഈ വിഷയത്തില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

തിങ്കളാഴ്ചയായിരുന്നു കുട്ടിയുടെ രണ്ടാം പിറന്നാള്‍. മാതാപിതാക്കളുടെ ഏകമകനാണ് ഫത്തേവീര്‍. കുഴല്‍ക്കിണറില്‍ വീണ കുട്ടിക്ക് ഓക്സിജന്‍ നല്‍കിയിരുന്നെങ്കിലും ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല.

ഇതാണ് കുട്ടിയെ അവശ നിലയിലെത്തിച്ചത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് കുട്ടിയെ രക്ഷിച്ചത്. അതിനിടെ തുറന്ന് കിടക്കുന്ന കുഴല്‍ക്കിണറുകള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.