ശബരിമല പൂങ്കാവനത്തിന് സമീപം വീണ്ടും 'കുരിശുകൃഷി'; പഞ്ചാലിമേട്ടിലെ വനഭൂമി പിടിച്ചെടുക്കാന്‍ പയറ്റിതെളിഞ്ഞ തന്ത്രം പുറത്തെടുത്ത് കൈയേറ്റമാഫിയ; നോക്കുകുത്തിയായി സര്‍ക്കാര്‍

Tuesday 11 June 2019 4:00 pm IST

 

തിരുവനന്തപുരം: ശബരിമല പൂങ്കാവനം ഉള്‍പ്പെടുന്ന പഞ്ചാലിമേട്ടില്‍ കുരിശു നാട്ടി വ്യാപകമായി വനഭൂമി കൈയേറുന്നു. പരിസ്ഥിതി ലോല പ്രദേശമുള്‍പ്പെടെയുള്ള സ്ഥലത്താണ് കുരിശ് നാട്ടി കൈയേറ്റം നടക്കുന്നത്. പുരാതന കാലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നുവെന്ന് ഹൈന്ദവര്‍ വിശ്വസിച്ച് ആരാധിക്കുന്ന പുണ്യഭൂമിയിലാണ് വ്യാപക കൈയേറ്റം നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ശ്രീഭുവനേശ്വരീ ദേവിയുടെ ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ഈ പ്രദേശത്തെയാണ് വ്യാപകമായ കുരിശുകൃഷിയിലൂടെ മറ്റൊരു കുരിശുമലയാക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കന്‍ പ്രദേശങ്ങളില്‍ ഇതുപോലെ ആസൂത്രിതമായ നിരവധി കൈയേറ്റങ്ങള്‍ നടക്കുന്നുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് പാഞ്ചാലിമേട് പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് കൈയേറ്റശക്തികള്‍ ഇപ്പോള്‍ നടത്തുന്നത്. 

നാലു ദശാബ്ദങ്ങള്‍ക്കു മുമ്പ് നിലക്കലില്‍ പരീക്ഷിച്ചു വിജയിച്ച  തന്ത്രമാണ് പാഞ്ചാലിമേട്ടില്‍ നടത്തുന്നത്.  നിലയ്ക്കലില്‍ കുരിശു കണ്ടെടുത്തു എന്ന ഒരു വാര്‍ത്ത പ്രചരിപ്പിച്ചു കൊണ്ട് അന്ന് തുടങ്ങിയ പരീക്ഷണം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഒത്തു തീര്‍പ്പിന്റെ ഭാഗമായി ക്രിസ്തീയസഭ  സൗജന്യമായി നേടിയത് നാലര ഏക്കര്‍ വനഭൂമിയായിരുന്നു.  ഈ തന്ത്രം തന്നെയാണ് ശബരിമല  പൂങ്കാവനത്തിന്റെ മറ്റൊരു ഭാഗമായ പഞ്ചാലിമേട് കൈയേറികൊണ്ട് നടപ്പിലാക്കുന്നത്. 

ഇതിന്റെ പിന്നിലുള്ള ലക്ഷ്യവും ശബരിമല തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാപ്പാത്തി ചോലയില്‍ ഇതുപോലെ വനം കയ്യേറാന്‍ നാട്ടിയ കൈയേറ്റക്കാരുടെ കുരിശുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിഴുത് കളഞ്ഞിരുന്നു. തുടര്‍ന്ന്  അവരെ ശാസിച്ചു കൊണ്ട് 'ആ കുരിശെന്തു പിഴച്ചു' എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ കുരിശു നാട്ടിയുള്ള കൈയേറ്റത്തിന് ബലം നല്‍കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.