കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Tuesday 11 June 2019 4:13 pm IST

ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശില്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ വടക്കന്‍ ലിപ്പോയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തെരച്ചില്‍ നടത്തി വരികയാണ്. രണ്ട് മലയാളി സൈനിക ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. 

മിഗ് 17,സി 130 ,സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നേരത്തെ വിമാനം വീണത് പായും ഗ്രാമത്തിനരികിലാണെന്ന റിപ്പോര്‍ട്ടുകളെ വ്യോമസേന നിഷേധിച്ചിരുന്നു. 

ഈ മാസം മൂന്നിനാണ് അസമിലെ ജോഡട്ടിലെ വ്യോമതാവളത്തില്‍ നിന്നും അരുണാചലിലെ മെച്ചുക്കയിലേക്ക് പുറപ്പെട്ട എഎന്‍ 32 വിമാനം കാണാതായത്. വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏഴ് വ്യോമസേനാംഗങ്ങളും ആറ് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

ജൂണ്‍ 3 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനത്തില്‍ നിന്നുള്ള സന്ദേശം നിലച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അരുണാചലിലെ വനമേഖലയിലാണ് തകര്‍ന്ന് വീണതെന്നാണ് ആദ്യം കരുതിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.