വിങ് കമാന്‍ഡര്‍ അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള പാക് ചാനലിന്റെ പരസ്യം വിവാദമാകുന്നു

Tuesday 11 June 2019 4:41 pm IST

ന്യൂദല്‍ഹി : പ്രകോപന പരമായി അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയ പാക് യുദ്ധ വിമാനങ്ങളെ തുരത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കളിയാക്കിക്കൊണ്ടുള്ള പാക്കിസ്ഥാന്‍ ചാനലിന്റെ പരസ്യം വിവാദത്തില്‍. ലോകകപ്പ് ക്രിക്കറ്റ് പാക്കിസ്ഥാനില്‍ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിലാണ് അഭിനന്ദനെ പരിഹസിക്കുന്ന വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.  

ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായുള്ള പരസ്യത്തില്‍ അഭിനന്ദന്‍ വര്‍ദ്ധമാന് സമാനമായ മീശയും രൂപ സാദൃശ്യവുമുള്ള ആള്‍ നീല ജേഴ്‌സിയിട്ട് കൈയ്യില്‍ ചായകോപ്പയുമായി ക്യാമറക്ക് മുന്നില്‍ സംസാരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. 

അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ കഴിയവേ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട ദൃശ്യങ്ങള്‍ക്ക് സമാനമായാണ് ഈ പരസ്യം നിര്‍മിച്ചിരിക്കുന്നത്. 

ടോസ് നേടിയാല്‍ എന്തായിരിക്കും ഇന്ത്യയുടെ പ്ലെയിങ് ഇലവനും, കളി തന്ത്രങ്ങളുമെന്ന് ചോദിക്കുമ്പോള്‍ അയാം സോറി, അക്കാര്യം പറയാന്‍ എനിക്ക് അനുമതിയില്ലെന്ന മറുപടിയാണ് നല്‍കുന്നത്. ഒടുവില്‍ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു. ചോദ്യം ചെയ്യലിനിടയില്‍ അഭിനന്ദന്‍ പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. 

എങ്കില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുമ്പോള്‍ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടാണ് പരസ്യം അവസാനിക്കുന്നത്.  

ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം വന്‍ ശക്തമായിട്ടുണ്ട്. അഭിനന്ദനെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഇതിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

അതേസമയം പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് തകരാറിലായ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം മെച്ചപ്പെടുക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാകും ഇതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഫെബ്രുവരി 27നാണ് ബാലാകോട്ട് ആക്രമണത്തിനിടെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡറായ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പിടിയിലാകുന്നത്. പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.