ചരിത്ര തീരം വിസ്മൃതിയിലേക്ക്; ഫോര്‍ട്ടുകൊച്ചി തീരം കടല്‍കയറ്റത്തില്‍ ഓര്‍മയായി

Tuesday 11 June 2019 4:55 pm IST

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയിലെ ചരിത്രതീരം ശക്തമായ കടല്‍കയറ്റത്തില്‍ ഓര്‍മയായി. വിദേശകടന്നാക്രമണത്തിനെതിരായുള്ള നാട്ടുരാജാക്കന്മാരുടെ ചെറു പീരങ്കിപ്പടയുടെ യുദ്ധക്കളമായും ഇമാനുവല്‍ കോട്ടയും സ്വാതന്ത്ര്യ സമരസമ്മേളനങ്ങളും മഹാത്മഗാന്ധി സാന്നിധ്യമേകിയതും കാര്‍ണിവല്‍ അരങ്ങേറുന്ന ചരിത്രതീരമാണ് ഇല്ലാതായത്. 

കടല്‍ഭിത്തികള്‍ കവിഞ്ഞ് തിരമാലകള്‍ കരയിലേക്ക് കയറുകയാണ്. മൂന്ന് ദിവസമായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ ടൂറിസം മേഖലയിലും ചെറുകിട കച്ചവടത്തിലും തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഏറെയാണ്. കൊച്ചിതീരത്ത് ഇത്തരമൊരു കടല്‍ കയറ്റം ഇതാദ്യമായാണന്നാണ് പഴമക്കാര്‍ പറയുന്നത്. തീര സൗന്ദര്യവല്ക്കരണ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ നടപ്പാതകള്‍ തകര്‍ന്നു. കടലിലേയ്ക്കുള്ള ചെറുപുലിമുട്ടുകള്‍ കല്ലുകള്‍ തെന്നിമാറിത്തകര്‍ന്നു.

കടല്‍ കാണാനെത്തുന്നവര്‍ അപകടത്തില്‍ പെടുമോ എന്ന ആശങ്കയിലാണ് തീരത്തുള്ള ചെറുകിട കച്ചവടക്കാര്‍. കഴിഞ്ഞ ഏതാനും ദിവസമായി കടല്‍കയറ്റം കാണാനെത്തുന്നവര്‍ കരയിലേയ്ക്ക് ഇരച്ചുകയറുന്ന തിരമാലകളില്‍ കുളിക്കാനും സെല്‍ഫിയെടുക്കാനുമുള്ള തിരക്കും അപകടം ക്ഷണിച്ചു വരുത്തുകയാണ്.

കുട്ടികളടക്കമുള്ളവര്‍ അധികൃതരുടെയോ, സുരക്ഷാഗാര്‍ഡിന്റെയോ, ലൈഫ് ബോയകളുടെ നിയന്ത്രണങ്ങളോ നിര്‍ദ്ദേശങ്ങളോ  ചെവിക്കൊള്ളുന്നില്ല. ശക്തമായ കടല്‍ തിരമാലകളില്‍പ്പെട്ട് തെന്നിവീണ് ചിലര്‍ക്ക് പരിക്കേല്ക്കുന്നുണ്ട്. അപകട മുന്നറിയിപ്പുമായി ബോര്‍ഡുകളും റിബണുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഫലപ്രദമാകുന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.