ശ്രീ പത്മനാഭനെ തൊഴുതു, നിയമ സഭ കണ്ടു, മുഖ്യമന്ത്രിക്കൊപ്പം ഉണ്ടു: വ്യത്യസ്ഥനായി നിതിന്‍ ഗഡ്കരി

Tuesday 11 June 2019 7:10 pm IST

 

 

തിരുവനന്തപുരം: സ്വകാര്യ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയും മുന്‍ ബിജെപി ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയുടെ നടപടികള്‍ രാഷ്ട്രീയ അന്തസിന്റെ മാതൃകയായി. രാവിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തിയ മന്ത്രി തുടര്‍ന്ന് നിയമസഭയിലേക്ക് എത്തി.ഭാര്യ കാഞ്ചന്‍ ഗഡ്കരിക്കൊപ്പമെത്തിയ ഗഡ്കരി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ഒ. രാജഗോപാല്‍ എം. എല്‍. എ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോ ഓര്‍ഡിനേഷന്‍ വി. എസ്. സെന്തില്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും ചര്‍ച്ചക്ക്‌ശേഷം കേന്ദ്ര ഗതാഗത, ഹൈവേ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി പറഞ്ഞു.

സാഗര്‍മാല പദ്ധതിയിലും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കും. ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതല്‍ സഹായകമാവുമെന്ന്  ഗഡ്കരി പറഞ്ഞു. മത്സ്യമേഖല, ജൈവകൃഷി, കേരളത്തിന്റെ ഗതാഗത സംവിധാനം, തുറമുഖം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച് ചര്‍ച്ച നടന്നു. 

തുടര്‍ന്ന് നിയമസഭാ വി. ഐ. പി ഗാലറിയിലിരുന്ന് കേന്ദ്രമന്ത്രിയും ഭാര്യയും സഭാ നടപടി ക്രമങ്ങള്‍  വീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്  ഒരു മണിക്ക് ക്ളിഫ് ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

രാഷ്ടീയ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും ഉന്നത നേതാക്കള്‍ എങ്ങനെ പെരുമാറണം എന്നതിന്റെ മാതൃകയായിരുന്നു ഗഡ്കരിയുടെ നടപടികള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.