വീടുകള്‍ തകര്‍ന്നു

Wednesday 12 June 2019 1:13 am IST

പുറക്കാട്/എടത്വ: ശക്തമായ കാറ്റിലും മഴയിലും എടത്വ, തകഴി, പുറക്കാട് പഞ്ചായത്തുകളില്‍ വ്യാപകനാശം. നിരവധി വീടുകള്‍ തകര്‍ന്നു. പുറക്കാട് ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീട് മരം വീണ് തകര്‍ന്നു. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ എണ്ണക്കാട്ട് ചിറയില്‍ സദാനന്ദന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടുവളപ്പിലെ അക്വേഷ്യ മരം വീണ് തകര്‍ന്നത്. നിലവിലെ വീടിനോട് ചേര്‍ന്ന് ഒരാഴ്ചയ്ക്ക് മുന്‍പാണ് സദാനന്ദന്‍ രണ്ട് മുറിയുള്ള വീട് ഇഷ്ടിക കെട്ടി മുകളില്‍ ടിന്‍ഷീറ്റ് ഇട്ട് വീട് നിര്‍മ്മിച്ചത്. ഇതിന്റെ മുകളിലേയ്ക്കാണ് മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നത്.

എടത്വ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മുണ്ടുവേലില്‍ കുഞ്ഞച്ചന്‍ ചാക്കോ, ചങ്ങംങ്കരി കൊട്ടാരത്തില്‍ പ്രസാദ്, മണ്ണാരുപമ്പില്‍ ബിജു വര്‍ഗീസ്, കേളകൊമ്പ് മുണ്ടുവേലില്‍ ലിസി ജോസഫ്, തെക്കേകുറ്റ് ക്ലാരമ്മ, പാണ്ടങ്കരി മടയ്ക്കല്‍ ജോസ് എന്നിവരുടെ വീടിനു മുകളിലേക്കാണ് കാറ്റില്‍ മരം കടപുഴകി വീണ് വിടുകള്‍ ഭാഗികമായി തകര്‍ന്നത്. കേളകൊമ്പ് മുണ്ടുവേലില്‍ ലിസി ജോസഫിന്റെ അടുക്കളയും ഒരുമുറിയും പൂര്‍ണമായി തകര്‍ന്നു. 

ശക്തമായ കാറ്റില്‍ വാഴകൃഷികളും പൂര്‍ണമായി നശിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വെണ്‍മേലില്‍ വലിയപറമ്പില്‍ ഷൈക്കുട്ടി മാത്യു, പച്ച പന്ത്രണ്ടില്‍ ജോമോന്‍, ചങ്ങംങ്കരി വര്‍ഗീസ്, പാണ്ടങ്കരി മണക്കളത്തില്‍ ഷാജി എന്നിവരുടെ വാഴകൃഷിയാണ് പൂര്‍ണമായി നശിച്ചത്. വിളവെത്തിയ വാഴകളായിരുന്നു. ഷൈക്കുട്ടിയുടെ നൂറോളം ഏത്തവാഴകളും, ജോമോന്റേയും ഷാജിയുടെയും ഇരുന്നൂറ്റമ്പതോളം വാഴകളും നശിച്ചിട്ടുണ്ട്. വാഴകൃഷി നശിച്ച കര്‍ഷകരുടെ തോട്ടം സന്ദര്‍ശിക്കാന്‍ കൃഷി ഭവനില്‍ നിന്ന് ഉദ്യോഗസ്ഥരും എത്തിയിരുന്നു. മങ്കോട്ടചിറ-വീയപുരം പ്രദേശത്തെ നിരവധി കര്‍ഷകരുടെ വാഴകൃഷിയും നശിച്ചിട്ടുണ്ട്. പാകമെത്തിയ ഏത്തവാഴകളും പൂവന്‍വാഴകളുമാണ് നിലത്ത് വീണ് നശിച്ചതില്‍ അധികവുമുള്ളത്. 

മരം വീണ് വൈദ്യുതി നിലച്ചെങ്കിലും ജീവനക്കാരുടെ ശ്രമഫലമായി പല സ്ഥലങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. വാഴകൃഷിക്ക് പുറമേ മറ്റ് കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്. 

പറവൂര്‍ ബീച്ച് റോഡ് പൊളിഞ്ഞു

അമ്പലപ്പുഴ: മഴ തുടങ്ങിയതോടെ പറവൂര്‍ ബീച്ച് റോഡ് പൊട്ടിപ്പൊളിഞ്ഞു. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയാണ് ആകെ നാശമുണ്ടാക്കിയത്. റോഡ് നന്നാക്കാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ വലിയ പ്രതിഷേധ സമരങ്ങളാണ് നടത്തിയത്. എന്നിട്ടും ഫലം കണ്ടില്ല. ചെറിയ മഴ തുടങ്ങിയപ്പോള്‍ത്തന്നെ റോഡ് പൂര്‍ണമായി തകര്‍ന്നു. ഇരുചക്ര വാഹനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വീഴുന്നത് പതിവാണ്. ഓട്ടോറിക്ഷക്കാരാണ് ഏറെ വലയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.