ഇന്ത്യക്ക് തിരിച്ചടി

Wednesday 12 June 2019 3:17 am IST

ലണ്ടന്‍: ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി.  ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടയ്ക്കാണ് ധവാന്റെ ഇടതു വിരലിന് പരിക്കേറ്റത്. പരിശോധനയില്‍ എല്ലിന് പൊട്ടുണ്ടെന്ന് വ്യക്തമായി. മൂന്നാഴ്ച കളിക്കളത്തില്‍ നിന്ന വിട്ടുനില്‍ക്കേണ്ടിവരും. ലോകകപ്പില്‍ ഈമാസം അവസാനംവരെ നടക്കുന്ന മത്സരങ്ങളില്‍ ധവാന് കളിക്കാനാകില്ല.

ധവാന് പകരം ഋഷഭ് പന്തിനെ ടീമിലുള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതായി ടീമിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.  പന്ത് ഉടന്‍ തന്നെ ഇംഗ്ലണ്ടിലേക്ക് പറക്കും. നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പന്തിനെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. പതിനാറിന് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പന്ത് കളിക്കുമെന്നാണ് സൂചന.ധവാന് പകരം കെ.എല്‍. രാഹുല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും. പന്ത് മിക്കവാറും നാലാം നമ്പറില്‍ കളിച്ചേക്കും. 

ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോഡുള്ള കളിക്കാരനാണ് ധവാന്‍. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഫോമിലേക്ക് ഉയര്‍ന്ന ധവാന്‍ ഏകദിനത്തിലെ പതിനേഴാം സെഞ്ചുറിയും കുറിച്ചു.

ഈ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍  കോള്‍ട്ടര്‍ നൈലിന്റെ ബൗണ്‍സര്‍ കൊണ്ടാണ് ധവാന്റെ വിരലിന് പരിക്കേറ്റത്. പരിക്ക് വകവെയ്ക്കാതെ കളിച്ച ധവാന്‍ 109 പന്തില്‍ 117 റണ്‍സുമായാണ് കളം വിട്ടത്. ഓസ്‌ട്രേലിയ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ധവാന്‍ ഫീല്‍ഡിങ്ങിനിറങ്ങിയില്ല. പകരം രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്.

മത്സരത്തില്‍ ഇന്ത്യ വിജയം നേടുകയും ചെയ്തു. സെഞ്ചുറി കുറിച്ച ധവാനാണ് കളിയിലെ കേമനുള്ള അവാര്‍ഡ് ലഭിച്ചത്.

ഇന്ത്യയുടെ അടുത്ത മത്സരങ്ങളില്‍ കര്‍ണാടക ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും. നാലാം നമ്പറില്‍ വിജയ് ശങ്കരെ പരീക്ഷിച്ചേക്കും. 

 നാളെ നോട്ടിങ്ങ്ഹാമിലാണ് ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം. 16 ന്  പാക്കിസ്ഥാനെയും 22ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നേരിടും. 27 ന് വിന്‍ഡീസുമായും 30ന് ആതിഥേയരായ ഇംഗ്ലണ്ടുമായു ം ഇന്ത്യ മാറ്റുരയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.