ആരു പറഞ്ഞു പ്രോഗ്രസ് ഇല്ലെന്ന്

Wednesday 12 June 2019 3:32 am IST
അവകാശവാദം ഇങ്ങനെ: ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ച് രൂപവത്ക്കരിച്ച പ്രകടനപത്രിക തന്നെ പുതിയ കാല്‍വയ്പ്പായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ രൂപപ്പെട്ടുവന്ന കാഴ്ചപ്പാടുകളായിരിക്കും ഇതിനെ നയിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വര്‍ഷങ്ങള്‍ കൊഴിയുന്നതിനിടയില്‍ പല പുതിയ പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിലതു വിപുലീകരിച്ചും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയുമാണ് നടപ്പിലാക്കിയിട്ടുള്ളത്.

കണ്ണൂരിലെ പിണറായിയില്‍ നിന്നുവന്ന വിജയന്‍ കേരള മുഖ്യമന്ത്രിയായിട്ട് വര്‍ഷം രണ്ട് പിന്നിട്ടു. മൂന്നാം വര്‍ഷത്തിന്റെ നിറവിലാണിപ്പോള്‍. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയത്. രണ്ട് വര്‍ഷത്തിനകം ഒരുമാതിരിപ്പെട്ട ജനങ്ങളെയെല്ലാം ശരിയാക്കി. കടലോരത്തുള്ളവരെയും കായല്‍ തീരത്തുള്ളവരെയും ശരിയാക്കിയില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? എത്രയെത്ര ആളുകളുടെ കൃഷിയും കിടപ്പാടവും ശരിയാക്കിയിട്ടുണ്ട്.

വെള്ളം കയറാത്ത സ്ഥലങ്ങളിലൊക്കെ വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടാക്കിയില്ലെ? പണവും പണിയുമില്ലാത്തവരെന്തിന് ജീവിക്കണം? അത്തരക്കാരുടെ കാര്യം ഭംഗിയായി ശരിയാക്കിയില്ലെ? രണ്ടു വര്‍ഷത്തിനകം 32 രാഷ്ട്രീയ കൊലപാതകം നടന്നത് നിസാരകാര്യമാണോ? സ്വന്തം പാര്‍ട്ടിക്കാരെപ്പോലും കുത്തിമലര്‍ത്താന്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാകുമോ? കയ്യും കാലും നഷ്ടപ്പെട്ടവരുടെയെണ്ണം കൂട്ടാന്‍ മറ്റേത് സര്‍ക്കാറിന് സാധിക്കും?

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പിലാക്കിയെന്നത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് സ്ഥാപിച്ച് പറഞ്ഞ മുന്നണിയാണിത്. ഈ ജനാധിപത്യകാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയ്ക്ക് പല രംഗത്തും മാതൃക കാട്ടിയ കേരളം ഇതിലൂടെ മറ്റൊരു ചുവടുവയ്പ്പാണ് നടത്തിയതെന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നത്. 

അവകാശവാദം ഇങ്ങനെ: ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ച് രൂപവത്ക്കരിച്ച പ്രകടനപത്രിക തന്നെ പുതിയ കാല്‍വയ്പ്പായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ രൂപപ്പെട്ടുവന്ന കാഴ്ചപ്പാടുകളായിരിക്കും ഇതിനെ നയിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വര്‍ഷങ്ങള്‍ കൊഴിയുന്നതിനിടയില്‍ പല പുതിയ പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിലതു വിപുലീകരിച്ചും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയുമാണ് നടപ്പിലാക്കിയിട്ടുള്ളത്.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ നിരവധി പ്രതിസന്ധികള്‍ ഈ കാലയളവില്‍ നേരിടേണ്ടിവന്നിട്ടുണ്ട്. കേരളത്തിന്റെ കടലോരമേഖലയെ തകര്‍ത്തെറിഞ്ഞ ഓഖി ദുരന്തവും നിപ്പ വൈറസ് ബാധയും കഴിഞ്ഞ വര്‍ഷങ്ങളിലാണ് ഉണ്ടായത്. എന്നാല്‍, മൂന്നാം വര്‍ഷത്തിലാണ് കേരളത്തെയാകമാനം ദുരിതത്തിലാഴ്ത്തിയ ഏറ്റവും വലിയ പ്രളയദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചത്. ഈ കാലയളവില്‍ത്തന്നെയാണ് സംസ്ഥാനത്തിന്റെ വിഭവസമാഹരണത്തിന് തിരിച്ചടിയായ നോട്ടുനിരോധനവും വികലമായ ജിഎസ്ടി നടപ്പാക്കലും ഉണ്ടായത്. ഈ പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയത്. ഈ പ്രോഗ്രസ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും.

മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ കേരളം സൃഷ്ടിക്കുന്നതിനുള്ള കര്‍മ്മപദ്ധതിയാണ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ചത്. അത് നടപ്പിലാക്കുന്നതിന് ആത്മാര്‍ത്ഥമായ പരിശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യങ്ങളെയും സംരക്ഷിച്ചു മുന്നോട്ടുപോകുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള അറിവുകള്‍ സ്വാംശീകരിച്ച് ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിലൂടെ ഉണ്ടാകുന്ന ഉത്പാദനത്തെ നീതിയുക്തമായി വിതരണം ചെയ്തുകൊണ്ട് ജനജീവിതം മുന്നോട്ടുകൊണ്ടുപോകാനും സര്‍ക്കാര്‍ ലക്ഷ്യമിടുകയാണത്രെ.

പ്രകടനപത്രികയില്‍ നല്‍കിയ 600 വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പിലാക്കിയെന്നതാണ് വിലയിരിത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ ഇതിന്റെ പരിധിയില്‍ വരുന്നുള്ളൂ. അതിലേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്‍ ചതിച്ചതും വനിതാ മതില്‍ പ്രയോജനപ്പെടാത്തതുമൊന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെങ്കിലും പ്രോഗ്രസ് ഇല്ലെന്ന് ആരു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.