ദുഃഖഭാരം ചുമക്കുന്നവര്‍ക്ക് ദുശ്ശകുനമായി സെസ്സ്!

Wednesday 12 June 2019 3:53 am IST

പ്രളയദുരിതം അനുഭവിച്ച മലയാളികള്‍ വീണ്ടും ഇതാ ഇടവപ്പാതിയിലെ കാലവര്‍ഷത്തെ വരവേല്‍ക്കുകയാണ്. നിരാശരും കെടുതി അനുഭവിച്ചവരുമായ പ്രളയബാധിതര്‍ക്ക് ധനതത്ത്വ ശാസ്ത്രമനുസരിച്ച് വാര്‍ഷിക കണക്കെടുപ്പ് തുടങ്ങുന്ന ഏപ്രിലില്‍ പുതുവര്‍ഷ പുലരിയില്‍ ഇടത് സര്‍ക്കാര്‍ നല്‍കിയ സമ്മാനമാണ് ഒരു ശതമാനം അധിക സെസ്സ്. അത് ജൂലൈ ഒന്നാം തീയതി എല്ലാവര്‍ക്കും കൃത്യമായി ലഭിക്കും. കിടപ്പാടം നഷ്ടപ്പെട്ടവരും, ഉടുതുണിക്ക് മറുതുണിയില്ലാത്തവരും, കടം വാങ്ങി കഴിയുന്നവരും കൃഷിനാശം പേറിയവരുമെല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരനും കിട്ടും ഈ ഇരുട്ടടി. നികുതി 5%ല്‍ തുടങ്ങി മുകളിലേക്കുള്ള എല്ലാ ചരക്കുകള്‍ക്കും സേവന നികുതിയിലും 1% വര്‍ദ്ധന പ്രളയ സെസ്സായി പിരിച്ചെടുക്കാനായിരുന്നു  മന്ത്രി തോമസ് ഐസക്ക് ആഗ്രഹിച്ചതും മുഖ്യമന്ത്രിയേ ബോധിപ്പിച്ചതും. 928 ഇനം ചരക്കുകള്‍ക്കാണ് ഇത് ബാധകം. സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനവും സെസ്സ് ചുമത്തും. അത് വന്‍ വിലവര്‍ദ്ധനയ്ക്ക് ഇടവരുത്തും.

     ഒരു സാധനത്തിന്റെ അടിസ്ഥാന വിലയില്‍ ഒരു ശതമാനം സെസ്സായി കൂട്ടണം. അഥവാ അടിസ്ഥാനവിലക്കും നികുതികൂട്ടിയ ഒരു ശതമാനത്തിനും കൂടി ഇരട്ട നികുതി ഉപഭോക്താക്കള്‍ നല്‍കണം. അങ്ങനെ പ്രതിമാസം 600 കോടിക്ക് മേല്‍ത്തുക പാവങ്ങളില്‍നിന്നും സാധാരണക്കാരില്‍നിന്നും എല്ലാ ഉപഭോക്താക്കളില്‍നിന്നും അധികമായി തട്ടിയെടുക്കുന്ന ഗൂഢപദ്ധതിയാണ് ആദ്യം മെനഞ്ഞത്. എന്നാല്‍, പാവങ്ങള്‍ക്ക് വേണ്ടി ഒരു പ്രധാനമന്ത്രിയെ ഭാരതത്തിന് ലഭിച്ചു എന്നതാണ് കേരളത്തിന് ആശ്വാസമായത്. ഇവിടത്തെ പാവങ്ങളായ ഭൂരിപക്ഷത്തിനും ന്യുനപക്ഷത്തിനും അതിന്റെ ഗുണഫലം ലഭിക്കും. ഭാരതത്തില്‍ ഏകനികുതി സമ്പ്രദായം നടപ്പിലാക്കാനാണ് മോദിസര്‍ക്കാര്‍ ആഗ്രഹിച്ച് ജിഎസ്ടി നടപ്പിലാക്കിയത്. അതിന് തുരങ്കം വെച്ചയാളാണ്  തോമസ് ഐസക്കും കേരളവും. അതിനാലാണ് നികുതിഘടനയില്‍ മാറ്റം വന്നതും ഏകനികുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നതും. എന്തായാലും പ്രധാനമന്ത്രി ജിഎസ്്ടി കൗണ്‍സില്‍ രുപീകരിച്ചിട്ടുണ്ട്. അവിടെ ചര്‍ച്ചചെയ്ത് ജനഹിതം അനുസരിച്ച് മാറ്റം വരുത്താം. അടുത്ത ദിവസംതന്നെ അവര്‍ കൂടും. അപ്പോള്‍ ഇരട്ടനികുതി ഒഴിവാകുമെന്ന് മാത്രമേ ഉള്ളു. വര്‍ദ്ധിപ്പിച്ച ഒരുശതമാനം മന്ത്രി തോമസ് ഐസക്കിന്റെ ഖജനാവില്‍ ചെന്ന് വീഴും.

     ഇതെല്ലാം കണക്കെഴുതി തിട്ടപ്പെടുത്തി ഇലക്ട്രോണിക്ക് സിസ്റ്റംവഴി ഖജനാവ് നിറച്ച് നല്‍കേണ്ട ചുമതല വ്യാപാരികള്‍ എന്ന കണക്ക് എഴുത്തുകാര്‍ക്കാണ്. സര്‍ക്കാരിന് പണം ധൂര്‍ത്തടിച്ചാല്‍ മാത്രം മതി. മുഖ്യമന്ത്രി പിരിവ് നടത്താന്‍ 4 ലക്ഷം മുടക്കി ഗള്‍ഫില്‍ പോയി. ഒന്നും ലഭിച്ചില്ല. മുഖ്യമന്ത്രി കുടുംബസമേതം വിദേശയാത്ര നടത്തി. ഇനി 20 മന്ത്രിമാര്‍ക്ക് കുടുംബസമേതം വിദേശയാത്രയ്ക്ക് വിസ തേടി നടപ്പാണ്. പിന്നീടുള്ളതാണ് അറബിക്കഥ. ഭാരതത്തിന്റെ നയം ചിലര്‍ക്ക് കുംഭ വീര്‍പ്പിക്കാന്‍ തിരുത്തണമെന്ന് കടുംപിടിത്തം. അറബിരാജ്യത്തില്‍നിന്ന് പണംവാങ്ങി വിദേശമലയാളി മുതലാളി ഉണ്ടാക്കി തരട്ടേയെന്ന ആശയം അശരീരിയായി വരുന്നു. അപ്പോഴും കേന്ദ്രം തന്നതും ജനങ്ങള്‍ നല്‍കിയതുമായ 3641 കോടി രുപ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്നു. ഇപ്പോഴും 2270 കോടി രുപ നിധിയില്‍ ഉണ്ടായിട്ടും ദുരിതബാധിതരായ നിര്‍ദ്ധനര്‍ ദുരിതത്തിലും കടക്കെണിയിലുമാണ്. ഇനി ഇടത് ഭരണം അവസാനിക്കുന്ന രണ്ട് വര്‍ഷത്തേക്ക് മാത്രമായിട്ടാണ് അധിക സെസ്സ് അനുവദിച്ചു നല്‍കണമെന്ന് ജിഎസ്ടി കൗണ്‍സിലിനോട് ധനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രളയദുരിതം അനുഭവിച്ചവര്‍ക്കും കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും ദുരഭിമാനംമൂലം വിങ്ങി വീര്‍പ്പുമുട്ടി കഴിയുന്ന ബാധിതര്‍ക്കും എന്തിന് പറയുന്നു കേരളീയര്‍ക്കാകെ ദുശ്ശകുനമാവുകയാണ്  ജൂലൈ ഒന്ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.