കാലവര്‍ഷത്തിന്റെ കലി തുടങ്ങി; കരുതല്‍ വേണം

Wednesday 12 June 2019 4:03 am IST
പ്രളയത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മോചിതരാകാത്ത ജനങ്ങളുള്ള നാട്ടില്‍ നിത്യസംഭവം പോലെ അപകടങ്ങളും മറ്റും ഉണ്ടാവുമ്പോള്‍ ഭരണമെന്നത് അലങ്കാരമായി മാറുകയാണോ? തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് രണ്ടു നിര്‍ഭാഗ്യര്‍ മരിക്കാനിടയായത് ബന്ധപ്പെട്ട വകുപ്പിന്റെ കെടുകാര്യസ്ഥതയും നിസ്സംഗതയുമല്ലെങ്കില്‍ മറ്റെന്താണ്? മരച്ചില്ല വെട്ടിയും, ലൈനുകളുടെ ക്ഷമത പരിശോധിച്ചും കാലവര്‍ഷത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എന്തുകൊണ്ട് വൈദ്യുതി വകുപ്പ് സ്വീകരിച്ചില്ല.

കാലവര്‍ഷം വരാന്‍ വൈകിയെങ്കിലും നാശനഷ്ടമുണ്ടാക്കാന്‍~ഒട്ടും വൈകിയില്ലെന്നുവേണം കരുതാന്‍. വരള്‍ച്ചയില്‍ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് മടിച്ചുമടിച്ച് കാലവര്‍ഷം എത്തിയത്. കേരളത്തിന്റെ പലഭാഗത്തും രണ്ടുമൂന്നു ദിവസമായി തകര്‍ത്തുപെയ്യുന്ന മഴയില്‍ മൂന്ന് ജീവിതങ്ങള്‍ പൊലിഞ്ഞതിനൊപ്പം അതിഭീകരമായ സ്ഥിതിവിശേഷവുമുണ്ടായി. കഷ്ടനഷ്ടങ്ങള്‍ വിവരണാതീതമാണ്. വര്‍ഷാവര്‍ഷം ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും വേണ്ടത്ര മുന്‍കരുതലും മുന്നൊരുക്കവും ജാഗ്രതയും ഉണ്ടാവുന്നുണ്ടോയെന്ന് സംശയമാണ്. കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുന്നതും പതിവാണ്. ഇത്തവണ പൊട്ടിയ വൈദ്യുതി കമ്പി രണ്ടു ജീവന്‍ അപഹരിച്ച് കഴിഞ്ഞു. 

കാലവര്‍ഷം പതിവുള്ളതാണല്ലോ. വേണ്ടത്ര സമയവും സാഹചര്യവും ഉണ്ടായിട്ടും കാര്യങ്ങള്‍ യുക്തിപൂര്‍വ്വം ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്കു മാത്രം ഭരണയന്ത്രം ശ്രദ്ധിച്ചതിനാല്‍ സാധാരണ മനുഷ്യരുടെ അവസ്ഥകളെക്കുറിച്ച് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നുവേണം കരുതാന്‍. തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള കുറുക്കുവഴികളും ഇടവഴികളും നോക്കിനടക്കുന്നതിനിടെ മറ്റൊന്നും ബോധപൂര്‍വം ശ്രദ്ധിച്ചുകാണില്ല. ഒരോ സീസണിലും നടത്തേണ്ട ശുചീകരണമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ആരും ശ്രദ്ധിച്ചില്ല.

പ്രളയത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മോചിതരാകാത്ത ജനങ്ങളുള്ള നാട്ടില്‍ നിത്യസംഭവം പോലെ അപകടങ്ങളും മറ്റും ഉണ്ടാവുമ്പോള്‍ ഭരണമെന്നത് അലങ്കാരമായി മാറുകയാണോ? തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് രണ്ടു നിര്‍ഭാഗ്യര്‍ മരിക്കാനിടയായത് ബന്ധപ്പെട്ട വകുപ്പിന്റെ കെടുകാര്യസ്ഥതയും നിസ്സംഗതയുമല്ലെങ്കില്‍ മറ്റെന്താണ്? മരച്ചില്ല വെട്ടിയും, ലൈനുകളുടെ ക്ഷമത പരിശോധിച്ചും കാലവര്‍ഷത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എന്തുകൊണ്ട് വൈദ്യുതി വകുപ്പ് സ്വീകരിച്ചില്ല. 

അതിനൊപ്പം ശ്രദ്ധിക്കേണ്ടതായിരുന്നു ഓടകളുടെയും മറ്റും പരിപാലനം. മണ്ണും പ്ലാസ്റ്റിക് വസ്തുക്കളും അടിഞ്ഞുകൂടി വെള്ളക്കെട്ടുണ്ടാവുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടപ്പാട് പറഞ്ഞറിയിക്കാനാവാത്തതാണ്. അങ്ങനെയുള്ള വെള്ളക്കെട്ടിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണാണല്ലോ തിരുവനന്തപുരം പേട്ടയില്‍ രണ്ടുപേര്‍ മരിച്ചത്. വരുത്തിത്തീര്‍ക്കുന്ന അപകടങ്ങളില്‍പ്പെടുത്താവുന്നതാണ് ഇതൊക്കെ. മരിച്ചവരുടെ കുടുംബത്തിന് ആശ്വാസധനം നല്‍കിയതുകൊണ്ടോ സമാശ്വസിപ്പിച്ചതുകൊണ്ടോ കാര്യമില്ലല്ലോ. കുടുംബങ്ങളുടെ അത്താണിയല്ലേ നഷ്ടപ്പെട്ടത്. 

കാലവര്‍ഷം കൂടുതല്‍ കലിതുള്ളുന്ന സ്ഥിതിയായിരിക്കാം ഇനിയങ്ങോട്ടുണ്ടാവുക. വെള്ളപ്പൊക്കവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രൂക്ഷമാകാനാണ് സാധ്യത. അതിനൊപ്പം വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുന്നതുള്‍പ്പെടെയുണ്ടായാല്‍ മനുഷ്യ ജീവനുകള്‍ ഇനിയും നഷ്ടപ്പെടും. അടിയന്തരമായി സ്ഥിതിഗതികള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ജാഗ്രത വേണം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്ന പഴഞ്ചൊല്ല്, പറഞ്ഞ് രസിക്കാന്‍ മാത്രമുള്ളതല്ല. സൂക്ഷിക്കാന്‍ ഉപദേശിച്ചും കൃത്യമായ നടപടികളിലൂടെ അത് വ്യക്തമാക്കിക്കൊടുത്തും ഭരണകൂടം ഒപ്പം നില്‍ക്കണം. ഇതുവരെയുള്ള ഭരണത്തിന്റെ പ്രോഗ്രസ് കാര്‍ഡ് അച്ചടിച്ച് വിതരണം ചെയ്താല്‍ പുരോഗതി വരുമെന്ന് ചിന്തിക്കരുത്. കുറച്ചുപേര്‍ക്ക് സൈ്വരമായി നില്‍ക്കാനുള്ള സംവിധാനമാണ് ഭരണമെന്നും കരുതരുത്. എല്ലാ രാഷ്ട്രീയ ഭിന്നതകളും മാറ്റിവെച്ച് എല്ലാവര്‍ക്കുമൊപ്പം കൈകോര്‍ത്ത് പ്രശ്‌നരഹിത സംസ്ഥാനം തീര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. അല്ലാതെയുള്ള ഏതു പ്രവര്‍ത്തനവും ദ്രോഹകരമായേ അനുഭവപ്പെടൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.