മനോനിയന്ത്രണത്തിന് പ്രാണായാമം

Wednesday 12 June 2019 4:09 am IST

രാജയോഗം വിനാ പൃഥ്വീ

രാജയോഗം വിനാ നിശാ

രാജയോഗം വിനാ മുദ്രാ

വിചിത്രാപി ന ശോഭതേ  3 126

രാജാവില്ലാതെ ഭൂമി ശോഭിക്കില്ല. രാജാവ് ( ചന്ദ്രന്‍) ഇല്ലാതെ രാത്രി ശോഭിക്കില്ല. രാജാവില്ലാതെ മുദ്രയ്ക്ക് വിലയില്ല.

ഈ ശ്ലോകം സ്വാത്മാരാമന്റെ കവിത്വത്തിനുദാഹരണമാണ്. കഠിനമായ ശാസ്ത്ര തത്വം ചര്‍ച്ച ചെയ്യുമ്പോഴും നര്‍മം ചാലിക്കുന്ന ഒരു സരളത.

ഭൂമിയുടെ അധിപനാണ് രാജാവ്. രാജാവിനെ കൂടാതെ ( യോഗം ചെയ്യുക = ചേര്‍ക്കുക), അതായത് രാജയോഗമില്ലാതെ ഭൂമിക്കു ശോഭയില്ല. അതില്‍ എത്ര സമ്പല്‍ സമൃദ്ധിയുണ്ടായാലും ( വിചിത്രാ അപി)  അരാജകത്വത്തില്‍ ഭൂമിയില്‍ ജീവിക്കാനാവില്ല. നാനാവിധ ഉപദ്രവങ്ങളുണ്ടാകും.

രാത്രി (നിശ) യുടെ രാജാവ്, നക്ഷത്രങ്ങളുടെ രാജാവ് ചന്ദ്രനാണ്. 'സോമ: (ചന്ദ്രന്‍) അസ്മാകം ബ്രാഹ്മണാനാം രാജാ' എന്ന് വേദം. ചന്ദ്രനാണ് രാവിനഴകേകുന്നത്.

ആ രാജയോഗമില്ലാതെ നിശയ്ക്കു ശോഭയില്ല.  എത്ര ഗ്രഹങ്ങളും നക്ഷത്രങ്ങളുമുണ്ടായാലും (വിചിത്രാ അപി) കാര്യമില്ല. മുദ്ര (രാജ ചിഹ്നം) എന്നാല്‍ ഇംഗ്ലീഷിലെ സീല്‍. രാജാവിന്റെ മുദ്രയ്‌ക്കേ വിലയുള്ളൂ. രാജയോഗമില്ലാതെ, മുദ്രയ്ക്ക് എത്ര ഭംഗിയുണ്ടായാലും (വിചിത്രാ അപി) ആരും വിലവെക്കില്ല. ഇത് ഉപരിപ്ലവമായ അര്‍ഥം.

ഇനി ഇതിനെ യോഗദൃഷ്ടിയില്‍ നോക്കാം. അതാണല്ലൊ യഥാര്‍ഥ ഉദ്ദേശ്യം!. ഹഠയോഗം രാജയോഗം എന്നിങ്ങനെ രണ്ടായി യോഗത്തെ കാണാറുണ്ട്. ഹഠയോഗം ശരീരത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ രാജയോഗം മനസ്സിന്റെ ലയത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നു സാമാന്യമായി പറയാം. അവ പരസ്പര പൂരകങ്ങളമാണ്. 'ഹഠം വിനാ രാജയോഗ: ' (ഹഠയോഗമില്ലാതെ രാജയോഗമോ ) രാജയോഗം വിനാ ഹഠ:  (രാജയോഗമില്ലാതെ ഹഠയോഗമോ ) ന സിദ്ധ്യതി (കിട്ടുകയില്ല) എന്ന് രണ്ടാമധ്യായത്തില്‍ (ശ്ലോകം 76) പറഞ്ഞിട്ടുണ്ട്.

വൃത്യന്തര നിരോധപൂര്‍വക (മറ്റു വൃത്തികളുടെ നിരോധത്തോടു കൂടിയ) ആത്മഗോചര ധാരാവാഹിക (നിരന്തരം ആത്മാവിനെ ദര്‍ശിച്ചു കൊണ്ടിരിക്കുന്ന) നിര്‍വികല്പക വൃത്തിയാണ്, സമാധിയാണ് രാജയോഗം. പൃഥ്വി സ്ഥിരമാണ്. അതുപോലെ സ്ഥൈര്യഗുണമുള്ളതാണ് ആസനം. മൂലാധാരത്തിന്റെയും ഭൂതം ഭൂമിയാണ്. ആസനം ഹഠയോഗമാണല്ലൊ. ആസനത്തില്‍ (ഹഠയോഗത്തില്‍) എത്ര പ്രാഗല്‍ഭ്യമുണ്ടായാലും രാജയോഗമില്ലെങ്കില്‍, ധാരണാ  ധ്യാന സമാധികളിലേക്കെത്തുന്നില്ലെങ്കില്‍ ശോഭ തരില്ല. സമാധിയാണ്  ജീവിതത്തിന്റെ യഥാര്‍ഥലക്ഷ്യം.

നിശയ്ക്ക് (രാത്രി) കുംഭകം (പ്രാണായാമം) എന്ന ഒരര്‍ഥമുണ്ട്. ജനസഞ്ചാരമില്ലാത്ത അവസ്ഥയാണ് രാത്രി. പ്രാണ ( വായു ) സഞ്ചാരമില്ലാത്ത അവസ്ഥയാണ് കുംഭകം. രാജയോഗം  ഇല്ലെങ്കില്‍ പ്രാണായാമം ലക്ഷ്യം നേടില്ല, ശോഭിക്കില്ല.

മഹാമുദ്ര, മഹാബന്ധം മുതലായ പത്തു മുദ്രകളും വ്യത്യസ്തങ്ങളും സപ്രയോജനങ്ങളും ആണ്. പക്ഷെ സമാധി പ്രാപ്തി (രാജയോഗം) ഉണ്ടാവുന്നില്ലെങ്കില്‍ എന്തു കാര്യം?

മാരുതസ്യ വിധിം സര്‍വം

മനോ യുക്തം സമഭ്യസേത്

ഇതരത്ര ന കര്‍ത്തവ്യാ

മനോവൃത്തിര്‍ മനീഷിണാ.  3  127

പ്രാണായാമം മനസ്സോടെ അഭ്യസിക്കണം. ബുദ്ധിമാന്മാര്‍ ആ സമയത്ത് മനസ്സിനെ വേറെ സഞ്ചരിക്കാന്‍ വിടരുത്.

പ്രാണായാമ വേളയില്‍ മനസ്സ് കുതറി ഓടാന്‍ ശ്രമിക്കും. ശരീരവും മനസ്സും പ്രാണനും ഒന്നിച്ചു നില്‍ക്കണം. നാഡീശോധനയില്‍ ശ്വാസത്തിന്റെ ദൈര്‍ഘ്യം തിട്ടപ്പെടുത്താനുള്ള എണ്ണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. അല്ലെങ്കില്‍ ഓങ്കാരത്തില്‍. ഭ്രാമരിയില്‍ മുളക്കത്തിലും ഉജ്ജായിയില്‍ ' സോ ', 'ഹം'' ശബ്ദത്തിലും, ഭസ്ത്രികയില്‍ എണ്ണത്തിലും ശ്രദ്ധിക്കാം. മനസ്സിനെ അലയാന്‍ വിടരുത്. 'ശ്രദ്ധ' എന്നത് ഒരു മാന്ത്രിക പദം തന്നെയാണ്.

ഇതി മുദ്രാ ദശ പ്രോക്താ

ആദിനാഥേന ശംഭുനാ

ഏകൈകാ താസു യമിനാം

മഹാ സിദ്ധി പ്രദായിനീ  3  128

ഇങ്ങിനെ പത്തു മുദ്രകള്‍ ആദിനാഥനായ ശംഭു പറഞ്ഞു തന്നു. ഇവയോരോന്നും മഹാസിദ്ധി നല്കുന്നവയാണ്.

ഉപദേശം ഹി മുദ്രാണാം

യോ ദത്തേ സാമ്പ്രദായികം 

സ ഏവ ശ്രീഗുരു: സ്വാമീ

സാക്ഷാദീശ്വര ഏവ സ:  3  129

ഗുരുപരമ്പരയാ ഈ മുദ്രാവിജ്ഞാനം ഉപദേശിക്കുന്നവന്‍ മഹാഗുരു തന്നെയാണ്. അവന്‍ സാക്ഷാല്‍ ഈശ്വരന്‍ തന്നെ.

തസ്യ വാക്യപരോ ഭൂത്വാ

മുദ്രാഭ്യാസേ സമാഹിത:

അണിമാദി ഗുണൈ: സാര്‍ധം

ലഭതേ കാലവഞ്ചനം. 3  130

ഗുരുവിന്റെ വാക്കു പൂര്‍ണമായും പാലിച്ച് മുദ്രാഭ്യാസത്തില്‍ മുഴുകുന്നവന്‍ അണിമാദി സിദ്ധികളും കാലജയവും നേടും.

ഇവിടെ ബന്ധങ്ങളും മുദ്രകളും പ്രതിപാദിക്കുന്ന മൂന്നാം അധ്യായം (തൃതീയോപദേശം) കഴിഞ്ഞു. അടുത്തതില്‍ സമാധിയെ പ്രതിപാദിക്കുന്ന ചതുര്‍ഥോപദേശം ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.