ക്ഷേത്രത്തില്‍ പാലിക്കേണ്ട ആചാരങ്ങള്‍

Wednesday 12 June 2019 3:16 am IST

വിധിപ്രകാരമുള്ള  ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുമ്പോഴാണ് ക്ഷേത്രദര്‍ശനം സാര്‍ഥകമാകുന്നത്. ക്ഷേത്രദര്‍ശനത്തിന് പോകും മുമ്പ് മനസ്സും ശരീരവും ഒരു പോലെ ശുദ്ധിയാകണം. ധരിക്കുന്ന വസ്ത്രവും ശുദ്ധിയുള്ളതാവണം. ശുഭ്രവസ്ത്രങ്ങളാണ് അഭികാമ്യം. മുഷിഞ്ഞവസ്ത്രങ്ങള്‍ ധരിക്കരുത്. 

ക്ഷേത്രക്കുളത്തിലോ തീര്‍ഥക്കുളത്തിലോ സ്‌നാനം നടത്തിയ ശേഷം ഭഗവാനെ തൊഴുന്നത്  ശ്രേഷ്ഠമാണ്. 

എണ്ണയോ, തൈലമോ തലയിലിട്ട് ഈശ്വരദര്‍ശനം പാടില്ല. കുടപിടിച്ചും തലപ്പാവു ധരിച്ചും  ചെരിപ്പിട്ടും ക്ഷേത്രത്തില്‍ കയറരുത്. 

പുരുഷന്മാര്‍  മേല്‍മുണ്ട് അരയില്‍ കെട്ടിയാവണം ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. സ്ത്രീകള്‍ മുഖവും മനസ്സും മറയ്ക്കാതെ വസ്ത്രം ധരിക്കണം. 

കുട്ടികള്‍ ക്ഷേത്രത്തിനകത്ത് മലമൂത്രവിസര്‍ജനം നടത്താതെ ശ്രദ്ധിക്കണം. നഖം,മുടി, ഉമിനീര്, രക്തം തുടങ്ങിയവ ക്ഷേത്രത്തിനകത്ത് വീഴാന്‍ ഇടവരരുത്. 

സ്ത്രീകള്‍, ആര്‍ത്തവം തുടങ്ങി ഏഴു ദിവസത്തിനു ശേഷമേ ക്ഷേത്രദര്‍ശനം നടത്താവൂ. ആര്‍ത്തവം കഴിഞ്ഞ് പത്തുദിവസം കഴിഞ്ഞാവണം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍. പുലയുള്ളപ്പോഴും വാലായ്മയുള്ളപ്പോഴും ക്ഷേത്രത്തില്‍ പോകുന്നത് നിഷിദ്ധമാണ്. ബന്ധുക്കള്‍  മരിച്ചാല്‍ പതിനാറു ദിവസം കഴിഞ്ഞശേഷമേ ക്ഷേത്രദര്‍ശനം പാടുള്ളൂ. പ്രസവം കഴിഞ്ഞാല്‍ അമ്മയും കുഞ്ഞും കുഞ്ഞിന്റെ ചോറൂണിനു ശേഷം ക്ഷേത്രത്തില്‍ കയറുന്നതാണ് ഉത്തമം. ക്ഷേത്രത്തില്‍ കൊണ്ടു പോകുന്ന പൂജാദ്രവ്യങ്ങളും തികച്ചും ശുദ്ധമായിരിക്കണം. 

ക്ഷേത്രാരാധനയില്‍  ശരീരശുദ്ധിക്കുള്ള അത്രയും പ്രാധാന്യം  മനസ്സിന്റെ ശുദ്ധിക്കുമുണ്ട്. മനസ്സിലെ മാലിന്യങ്ങള്‍ പൂര്‍ണമായും അകറ്റണം. അസൂയ, അന്യരെ ദ്രോഹിക്കാനുള്ള ആസക്തി ഇവയെല്ലാം ഒഴിവാക്കി ഈശ്വരനില്‍ മനസ്സ് ഏകാഗ്രമാക്കി വേണം ദര്‍ശനം നടത്താന്‍. 

ദേവന്റെ ശരീരമാണ് ക്ഷേത്രമതില്‍ക്കകം എന്ന യാഥാര്‍ഥ്യം മറക്കരുത്. അവിടെയും ചെരിപ്പു ധരിച്ച് പ്രവേശിക്കരുത്. നിവേദ്യം പ്രസാദം എന്നിവ ക്ഷേത്രത്തില്‍ വീഴാന്‍ ഇടവരരുത്. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ഉറങ്ങരുത്. തര്‍ക്കിക്കുക, ചിരിക്കുക, കരയുകതുടങ്ങിയവയും വിലക്കിയിട്ടുണ്ട്. 

വിളക്കിലൊഴിക്കുന്ന എണ്ണ കൈയിലായാല്‍ അത് തലയിലോ ദേഹത്തോ തുടയ്ക്കാന്‍ പാടില്ല. ചന്ദനവും പൂവും മറ്റും ക്ഷേത്രത്തില്‍ ഉപേക്ഷിക്കരുത്. ക്ഷേത്രത്തിലെ ബലിക്കല്ലുകളില്‍ അറിയാതെ പോലും കാല്‍ തട്ടരുത്. ദേവനും വാഹനത്തിനുമിടയിലൂടെ നടക്കരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.