പ്രകൃതി ബ്രഹ്മത്തിന്റെ ശക്തി

Wednesday 12 June 2019 4:23 am IST

വാക്യാന്വയാധികരണം തുടരുന്നു.

സൂത്രം  അവസ്ഥിതേരിതി കാശകൃത്സ്‌ന:

വിജ്ഞാനാത്മഭാവത്തിലും ജീവഭാവത്തിലും സ്ഥിതി ചെയ്യുന്നതിനാല്‍ പരമാത്മാവ് എന്നത് വളരെ ശരിയെന്ന് കാശകൃത്സ്‌നന്‍ എന്ന ആചാര്യന്‍ പറയുന്നു.

ഛാന്ദോഗ്യോപനിഷത്തില്‍ 'അനേന ജീവേനാത്മനാനുപ്രവിശ്യ നാമരൂപേ വ്യാകരവാണി ' ജീവാത്മരൂപത്തില്‍ പ്രവേശിച്ച് നാമരൂപങ്ങളെ സ്ഥൂലമാക്കുന്നു എന്നുള്ളതിനാല്‍ ജീവാത്മാവും പരമാത്മാവും രണ്ടല്ല, ഒന്ന് തന്നെയാണ്. ആകാശം, തേജസ്സ് മുതലായവയെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ജീവനെ സൃഷ്ടിച്ചതായി പറയുന്നില്ല. അതിനാലും ജീവന്‍ പരമാത്മാവില്‍ നിന്ന് ഭിന്നനായി  സൃഷ്ടിക്കപ്പെട്ടതല്ല.

പരമാത്മാവ്  നാമരൂപങ്ങളാകുന്ന പല ഉപാധികളുമായി ചേരുമ്പോള്‍ ജീവനായിത്തീരുന്നു. ജീവന് ഒരിക്കലും പരമാത്മാത്മാവില്‍ നിന്ന് വേറിട്ട് നില്‍ക്കാനാവില്ല.

പ്രളയത്തില്‍ എല്ലാ ബ്രഹ്മാണ്ഡങ്ങളും പരമാത്മാവില്‍ സ്ഥിതി ചെയ്യുന്നു എന്നതിനാല്‍ പരമാത്മാവ് തന്നെ ജഗത്കാരണമെന്നാണ് കാശകൃത്സ്‌നന്‍ പറയുന്നത്.

പ്രശ്‌നോപനിഷത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ജീവനേയും മുഖ്യപ്രാണനും സുഷുപ്തി സമയത്ത് പരമാത്മാവില്‍ ലയിക്കുന്നുവെന്ന് പറഞ്ഞത് ജഗത്തിന്റെ കാരണം പരമാത്മാവെന്ന് ഉറപ്പിക്കാനാണ്.

പ്രകൃത്യധികരണം ഇത് ഏഴാമത്തെ അധികരണമാണ്. 5 സൂത്രങ്ങളുണ്ട്.

സൂത്രം പ്രകൃതിശ്ച പ്രതിജ്ഞാ ദൃഷ്ടാന്താനുപരോധാത് പ്രതിജ്ഞയ്ക്കും ദൃഷ്ടാന്തത്തിനും വിരോധമില്ലാത്തതിനാല്‍ പ്രകൃതി ഉപാദാനകാരണവുമാണ്.

സൃഷ്ടി ചെയ്യാനായി വേണ്ട അസംസ്‌കൃത സാധനമാണ് ഉപാദാനകാരണം. സൃഷ്ടി ചെയ്യുന്ന ചേതന അഥവാ ചൈതന്യവാനായ ആളാണ് നിമിത്ത കാരണം.

മണ്‍പാത്ര നിര്‍മാണത്തില്‍ മണ്ണ് ഉപാദാനകാരണം കുശവന്‍ നിമിത്ത കാരണം.

ജഗത്തിന്റെ ഉപാദാനകാരണം പ്രധാനമാണ് എന്ന് വാദിക്കുകയാണ് പൂര്‍വപക്ഷം. ബ്രഹ്മത്തെ വേണമെങ്കില്‍ നിമിത്ത കാരണമായി പറയാം എന്നും അവര്‍ പറയുന്നു.

എന്നാല്‍ ഇതിന് സമാധാനമായി സൂത്രം പറയുന്നു പ്രതിജ്ഞയ്ക്കും ദൃഷ്ടാന്തത്തിനും വിരോധം വരാത്തതിനാല്‍ പ്രകൃതിയെ ഉപാദാനകാരണമായും എടുക്കാം.

ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് പ്രകൃതിയെ കാണാനാകാത്തതിനാല്‍ പരമാത്മാവിന്റെ ശക്തിയായ പ്രകൃതിയാണ് ജഗത്തിനെ സൃഷ്ടിക്കുന്നത്.

ശ്രുതിയില്‍ പ്രതിജ്ഞ, ദൃഷ്ടാന്തം എന്നിവയുണ്ട്.

ആദ്യം ഒന്നിനെക്കുറിച്ച് പറയുക അത് പ്രതിജ്ഞ. പിന്നീട് അതിനെ ഉദാഹരണ സഹിതം വ്യക്തമാക്കുക അത് ദൃഷ്ടാന്തം.

ഛാന്ദോഗ്യത്തില്‍ 'യേനാശ്രുതം ശ്രുതം ഭവത്യമതം മതം അവിജ്ഞാതം വിജ്ഞാതം'   ഇത് കൊണ്ട് കേള്‍ക്കാത്തത് കേട്ടതായും ചിന്തിക്കാത്തത് ചിന്തിച്ചതായും അറിയാത്തത് അറിഞ്ഞതായും ഭവിക്കുന്നു. ഇതാണ് പ്രതിജ്ഞ.

'യഥാ സോമേൈക്യന മൃത്പിണ്ഡേന സര്‍വം മൃണ്‍മയം വിജ്ഞാതം സ്യാദ് വാചാരംഭണം വികാരോ നാമധേയം മൃത്തികേത്യേവ സത്യം' എപ്രകാരം മണ്ണിനെ അറിഞ്ഞാല്‍ മണ്ണുകൊണ്ടുള്ള എല്ലാറ്റിനേയും അറിയുന്നുവോ, വികാരങ്ങള്‍ വാക്കുകളാല്‍ പറയുന്നത് മാത്രമാണ്. മണ്ണ് മാത്രം സത്യം. ഈ പ്രപഞ്ചത്തില്‍ കാര്യരൂപത്തില്‍ കാണുന്നതെല്ലാം നാമങ്ങള്‍ മാത്രമാണ്. ബ്രഹ്മം മാത്രമാണ് സത്യം .ഇതിന് വിരോധം വരാത്തതിനാല്‍ പ്രകൃതിയും ഉപാദാനകാരണമായി പറയാമെന്ന് സൂത്രം വ്യക്തമാക്കുന്നു.

എന്നാല്‍ പ്രകൃതിയെ ബ്രഹ്മത്തില്‍ നിന്നും വേറിട്ട വസ്തുവായി കാണരുത്. അത് ബ്രഹ്മത്തിന്റെ ശക്തിയാണ്. ശക്തനേയും അയാളുടെ ശക്തിയേയും വേറെ വേറെ കാണാന്‍ പാടില്ല. ഉപാദാനകാരണമായി രണ്ടാമതൊന്നില്ല തന്നെ.

സാംഖ്യന്മാര്‍ പ്രധാനത്തെ അഥവാ പ്രകൃതിയെ വേറെ കാണുന്നു എന്നതാണ് കുഴപ്പം. പ്രകൃതിയായി ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് മറ്റൊന്നിനെ കല്‍പ്പിച്ചാല്‍ പ്രതിജ്ഞയ്ക്ക് ഭംഗം വരും. അതിനാല്‍ പരമാത്മാവ് തന്നെ ജഗത് കാരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.