മന്ഥപാശമായ വാസുകി

Wednesday 12 June 2019 4:31 am IST

മാല കിട്ടിയ മഹര്‍ഷി അതു തന്റെ മനസ്സിലെ ചഞ്ചലമാക്കുമോ എന്നു ഭയന്നു. അത് ആര്‍ക്കു സമ്മാനിക്കും എന്നോര്‍ത്തിരിക്കവേ ഇന്ദ്രന്‍ ഐരാവതത്തിനു മുകളിലേറി അവിടെയെത്തി. മഹര്‍ഷി മാലയെടുത്ത് ഇന്ദ്രന് സമ്മാനിച്ചു. ഇന്ദ്രന്‍ മുടി മാടിയൊതുക്കാനായി  കൈയിലിരുന്ന മാലയെടുത്ത് ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ചു. മാലയുടെ ഗന്ധപ്രസരം നിമിത്തം വണ്ടുകള്‍ വന്ന് ഗജത്തിന്റെ മസ്തകം പൊതിഞ്ഞു. വണ്ടുകളുടെ ഉപദ്രവത്തില്‍ സഹികെട്ട ഐരാവതം തുമ്പിക്കൈകൊണ്ട് മാല വലിച്ചെടുത്ത് നിലത്തിട്ട് ചവിട്ടി ചതച്ചരച്ചു. ഇതെല്ലാം കണ്ടുനിന്ന ക്ഷിപ്രകോപിയായ ദുര്‍വാസാവ് മഹര്‍ഷിക്ക് കോപം നിയന്ത്രിക്കാനായില്ല.

' ഇന്ദ്രാ, ഐശ്വര്യോത്തമനായ നിന്റെ സ്വര്‍ഗീയ സമ്പത്തുകളെല്ലാം മറഞ്ഞു പോകട്ടെ. നിനക്കും നിന്റെ വര്‍ഗക്കാരായ സകലദേവന്മാര്‍ക്കും ജരാനരകള്‍ ബാധിച്ച് അമരത്വമില്ലാതാകട്ടെ. ' ദുര്‍വാസാവിന്റെ ശാപം കേട്ടു ഭയന്ന  ഇന്ദ്രന്‍ മൂര്‍ത്തിത്രയത്തിന്റെ അരികില്‍ അഭയം തേടി. മൂര്‍ത്തിത്രയം കൂടിയാലോചന നടത്തി. സ്വര്‍ഗീയവിഭവങ്ങളെല്ലാം പാലാഴിയില്‍ ആണ്ടുകിടക്കുകയാണെന്നും പാലാഴി കടഞ്ഞാല്‍ അവ വീണ്ടെടുക്കാമെന്നും അതോടെ പാല്‍ക്കടലില്‍ നിന്നു ലഭിക്കുന്ന അമൃതം ആസ്വദിച്ചാല്‍ ഇന്ദ്രാദികളുടെ ജരാനരകള്‍ മാറുമെന്നും അവര്‍ കണ്ടുപിടിച്ചു. 

മഥനം നടത്താന്‍ ദേവാസുരന്മാര്‍ പ്രവര്‍ത്തകരായും മന്ദര പര്‍വതം മഥനമന്ഥമായും വാസുകി നാഗം മന്ഥപാശമായും ത്രിമൂര്‍ത്തികള്‍ മഥനനിര്‍വാഹകരായും തീരണം. വിഷ്ണു അസുര ശത്രുവാണ്. അതുകൊണ്ട് ശിവന്‍ അസുരരെ വരുത്തി. മന്ദരഗിരി കൊണ്ടു വരാന്‍ സുരന്മാര്‍ പോയി. കാര്യം ഫലിച്ചില്ല. ശിവഭൂതഗണങ്ങള്‍ക്കും അസുരന്മാര്‍ക്കും അതിനായില്ല. എന്നാല്‍ ഗരുഡന്‍, പരുന്ത് തവളയെ റാഞ്ചുന്ന ലാഘവത്തോടെ മന്ദരപര്‍വതവുമായി വന്നു.

മന്ഥപാശമായ വാസുകിയെ കൊണ്ടുവരുന്നതിലും ദേവാസുരന്മാര്‍ പരാജയപ്പെട്ടു. നാഗനഗരിയില്‍ ചെന്ന് ഗരുഡന്‍ വാസുകിയോട് പാലാഴിയിലേക്കെത്തണമെന്ന് അഭ്യര്‍ഥിച്ചു. വേണമെങ്കില്‍ എടുത്തു കൊണ്ടുപൊയ്‌ക്കോളൂ, എന്നായിരുന്നു വാസുകിയുടെ മറുപടി. 

ഗരുഡന്‍ വാസുകിയുടെ മധ്യഭാഗം കൊത്തിയെടുത്ത് പറക്കാന്‍ ശ്രമിച്ചു. ചക്രവാളത്തിനപ്പുറമെത്തിയിട്ടും നാഗപതിയുടെ മധ്യഭാഗം തറയില്‍ തന്നെ അവശേഷിച്ചു. എത്ര തന്നെ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഗരുഡന്‍ തിരിച്ചു പോയി. വിവരമറിഞ്ഞപ്പോള്‍ ശിവന്‍ തന്റെ കൈ പാതാളത്തിലേക്കു നീട്ടി. ശിവന്റെ കൈയില്‍ വാസുകി ഒരു ചെറുതവളയായി പരിണമിച്ച്  പാലാഴിയിലെത്തി. മഥനത്തിനുള്ള വസ്തുക്കളെല്ലാമൊരുങ്ങി. മന്ദരത്തിനു ചുറ്റും വാസുകിയെ കയറായി കെട്ടി മഥനമാരംഭിച്ചു, വാസുകിയുടെ വാലില്‍ ദേവന്മാരും തലയില്‍ അസുരന്മാരും പിടിച്ചു വിലിച്ചു കടയാനാരംഭിച്ചു. ജരാനരബാധിച്ച ദേവന്മാരുടെ ശക്തിക്കുറവും അതികായന്മാരായ അസുരന്മാരുടെ കായബലവും നിമിത്തം ഏങ്കോണിച്ചു കറങ്ങിയ മന്ദര പര്‍വതം നാഗപാശത്തില്‍ നിന്ന് ഊര്‍ന്നിറങ്ങി പാലാഴിയില്‍ ആണ്ടുപോയി. 

ദേവാസുരന്മാര്‍ക്കോ, ഭൂതഗണങ്ങള്‍ക്കോ ശിവനോ, ഗരുഡനോ അതൊന്ന് ഇളക്കാന്‍ പോലുമായില്ല. ഒടുവില്‍ വിഷ്ണു കൂര്‍മ്മാവതാരമെടുത്ത് അത് നിഷ്പ്രയാസം പൊക്കി. പക്ഷേ പൊക്കിയത് അല്പം കൂടിപ്പോയി. വിഷ്ണുഭഗവാന്‍ പര്‍വതത്തിനു മീതെ കയറിയിരുന്നു. മന്ദരം ഒന്നു താണു. കൃത്യത്തിനു കൃത്യമായി. 

ദേവന്മാരുടെ ദൗര്‍ബ്ബല്യം നികത്താന്‍ ശക്തിശാലികളായ ബാലിസുഗ്രീവന്മാരെ വരുത്തി. അവര്‍ മാത്രം ഒരു വശത്ത്. മഥനം തീരാറായി. ആ സമയത്ത് വാസുകിയുടെ വായില്‍ നിന്ന് കാളകൂടം പുറത്തു ചാടി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ വാടിത്തളര്‍ന്നു. ലോകം ദഹിച്ചു പോകുന്ന അവസ്ഥയായി. ഭയം പുറത്തു കാണിക്കാതെ വിഷ്ണു ഇന്ദ്രിയങ്ങളെ മൂടി. ഈയൊരവസ്ഥയില്‍ മഹാദേവന്‍ ലോകരക്ഷയ്്‌ക്കെത്തി. ആ വിഷദ്രാവകം മുഴുവന്‍ വായിലേക്കൊഴിച്ചു. അതു കണ്ട പാര്‍വതീദേവി വിഷം വയറിലേക്കിറങ്ങാതിരിക്കാന്‍ ശിവന്റെ കണ്ഠം ഞെരിച്ചു പിടിച്ചു. വായില്‍ നിന്ന് വിഷം പുറത്തു വരാതിരിക്കാന്‍ വിഷ്ണു, ശിവഭഗവാന്റെ വായ പൊത്തിപ്പിടിച്ചു. മുകളിലേക്കും താഴേയ്ക്കുമിറങ്ങാതെ നിന്ന വിഷം ശിവന്റെ കണ്ഠത്തില്‍ പറ്റിപ്പിടിച്ചു. കണ്ഠം നീലനിറമായി .അങ്ങനെയാണ് ശിവന്‍ നീലകണ്ഠനായത്. വിഷത്തിന്റെ ആവി തട്ടിയ വിഷ്ണു നീലവര്‍ണനും പാര്‍വതി കാളിയുമായി. ഇന്ദ്രാദികളും ബാലിസുഗ്രീവന്മാരും നീലവര്‍ണന്മാരായി. 

( തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.