പാലാരിവട്ടം മേല്‍പ്പാലം; നിര്‍മാണത്തില്‍ ഗൂഢാലോചന നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്

Wednesday 12 June 2019 4:56 am IST

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ വന്‍ ഗൂഢാലോചന നടന്നതായും പ്രതികള്‍ സാമ്പത്തിക ലാഭമുണ്ടാക്കിയതായും വിജിലന്‍സ് റിപ്പോര്‍ട്ട്. പാലം നിര്‍മാണ കരാറെടുത്ത ആര്‍ബിഡിസികെയിലെയും മേല്‍നോട്ട ചുമതലയുണ്ടായിരുന്ന കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥര്‍ പദവികള്‍ ദുര്‍വിനിയോഗിച്ചതായും വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവരുടെ അധികാര ദുര്‍വിനിയോഗത്താല്‍ പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിക്ക് വലിയ സാമ്പത്തിക ലാഭമുണ്ടായി. ഇത് സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തി. പാലം രൂപ കല്‍പ്പന ചെയ്ത ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സി, കിറ്റ്‌കോയിലെയും ആര്‍ബിഡിസികെയിലെയും ഉദ്യോഗസ്ഥര്‍ എന്നിവരും അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കി. പരിശോധനയില്ലായ്മയും അഴിമതിയും പാലത്തിന്റെ ഗുണനിലവാരമിടിച്ചെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നു.  

അഴിമതി നിരോധന വകുപ്പ്, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ്  വിജിലന്‍സ് കേസെടുത്തത്.

യുഡിഎഫ് ഭരണകാലത്ത് സ്പീഡ് കേരള പദ്ധതിയില്‍പ്പെടുത്തി പാലം നിര്‍മാണത്തിനായി 72.60 കോടിയുടെ ഭരണാനുമതി നല്‍കി. 42 കോടിയാണ് പാലത്തിന് മാത്രം തുക വകയിരുത്തിയത്. ആര്‍ബിഡിസികെയെ ഏല്‍പ്പിച്ചാല്‍ അഴിമതിയില്ലാതാകുമെന്നായിരുന്നു യുഡിഎഫ് വാദം. ദേശീയപാത അതോറിറ്റി നിര്‍മിക്കേണ്ട പാലം ടെന്‍ഡര്‍ പോലും വിളിക്കാതെ ആര്‍ബിഡിസികെയെ ഏല്‍പ്പിച്ചതോടെ അഴിമതിക്ക് കളമൊരുങ്ങുകയായിരുന്നു. നിര്‍മാണ ചുമതല ആര്‍ഡിഎസിന് തന്നെ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയിരുന്നുവോയെന്നും വിജിലന്‍സ് സംശയിക്കുന്നു. ഇത് കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഡിഎഫ് കാലത്തെ പൊതുമരാമത്ത് പണികളില്‍  അഴിമതിയും ക്രമക്കേടും നടന്നുവെന്ന 2015ലെ വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.