കാലവര്‍ഷമെത്തി; മലയോര ഹൈവേയില്‍ സാഹസികയാത്ര

Wednesday 12 June 2019 5:01 am IST

പുനലൂര്‍/അഞ്ചല്‍: കാലവര്‍ഷം ആരംഭിച്ചതോടെ മടത്തറ-കുളത്തൂപ്പുഴ-അഞ്ചല്‍-പുനലൂര്‍ പാതയില്‍ യാത്ര സാഹസികം. റോഡ് മലയോര ഹൈവേയാക്കി വികസിപ്പിക്കുന്നതിനായി നിര്‍മാണം നടക്കുന്ന ഭാഗങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളവും ചെളിയും ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് കെണിയൊരുക്കുകയാണ്. നാലുദിവസം മുമ്പ് ഏരൂരില്‍ കലുങ്ക് നിര്‍മിക്കാനെടുത്ത കുഴിയില്‍വീണ് അയിലറ സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. രാത്രിയില്‍, റോഡ് പരിചയമില്ലാതെ വരുന്ന പലരും അപകടത്തില്‍പ്പെടുകയാണ്.

മടത്തറ, കുളത്തൂപ്പുഴ, ഭാരതീപുരം, പത്തടി, ഏരൂര്‍, അഗസ്ത്യക്കോട്, കുരുവിക്കോണം, മാവിള തുടങ്ങിയ ഭാഗങ്ങളിലാണ് റോഡില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പലയിടത്തും റോഡ് ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നുണ്ട്. റോഡ് താഴ്ത്തുന്നിടത്ത് പകുതിവീതം രണ്ട് ഉയരത്തിലാണ് റോഡ്. ഇവിടെ അപകടമുണ്ടാകാന്‍ സാധ്യതയേറേയാണ്. വീപ്പകള്‍ നിരത്തിവച്ചോ മറ്റോ വേണ്ടത്ര ഗൗരവമില്ലാതെയാണ് മുന്നറിയിപ്പ്. 

റോഡ് ഉയര്‍ത്തുന്നതിനായി മണ്ണിട്ട് നികത്തുന്ന ഭാഗങ്ങളിലാണ് ഏറ്റവും അപകടം. ഇത്തരം ഭാഗങ്ങളില്‍ മണ്ണ് കുഴഞ്ഞ് കുഴമ്പ് പരുവത്തിലാണ്. ഈ ഭാഗങ്ങളാണ് ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിലാക്കുന്നത്. നിരനിരയായി ബൈക്കുകള്‍ തെന്നിമറിയുന്നുണ്ട്. മാവിള ജംഗ്ഷനില്‍ നേരത്തെ വാഹനങ്ങള്‍ തെന്നിമറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

അഞ്ചല്‍-പുനലൂര്‍ പാതയില്‍ മാവിള ജംഗ്ഷനും കനാല്‍ ജംഗ്ഷനും മധ്യേയാണ് ഏറ്റവും അപകടസാധ്യത. ഇവിടെ കുത്തനെ മണ്ണിട്ടുയര്‍ത്തിയ ഭാഗങ്ങളില്‍ ബ്രേക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ തെന്നി കുഴിയിലേയ്ക്ക് പതിക്കുകയാണ്. മടത്തറ ചല്ലിമുക്ക് മുതല്‍ പുനലൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷന്‍വരെയാണ് ജില്ലയില്‍ മലയോര ഹൈവേക്കായി പുനരുദ്ധരിക്കുന്നത്. ഇതില്‍ സര്‍വെ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ മാത്രമാണ് നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നത്.

പുനലൂര്‍ മുതല്‍ അരിപ്പവരെയുള്ള റീച്ചില്‍ അഞ്ചല്‍-പുനലൂര്‍ പാതയില്‍ അഗസ്ത്യക്കോട് മുതല്‍ മാവിളവരെയും ഏരൂര്‍ മുതല്‍ കുളത്തൂപ്പുഴവരെയും അപകടം പതിയിരിക്കുന്നു. മുന്നൊരുക്കങ്ങളില്ലാതെ ആരംഭിച്ച ഹൈവേനിര്‍മാണം ഇപ്പോള്‍ നടക്കുന്നത് ജനസാന്ദ്രതയും വാഹനത്തിരക്കും ഏറെയുള്ള പ്രദേശത്താണ്. റോഡിന്റെ വശങ്ങള്‍ ചാലുകീറിയും കിടങ്ങുകളെടുത്തും കാല്‍നടയാത്ര പോലും ദുഷ്‌കരമായി. നിരവധി കലുങ്കുകളാണ് ഈ ഭാഗത്ത് നിര്‍മിച്ചിരിക്കുന്നത്. വശങ്ങള്‍ കെട്ടിപ്പൊക്കുന്നതിന്റെ ഭാഗമായി മണ്ണെടുത്ത് കൂട്ടിയിരിക്കുന്നത് ഒലിച്ചിറങ്ങി റോഡില്‍ ചെളിക്കുണ്ടുകളായി.

സ്‌കൂള്‍ തുറന്നദിവസം രാവിലെ അരഡസനിലേറെ വാഹനങ്ങളാണ് റോഡില്‍ പുതഞ്ഞത്. കുട്ടികളും രക്ഷിതാക്കളും സ്‌കൂളിലെത്താതെ വിഷമിച്ചു. ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴുന്നതും പതിവാണ്. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളടക്കം ഇടിഞ്ഞുതാഴാറായ റോഡുവശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെടുന്നു. അപകടങ്ങളും ഗതാഗതസ്തംഭനവും പതിവാകുമ്പോഴും  അധികൃതര്‍ അറിഞ്ഞ മട്ടില്ല. റോഡ് വികസനം വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ സഹകരിക്കണമെന്നാണ് ഭാഷ്യം. അഞ്ചല്‍-പുനലൂര്‍ റോഡില്‍ കലുങ്ക് ജംഗ്ഷനിലെ അശാസ്ത്രീയമായ റോഡ് നിര്‍മാണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രതികരിച്ചിട്ടില്ല.

അപകടകരമായ രീതിയില്‍ മണ്ണ് മാറ്റിയതിനാല്‍ റോഡ് ഇടിഞ്ഞുതാണു. മഴ കനത്തതോടെ ഏതുനിമിഷവും ഇടിഞ്ഞുതാഴുന്ന റോഡിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് വലിയവാഹനങ്ങളുടെ യാത്ര. ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ റോഡ് പണി വേഗത്തിലാക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ മഴ കനക്കുന്നതോടെ റോഡ് പണിക്ക് വേഗം കുറയാനാണ് സാധ്യത. ഒപ്പം അപകടങ്ങള്‍ വര്‍ദ്ധിക്കാനും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.