എട്ട് വനിതാപോലീസുകാരുള്‍പ്പെടെ നാല്‍പ്പത് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ശുചിമുറി

Wednesday 12 June 2019 5:11 am IST

എഴുകോണ്‍: ശുചിമുറി എന്ന് കേട്ടാലേ കേരളത്തിലെ 'പുരോഗമന' സര്‍ക്കാരിന് പരിഹാസമാണ്. അതങ്ങ് ഗുജറാത്തില്‍ പറഞ്ഞാല്‍ മതിയെന്നാണ് പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ വാദം. പിണറായിയുടെ വകുപ്പില്‍ എട്ട് വനിതാപോലീസുകാരുള്‍പ്പെടെ നാല്‍പ്പത് ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒറ്റ ശുചിമുറി മാത്രമുള്ള ഒരു പോലീസ്‌സ്റ്റേഷന്‍. പ്രതികള്‍ക്കുള്ള സെല്ലിലാണെങ്കില്‍ അതുമില്ല. പോലീസും കള്ളനും ഒരു ശുചിമുറിയില്‍ 'കാര്യം സാധിക്കണം'. എഴുകോണിലെ പോലീസ് സ്റ്റേഷനാണ് 'നമ്പര്‍വണ്‍' കേരളത്തെ ഇങ്ങനെ മാനം കെടുത്തുന്നത്.

ഭാര്‍ഗവീനിലയം പോലെയാണ് എഴുകോണ്‍ പോലീസ് സ്റ്റേഷന്റെ ഇപ്പോഴത്തെ അവസ്ഥ. അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുകയാണ് കെട്ടിടവും ഉദ്യോഗസ്ഥരും. പരാതിയുമായി ചെല്ലുന്നവരുള്‍പ്പെടെ ഈ ദുരവസ്ഥയുടെ ഇരകളാണ്.

ഓടിട്ട പഴയ വാടകക്കെട്ടിടത്തിലാണ് ഇപ്പോഴും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. വായുവും വെളിച്ചവും കിട്ടാത്ത ഇടുങ്ങിയ മുറികളാണുള്ളത്. ചുറ്റുപാടും കാട് മൂടി കിടക്കുന്നു. തൊണ്ടിയായും മറ്റും പിടിച്ചെടുത്തതും തുരുമ്പിച്ചതുമായ വാഹനങ്ങളുടെയും കൂട്ടമാണ് സ്റ്റേഷന് പരിസരത്ത്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ഓടുകള്‍ പൊട്ടിയതിനാല്‍ ചോര്‍ച്ചയുമുണ്ട്.

പ്രതികളെ സൂക്ഷിക്കുന്ന സെല്ലിലും ശുചിമുറിയില്ല. പോലീസ്‌വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ. പുതിയ സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടിയില്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.