വെള്ളിക്കീല്‍ ഇക്കോ പാര്‍ക്ക് നവീകരണത്തില്‍ അഴിമതി

Wednesday 12 June 2019 5:16 am IST

തളിപ്പറമ്പ്: വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി വ്യാപകമെന്നാരോപിച്ച് നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. ആന്തൂര്‍ നഗരസഭയില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രമായി വളര്‍ന്നു വരുന്ന വെള്ളിക്കീല്‍ ഇക്കോ പാര്‍ക്ക് 2014 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് 80 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സോളാര്‍ വൈദ്യുതി വിളക്കുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി. കത്താതെ കിടക്കുന്ന സോളാര്‍ വിളക്കുകള്‍ നന്നാക്കിയെടുക്കാര്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് രണ്ടാംഘട്ട നവീകരണത്തില്‍ ഹൈമാസ്റ്റ് ലാമ്പുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 

 ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഡിടിപിസി ഇവിടെ നടപ്പിലാക്കുന്നത്. നിര്‍മ്മിതികേന്ദ്രത്തെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വേണ്ടി നിര്‍മിച്ച 23 ഇരിപ്പിടങ്ങള്‍ക്ക് മേല്‍ക്കൂര നിര്‍മിക്കാന്‍ മാത്രം 25 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഉപ്പുകാറ്റ് വീശുന്ന സ്ഥലമായതിനാല്‍ മേല്‍ക്കൂരയുടെ തൂണുകള്‍ പൂര്‍ണമായും ഒന്നാം ഗ്രേഡ് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മിക്കണമെന്നായിരുന്നു നിര്‍മാണ വ്യവസ്ഥയെങ്കിലും ഒരെണ്ണം മാത്രമാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചത്. ബാക്കിയുള്ളവ ഏച്ചുകൂട്ടിയ ജിഐ പൈപ്പ് ഉപയോഗിച്ചാണ് പണിതത്. ഇത് ഈ വര്‍ഷത്തെ മഴകൊണ്ടാല്‍ തന്നെ തുരുമ്പിച്ച് തീരുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കരാറുകാരനെ കണ്ട് വിവരം നേരിട്ട് ധരിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു.

നവീകരണത്തില്‍ നിരവധി ക്രമക്കേടുകള്‍ നടന്ന കാര്യം ജയിംസ് മാത്യു എംഎല്‍എയെ ധരിപ്പിച്ചതായും അദ്ദേഹം സ്ഥലം സന്ദര്‍ശിച്ച ശേഷം മാത്രമേ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.