പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സാമൂഹ്യമാധ്യമങ്ങളിലും എസ്എഫ്‌ഐ ഭീഷണി

Wednesday 12 June 2019 5:22 am IST

പെരിയ: എസ്എഫ്‌ഐക്കാരുടെ ഭീഷണിയെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് ടിസി വാങ്ങിപ്പോകേണ്ടി വന്ന പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഭീഷണി. പെരിയയില്‍ കൊല്ലപ്പെട്ട ശരത്ത്ലാലിന്റെ പിതൃസഹോദരിയുടെ മകന്‍ ഉമേശന്റെ മകന്‍ ദീപക്കിനാണ് എസ്എഫ്‌ഐ ഭീഷണിമൂലം സ്‌കൂളില്‍ നിന്നും ടിസി വാങ്ങി പോകേണ്ടി വന്നത്.  പ്‌ളസ് വണ്‍ പ്രവേശനത്തിനെത്തിയപ്പോള്‍ തന്നെ എസ്എഫ്‌ഐക്കാര്‍ അവരുടെ പ്രചാരണ കാര്‍ഡ് ദീപക്കിന് നല്‍കിയിരുന്നു. ഈ കാര്‍ഡ് വാട്‌സ് ആപിലൂടെ തങ്ങള്‍ ആവശ്യപ്പെടുമ്പോഴൊക്കെ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കി. 

വാട്‌സപ്പിലുള്ള ശരത്‌ലാലിന്റെയും കൃപേഷിന്റയും ചിത്രങ്ങള്‍ മാറ്റാന്‍ നിരന്തരം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു. നിരന്തരഭീഷണിയെ തുടര്‍ന്ന് പോലീസ് സഹായത്തോടെ ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറുകയായിരുന്നു. അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ദീപകിന് ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചത്. രണ്ടാം അലോട്ട്മെന്റില്‍ രാവണീശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് ഗ്രൂപ്പില്‍ ലഭിച്ചു. ഇതോടെ ഇവിടെ പ്രവേശനം നേടി. സ്‌കൂളിലെത്തിയപ്പോള്‍ തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ദീപക്കിന് മുന്നറിയിപ്പ് നല്‍കിയതായി പറയുന്നു. എസ്എഫ്‌ഐ എന്നെഴുതിയ കാര്‍ഡ് നല്‍കിയാണ് സ്വീകരിച്ചതെന്നും എല്ലാ ദിവസവും ക്ലാസില്‍ വരുമ്പോള്‍ കാര്‍ഡ് കൈയ്യില്‍ കരുതണമെന്നും പറഞ്ഞതായി ദീപക് പറയുന്നു. ഇക്കഴിഞ്ഞ ദിവസം ക്ലാസിലെത്തിയ ദീപക്കിനോട് കാര്‍ഡ് എവിടെയെന്ന് ചോദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതറിഞ്ഞ വീട്ടുകാര്‍ സ്ഥലം മാറ്റ അപേക്ഷ നല്‍കി. ഫോണിലെ സ്റ്റാറ്റസ് മായ്ച്ചുകളയണമെന്നും ആവശ്യപ്പെട്ടു. 

വനിതാ മതിലിനെക്കുറിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട മാവുങ്കാലിലെ വൈഷ്ണവിന്റെ അനുഭവം ചോദിച്ചാല്‍ മതിയെന്ന് ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കുന്ന ശബ്ദരേഖയും ദീപകിന്റെ കൈയ്യിലുണ്ട്. ഭീഷണിയുയര്‍ന്നതോടെ ദീപകിനെ പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടിസി വാങ്ങാന്‍ ഇങ്ങോട്ടു വന്നാല്‍ ആക്രമിക്കും എന്ന ശബ്ദസന്ദേശം വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണുകളില്‍ തുടരെ വന്നു. ഇതേത്തുടര്‍ന്ന് കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. ഹൊസ്ദുര്‍ഗ് സിഐ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് രാവണീശ്വരം സ്‌കൂളില്‍ നിന്നും ടിസി വാങ്ങി ദീപക് പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നത്. പെരിയയിലും ഞങ്ങളുടെ പിള്ളരുണ്ട് സൂക്ഷിച്ചോയെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞതായി ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.