കനകപ്പലം പിന്നാക്ക കോളനിയിലെ കുടിവെള്ള പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു

Wednesday 12 June 2019 5:31 am IST

എരുമേലി: പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായി ലഭിച്ച ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കനകപ്പലം കോളനി കുടിവെള്ള പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. 2009-10 വര്‍ഷത്തില്‍ എരുമേലി ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളുടെ ധനസഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പദ്ധതിയാണ് പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്. 

കനകപ്പലം തേക്ക് പ്ലാന്റേഷന് സമീപം കുളം നിര്‍മ്മിച്ച് ഇവിടെ നിന്നും കോളനിക്കുള്ളില്‍ നിര്‍മ്മിച്ച ടാങ്കിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ലക്ഷ്യം. 

എന്നാല്‍ കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മ്മിച്ചെങ്കിലും നിലവിലുണ്ടായിരുന്ന കുളംകെട്ടിയെടുക്കാന്‍ കാട്ടിയ അനാസ്ഥയാണ് കോളനി നിവാസികളുടെ കുടിവെള്ളം മുട്ടിച്ചത്.

നിലവില്‍ കനകപ്പലം കുടിവെള്ള പദ്ധതി ഉള്ളതിനാല്‍ കോടികള്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ എരുമേലി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനും കോളനി നിവാസികള്‍ക്ക് ലഭിക്കാത്തതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്. 

ടാങ്ക് നിര്‍മ്മാണത്തിലും, ഒന്നാം ഘട്ടത്തിലെ കുളം കെട്ടിയെടുക്കുന്നതിലും വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോള്‍ സിന്തറ്റിക് ടാങ്ക് സ്ഥാപിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. 

ജില്ലയിലെ ഏറ്റവും വലിയ പിന്നോക്ക കോളനിയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമാകേണ്ട പദ്ധതിയാണ് ടാങ്ക് നിര്‍മ്മാണത്തോടെ പാതിവഴിയില്‍ ഉപേക്ഷിച്ചത്. 

കനകപ്പലം - ശ്രീനിപുരം പിന്നാക്ക കോളനിയോടുള്ള അധികാരികളുടെ കടുത്ത അവഗണനയാണ് ഈ പദ്ധതിയെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.