മുണ്ട് മുറുക്കിയുടുക്കാന്‍ ആഹ്വാനം നല്‍കി ധനമന്ത്രിയുടെ ധൂര്‍ത്തടി; പുതിയ ജീപ്പുകള്‍ വാങ്ങിക്കാനായി വകുപ്പ് ചെലവഴിച്ചത് 96 ലക്ഷം രൂപ; വാഹനങ്ങള്‍ മാറിയത് എസി ഇല്ലാത്തതിനാലെന്ന് തോമസ് ഐസക്ക്

Wednesday 12 June 2019 10:28 am IST

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്തെ ചെലവുകളും പദ്ധതി വിഹിതങ്ങളും വെട്ടിക്കുറച്ച ധനവകുപ്പ് തന്നെ വാഹനം വാങ്ങാനായി ചെലവഴിച്ചത് 96 ലക്ഷം രൂപ. സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട ധനവകുപ്പ് തന്നെ 12 പുതിയ എസി ബൊലേറോ ജീപ്പുകളാണ് വാങ്ങിയത്. നിയമസഭയില്‍ ധനമന്ത്രി നല്‍കിയ ഉത്തരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അതും നാല്‍പ്പതിനായിരം മുതല്‍ എഴുപതിനായിരം കിലോ മീറ്റര്‍ മാത്രം ഓടിയ വണ്ടികള്‍ക്ക് പകരം. സാമ്പത്തിക പ്രതിസന്ധി മൂലം വകുപ്പ് മേധാവികള്‍ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശമാണ് മന്ത്രി തോമസ്‌  ഐസക്ക് അടുത്തിടെ പുറത്തിറക്കിയത്. കൂടാതെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. 

ധനകാര്യ പരിശോധനാ വിഭാഗത്തിന് നിലവിലുള്ള ഓള്‍ട്ടോ കാറില്‍ പരിശോധനക്കായി കൂടുതല്‍ ജീവനക്കാര്‍ക്ക് പോകാനുള്ള ബുദ്ധിമുട്ടാണ് പുതിയ വാഹനം വാങ്ങാനുള്ള ഒരു കാരണമായി പറയുന്നത്. 12 ജില്ലകളിലെ വാഹനങ്ങളില്‍ എസി ഇല്ലാത്തതിനാല്‍ മഴക്കാലത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. നിലവിലുള്ള പഴയ വാഹനങ്ങള്‍ ദേശീയ സമ്പാദ്യ പദ്ധതി വിഭാഗത്തിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.