ചന്ദ്രയാന്‍ 2 ജൂലൈ 15 വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ; ചിത്രങ്ങള്‍ പുറത്തുവിട്ടു; ലോകം കണ്ണുനട്ട് ഇന്ത്യയിലേക്ക്

Wednesday 12 June 2019 12:08 pm IST

ബെംഗളൂരു : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ - 2 അടുത്ത മാസം 15ന് കുതിച്ചുയരും. നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഐഎസ്ആര്‍ഒ മൊഡ്യൂളുകളുടെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്. തിയതീ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പ്രഖ്യാപിച്ചത്. പുലര്‍ച്ചെ 2. 51ന് ആണ് വിക്ഷേപണം. സെപ്തംബര്‍ ആറിന് പേടകം ചന്ദ്രന്റെ ഉപരിതലം തൊടും. ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ആണ് വിക്ഷേപണ വാഹനം.

ദൗത്യത്തിന്റെ അവസാന വട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായതായി നേരത്തേ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലും കര്‍ണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികള്‍ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകള്‍ തമ്മില്‍ യോജിപ്പിച്ചത് ഐഎസ്ആര്‍ഒയുടെ ബംഗളുരു ക്യാംപസില്‍ വച്ച് തന്നെയാണ്. ജൂണ്‍ 19-ന് ബംഗളുരു ക്യാംപസില്‍ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകള്‍ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും.

മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ. ലാന്‍ഡിങ്ങിന് ഉപയോഗിക്കുന്ന മൊഡ്യൂളിന് പേര് വിക്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണിത്. അതിസങ്കീര്‍ണ്ണമായ ലാന്‍ഡിങ്ങാണ് ചാന്ദ്രയാന്‍-2 ഒരുങ്ങുന്നത്. ഇതിലൂടെ സോഫ്റ്റ് ലാന്‍ഡിങ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കും. 

എന്നാല്‍ ചന്ദ്രയാന്‍ ഇറക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആയതിനാല്‍ ലാന്‍ഡിങ് ഏറെ ദുര്‍ഘടമാകുമെന്നാണ് വിലയിരുത്തല്‍. ഇതുവരെ ഒരു ബഹിരാകാശവാഹനവും ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാന്‍ - ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. 

ചന്ദ്രയാന്‍ റോവറിന്റെ പേര് പ്രഗ്യാന്‍ എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ കറങ്ങി വിവരങ്ങള്‍ ഗവേഷകര്‍ക്ക് കൈമാറുകയാണ് പ്രഗ്യാന്‍ ചെയ്യുക.ചന്ദ്രന്റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തില്‍ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഇതും ബുദ്ധിമുട്ടേറിയതാകും. 

ജിഎസ്എല്‍വിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാര്‍ക്ക് - 3യാണ് ചന്ദ്രയാനെ ബഹിരാകാശത്തേയ്ക്ക് എത്തിക്കുക. 800 കോടി രൂപ ചെലവിലൊരുങ്ങുന്ന ഇന്ത്യയുടെ അഭിമാനപദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാന്‍ മാര്‍ക്ക് 3-യ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട് എഎസ്ആര്‍ഒയ്ക്ക്. ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രീഡി മാപ്പിങ് മുതല്‍ ഉപരിതലത്തിലെ ജലകണികകളുടെ സാന്നിധ്യം തിരിച്ചറിയാനും മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കാനുമുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.