ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിലെ ജാതി വിലക്ക് എടുത്തുകളയണമെന്ന് ഹിന്ദു ഐക്യവേദി; 'ഹിന്ദു സമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിക്കാന്‍ ശ്രമം'

Wednesday 12 June 2019 12:23 pm IST

കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ ശാന്തിക്കാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ മലയാള ബ്രാഹ്മണരാകണമെന്ന തിരുവിതാംകൂര്‍ ദേവസ്വം വിജ്ഞാപനം പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി. ഹിന്ദുസമൂഹത്തില്‍ അര്‍ഹരായ ആര്‍ക്കും ക്ഷേത്ര പൂജകള്‍ ചെയ്യാമെന്നിരിക്കെ ജാതി വിലക്കുകള്‍ കൊണ്ടുവരുന്നത് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി ഈ വിജ്ഞാപനം പിന്‍വലിപ്പിക്കണം, ബാബു പറഞ്ഞു.

പൂജാദികള്‍ പഠിച്ച, ജന്മനാ ബ്രാഹ്മണരല്ലാത്തവര്‍ക്കും ജാതി പരിഗണനയില്ലാതെ പൂജ ചെയ്യാമെന്ന് 2002-ല്‍ സുപ്രീംകോടതി ഉത്തരവുണ്ട്. ഹിന്ദു സമൂഹം ഈ വിധി സ്വാഗതം ചെയ്യുകയും ഇതു പ്രകാരം പലയിടത്തും പൂജാരികള്‍ കര്‍മം നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. നാവോത്ഥാന കേരളത്തിന്റെ ചരിത്രമായി മാറിയ ഈ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനം. 2002-ല്‍ വന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ 2014 വരെ വൈകിച്ചവരാണ് ഭരണക്കാര്‍, ബാബു വിശദീകരിച്ചു. ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം സാമൂഹ്യനീതിക്ക് നിരക്കാത്തതാണ്.

സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിക്കാന്‍ നടത്തുന്ന ശ്രമമാണിത്. ഒരുവശത്ത് നവോത്ഥാനവും ജാതിരഹിത സമൂഹവും പറയുന്നവരാണിത് ചെയ്യുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ നവോത്ഥാന സംരക്ഷണ സമിതി നിലപാട് വ്യക്തമാക്കണം, ജാതി മാനദണ്ഡമാകരുത്, വിജ്ഞാപനം പിന്‍വലിക്കണം. അര്‍ഹരായ എല്ലാവര്‍ക്കും ജാതി നോക്കാതെ പൂജ ചെയ്യാന്‍ അവസരം ഉണ്ടാക്കണം. യുവതീ പ്രവേശം വ്യക്തിപരമായ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ വിഷയം അങ്ങനെയല്ല, ബാബു പറഞ്ഞു. ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുധീര്‍, സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.