നെയ്യാര്‍ഡാമില്‍ വീണ്ടുമൊരു കുടിവെള്ളപദ്ധതി; എട്ട് കുടുംബങ്ങള്‍ക്ക് കുടിയിറക്കു ഭീഷണി

Wednesday 12 June 2019 12:41 pm IST

തിരുവനന്തപുരം: കാളിപ്പാറ കുടിവെള്ള പദ്ധതിക്ക് പുറമേ നെയ്യാര്‍ഡാമില്‍ വീണ്ടുമൊരു പദ്ധതിക്ക് ചട്ടക്കൂടൊരുങ്ങുന്നു. പദ്ധതി വരുന്നതോടെ കുടിയിറക്ക് ഭീഷണി നേരിട്ട് എട്ട് കുടുംബങ്ങളും.  നഗരത്തിലേക്ക് നെയ്യാര്‍ അണക്കെട്ടില്‍ നിന്നും കുടിവെള്ളമെത്തിക്കുന്ന ജലഅതോറിറ്റിയുടെ പുതിയ പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 266.96 കോടി ചെലവിടാന്‍ സര്‍ക്കാര്‍ അനുമതി. ഇതിനിടെ പ്രദേശത്തു നിന്നും കുടിയിറക്കു ഭീഷണി നേരിടുന്നവരുടെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

അരുവിക്കര, പേപ്പാറ സംഭരണികളില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥിതിയുള്ളതിനാല്‍ ഇവയെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല. ഈ സ്ഥിതി പരിഗണിച്ചാണ് ബദല്‍ സംഭരണ സ്രോതസ്സ് എന്ന നിലയില്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നത്. നെയ്യാര്‍ഡാമിന് സമീപം അഞ്ചേക്കറിലേറെ സ്ഥലമാണ് ജലശുദ്ധീകരണശാലയ്ക്കായി തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 3.5 ഏക്കര്‍ സ്ഥലമാണ് ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്ത് നല്‍കിയിട്ടുള്ളത്. ബാക്കി ഭൂമി സമീപത്തെ കുടിയേറ്റക്കാരില്‍നിന്നു ഏറ്റെടുക്കാനാണ് ശ്രമം നടക്കുന്നത്. 

നെയ്യാര്‍ഡാമില്‍നിന്നുള്ള വെള്ളം, സമീപം സ്ഥാപിക്കുന്ന പ്ലാന്റില്‍ ശുദ്ധീകരിച്ച് പിറ്റിപി നഗറിലെ സംഭരണിയില്‍ ശേഖരിക്കും. ഇവിടെ നിന്ന് നഗരവാസികള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. ഉയര്‍ന്ന പ്രദേശമായ നെയ്യാര്‍ഡാമില്‍നിന്നു ശുദ്ധീകരിച്ച വെള്ളം വീണ്ടുമൊരു പമ്പിംഗ് കൂടാതെ 24 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ സ്വാഭാവികമായ ഒഴുക്കില്‍ പിറ്റിപി നഗറിലെ സംഭരണിയില്‍ എത്തിക്കാനാകുമെന്ന വിദഗ്ധ നിര്‍ദേശത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ഇതിനായി ഈ ദൂരമത്രയും 1400 മില്ലീമീറ്റര്‍ വ്യാസമുള്ള മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിക്കും. 

പ്രധാന റോഡ് കുഴിക്കുന്നത് പരമാവധി ഒഴിവാക്കി നെയ്യാര്‍ഡാം കനാലിലൂടെയും, ബണ്ട് റോഡുകള്‍ക്ക് അരികിലൂടെയും പൈപ്പ് സ്ഥാപിക്കാനാണ് തീരുമാനം. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് ജല അതോറിറ്റിയുടെ പ്രതീക്ഷ. പദ്ധതിക്കായി 120 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയാണ് നെയ്യാര്‍ഡാമില്‍ സ്ഥാപിക്കുന്നത്. ഇതില്‍ 100 എംഎല്‍ഡി വെള്ളം നഗരത്തിനും ബാക്കി 20 എംഎല്‍ഡി വിളപ്പില്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍ പഞ്ചായത്തുകള്‍ക്കുമാണ്. 

പദ്ധതിക്കായി 60 കോടി സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോള്‍ അനുവദിച്ച 206.96 കോടിയും ഉള്‍പ്പെടുന്നതാണ് ആകെ അടങ്കല്‍ തുക.      

പ്രതിഷേധം കനക്കുന്നു

നെയ്യാര്‍ഡാമിലെ ജലഅതോറിറ്റിയുടെ പദ്ധതിക്കെതിരെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിക്കായുള്ള ബാക്കി സ്ഥലം ഏറ്റെടുക്കുന്നതിന് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന എട്ടു കുടുംബങ്ങളോട് ഒഴിയാന്‍ നെയ്യാര്‍ഡാം അസിസ്റ്റന്റ് എന്‍ജിനീയര്‍ നോട്ടീസ് നല്‍കിയതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. പദ്ധതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഞ്ചായത്തിനോടോ ജനപ്രതിനിധികളോടോ പ്രദേശവാസികളോടോ ആലോചന നടത്താതെയാണ് അധികൃതര്‍ മുന്നോട്ട് പോകുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.  കോട്ടൂര്‍ മുതല്‍ അമ്പൂരി കുമ്പിച്ചല്‍ വരെ നീളുന്ന ക്ളാമല റിസര്‍വ് വനത്തിന്റെ ഭാഗമാണ്  ഭൂമിയെന്നും ജലസേചനവകുപ്പിന് ഏറ്റെടുക്കാന്‍ അധികാരമില്ലെന്നും പ്രശ്നം പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേരണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.