മോദി 2.0: 44 തൊഴില്‍ നിയമങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് പുതിയ നിയമം കൊണ്ടുവരുന്നു

Wednesday 12 June 2019 1:04 pm IST

ന്യൂദല്‍ഹി : രാജ്യത്തെ നിക്ഷേപകരെ സഹായിക്കുന്നതിനും, സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനും ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ പുതിയ തൊഴില്‍ നിയമം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുന്നു. 44 തൊഴില്‍ നിയമങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. 

വേതനം, സാമൂഹ്യ സുരക്ഷ, വ്യാവസായിക സുരക്ഷ- ക്ഷേമം, വ്യാവസായിക ബന്ധങ്ങള്‍ എന്നീ വിഭാഗങ്ങളായിട്ടായിരിക്കും ഇനം തിരിക്കുക. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്‍, വാണിജ്യ- റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

പുതിയ തൊഴില്‍ നിയമം അടുത്തുതന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും യോഗത്തിനുശേഷം കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‌വാര്‍ മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്തെ പ്രധാന തൊഴില്‍ സംഘടനകള്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പ്രൊവിഷന്‍ ആക്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആക്ട്്, ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ട്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് എന്നിവയുള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലയിപ്പിച്ചാണ് സോഷ്യല്‍ സെക്യൂരിറ്റി നിയമം കൊണ്ടുവരുന്നത്. ഇത്തരത്തില്‍ 44 വിഭാഗങ്ങളായ തൊഴില്‍ നിയമളേയും ഒറ്റ കുടക്കീഴില്‍ ആക്കും. 

ഫാക്ടറീസ് ആക്ട്, മൈന്‍സ് ആക്ട്, ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍ ആക്ട് തുടങ്ങിയ നിരവധി വ്യാവസായിക സുരക്ഷാ, ക്ഷേമ നിയമങ്ങള്‍ വ്യാവസായിക സുരക്ഷിതത്വത്തിലും ക്ഷേമത്തിലും ഒറ്റ വിഭാഗമായി മാറ്റും. മിനിമം വേജസ് ആക്ട്, വേതനം നല്‍കല്‍ നിയമം, ബോണസ് ആക്ട്, തുല്യാവകാശ ആനുകൂല്യ നിയമം, തുടങ്ങിയവയും പുതിയ നിയമത്തില്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് സംബന്ധിച്ച ലേബര്‍ കോഡ് 1947 ലെ വ്യവസായ തര്‍ക്ക നിയമം, 1926, ട്രേഡ് യൂണിയന്‍സ് ആക്ട്, 1926, ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് നിയമം എന്നിവ ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കും. തൊഴില്‍ നിയമത്തിലും സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.