റഷ്യയും ചൈനയും മാറിയിട്ടും കേരളത്തിലെ സിപിഎം മാറിയിട്ടില്ല; മലയാളികളുടെ അടുത്ത തലമുറയും വിദേശത്തുപോയി പണിയെടുക്കേണ്ടി വരും; നഷ്ടപ്പെടുന്നത് വിലപ്പെട്ട സമയം; പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ഗഡ്കരി

Wednesday 12 June 2019 1:17 pm IST

തിരുവനന്തപുരം: മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞു പദ്ധതികളെ എതിര്‍ത്താല്‍ മലയാളികളുടെ ഇനിയുള്ള തലമുറകളും വിദേശത്തുപോയി പണിയെടുക്കേണ്ടി വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി. വികസന പദ്ധതികളോടുള്ള സമീപനം റഷ്യയും ചൈനയും വരെ മാറ്റിയിട്ടും കേരളത്തിലെ സിപിഎം സര്‍ക്കാർ നയം മാറ്റിയിട്ടില്ലെന്നും ഗഡ്കരി കുറ്റപ്പെടുത്തി. 

മലയാളികള്‍ക്കു വിദ്യാഭ്യാസമുണ്ട്, സാങ്കേതികവിദ്യ അറിയാം. പക്ഷേ, അതൊക്കെ വിദേശത്ത് ഉപയോഗിക്കും. കേരളത്തിലില്ല. പട്ടിണി മാറ്റലാണു നമ്മുടെ പ്രാഥമിക ഉത്തരവാദിത്തം. പുതിയ നിക്ഷേപങ്ങള്‍ വന്നാലേ മൂലധനം ഉണ്ടാവൂ. മൂലധനം ഉണ്ടായാലേ പദ്ധതികള്‍ വരൂ. പദ്ധതികള്‍ വന്നാലേ തൊഴിലവസരം ഉണ്ടാകൂ. അതുണ്ടായാലേ പട്ടിണി മാറ്റാനാകൂവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗഡ്കരി വ്യക്തമാക്കി.

'കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 17 ലക്ഷം കോടി രൂപയുടെ ദേശീയപാതാ വികസനപദ്ധതികള്‍ നടപ്പാക്കി. കേരളം പിന്നിലായത് എന്തുകൊണ്ടെന്നു ചിന്തിക്കണം. വിഴിഞ്ഞം പദ്ധതി അദാനിയെ ഏല്‍പിക്കാമെന്നു ഞാന്‍ നിര്‍ദേശിച്ചപ്പോള്‍, അദാനി ബിജെപിയാണെന്നായിരുന്നു സിപിഎം ആരോപണം. എങ്കില്‍ വേണ്ടെന്നു ഞാനും പറഞ്ഞു. അപ്പോള്‍ നിലപാട് മാറി. പിപിപി മാതൃകയിലുള്ള നിര്‍മാണത്തെ എല്ലാവരും സ്വീകരിച്ചപ്പോള്‍ നിങ്ങളാദ്യം എതിര്‍ത്തു. അതുകൊണ്ടെല്ലാം നഷ്ടപ്പെടുന്നതു വിലപ്പെട്ട സമയമാണ്. കണ്ണു ദാനം ചെയ്യാം; കാഴ്ചപ്പാട് ദാനം ചെയ്യാനാവില്ലല്ലോ. റോഡ് പണിയാന്‍ ഭൂമിയില്ലെങ്കില്‍ ജലമാര്‍ഗവും സ്‌കൈ ബസും നോക്കണം‌'- ഗഡ്‌കരി പറഞ്ഞു.

കേന്ദ്രത്തിന്റെ നിഷേധസമീപനം കൊണ്ടല്ല. നിങ്ങളുടെ സങ്കുചിത നിലപാടുമൂലം ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പു വൈകി. 25,000 കോടി രൂപയാണു വാഗ്ദാനം ചെയ്തത്. സ്ഥലമേറ്റെടുപ്പു പൂര്‍ത്തിയായാല്‍ 25,000 കോടി രൂപയും സംസ്ഥാനത്തിനു നല്‍കാം. കേരള മുഖ്യമന്ത്രി എന്നെ കാണാന്‍ വന്നപ്പോഴൊന്നും എതിര്‍കക്ഷിയുടെ മുഖ്യമന്ത്രിയെന്ന വിവേചനം കാണിച്ചിട്ടില്ല. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അദ്ദേഹം നല്ല സുഹൃത്താണ്. നല്ല പദ്ധതി കൊണ്ടുവരൂ. എല്ലാ പിന്തുണയും ഇനിയും ഉണ്ടാവും, പണവും തരാം' - ഗഡ്കരി നയം വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.