കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കും, നീരവ് മോദിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് യുകെ കോടതി

Wednesday 12 June 2019 5:29 pm IST

ലണ്ടന്‍ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേയ്ക്ക് മുങ്ങിയ രത്ന വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ റോയല്‍ കോടതി തള്ളി. ഇത് നാലാം തവണയാണ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. വായ്പ്പാ തുക തിരിച്ചടയ്ക്കാന്‍ സാധ്യത ഇല്ലെന്നും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. 

48 കാരനായ നീരവ് മോദി വാന്‍ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.  മാര്‍ച്ച് 19നാണ് നീരവ് ലണ്ടനില്‍ സ്‌കോട്ട്ലന്‍ഡ് യാര്‍ഡിന്റെ അറസ്റ്റിലായത്. 

അതേസമയം നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കഴിഞ്ഞ തവണ ജാമ്യം തള്ളിയപ്പോള്‍ കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്നും വിചാരണ വേളയില്‍ കോടതി ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.