ശ്രീലങ്കയിലെ ചാവേറാക്രമണം; കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്

Thursday 13 June 2019 2:45 am IST
ഉക്കടം അന്‍പു നഗര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീന്‍, അക്രം സിന്ധ, ഷേഖ് ഹിദായത്തുള്ള, എം.അബൂബക്കര്‍, സദ്ദാംഹുസൈന്‍, ഇബ്രാഹിം ഹാഷിന്‍ഷാ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച എന്‍ഐഎ എല്ലാവര്‍ക്കുമെതിരേ കേസ് ചാര്‍ജ്‌ചെയ്തതായി പത്രക്കുറിപ്പില്‍ അറിയിച്ചു.

പാലക്കാട്/ചെന്നൈ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ഏഴു കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി( എന്‍ഐഎ)യുടെ റെയ്ഡ്. തമിഴ്‌നാട്ടിലെ ഐഎസ് ഘടകത്തിന്റെ അടിവേരുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു റെയ്ഡ്. 

 തമിഴ്നാട്ടിലെയും, കൊച്ചിയിലെയും എന്‍ഐഎ സംഘങ്ങള്‍ സംയുക്തമായാണ് കോയമ്പത്തൂരിലെ അന്‍പുനഗര്‍, പോത്തന്നൂര്‍. കുനിയമ്പത്തൂര്‍, ഉക്കടം അടക്കമുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്. രാവിലെ ഏഴിന് തുടങ്ങിയ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു.

ഉക്കടം അന്‍പു നഗര്‍ സ്വദേശി  മുഹമ്മദ് അസറുദ്ദീന്‍, അക്രം സിന്ധ,  ഷേഖ് ഹിദായത്തുള്ള, എം.അബൂബക്കര്‍, സദ്ദാംഹുസൈന്‍, ഇബ്രാഹിം ഹാഷിന്‍ഷാ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച എന്‍ഐഎ എല്ലാവര്‍ക്കുമെതിരേ കേസ് ചാര്‍ജ്‌ചെയ്തതായി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇവര്‍ ജോലി ചെയ്ത സ്ഥാപനങ്ങളും എന്‍ഐഎ സംഘം പരിശോധിച്ചു. ഇവരുടെ വീടുകളില്‍ നിന്നും പെന്‍ഡ്രൈവ്, ഫോണ്‍,ഡയറി എന്നിവ കണ്ടെത്തി. 

അതേ സമയം, ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് സംശയിക്കുന്ന കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെ കേസെടുത്തിട്ടുമുണ്ട്.  ഇയാള്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ദക്ഷിണേന്ത്യയില്‍ സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും എന്‍ഐഎ സംശയിക്കുന്നു.

നേരത്തെ ഒരു തവണ തമിഴ്‌നാട്ടിലും കേരളത്തിലെ ചില സ്ഥലങ്ങളിലും എന്‍ഐഎ റെയ്ഡ്  നടത്തിയിരുന്നു. ഇതിന്റെ  തുടര്‍ച്ചയാണ് ഇന്നലെ നടന്ന റെയ്ഡും. റെയ്ഡില്‍ വിലപ്പെട്ട വിവരങ്ങളും രേഖകളും ചില വീഡിയോകളും കണ്ടെത്തിയതായി സൂചനയുണ്ടെങ്കിലും എന്‍ഐഎ വിശദവിവരം വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. അന്വേഷണത്തെ ബാധിക്കുമെന്നതാണ് കാരണം.

 കഴിഞ്ഞ മാസം രണ്ടംഗ എന്‍ഐഎ സംഘം ശ്രീലങ്ക സന്ദര്‍ശിച്ച് തെൡവുകള്‍ ശേഖരിക്കുകയും ലങ്കന്‍ അന്വേഷണ സംഘവുമായി ചര്‍ച്ച  നടത്തുകയും ചെയ്തിരുന്നു. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അവിടെ നിന്ന് ശേഖരിച്ച  വിവരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലത്തെ റെയ്ഡ്.

  അന്വേഷണങ്ങളുടെ ഭാഗമായി ഏപ്രിലില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിനെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. കേരളത്തിലെ പല തീര്‍ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും  ബോംബ് സ്‌ഫോടനം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇയാള്‍ സഹ്‌റാന്‍ ഹാഷിമിന്റെ  അനുയായി ആയിരുന്നു. ഹാഷിമിന്റെ  പ്രസംഗങ്ങളും വീഡിയോകളും  സ്ഥിരമായി കണ്ടിരുന്ന ഇയാള്‍ അങ്ങനെ ചാവേറാകാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു. 

 ഐഎസിന്റെ കോയമ്പത്തൂര്‍, കേരള മൊഡ്യൂളുകളുമായി ( യൂണിറ്റുകള്‍) ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ ആവശ്യമെങ്കില്‍ ശ്രീലങ്കയ്ക്ക് കൈമാറുമെന്നും എന്‍ഐഎ വ്യക്തമാക്കി. ഐഎസില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയവരില്‍ ചിലര്‍ ശ്രീലങ്കയില്‍ എത്തി സഹ്‌റാന്‍ ഹാഷിമിനെ കണ്ടിട്ടുണ്ടെന്നാണ് വിവരം. ഈ സംഘത്തിലുണ്ടായിരുന്ന അഷ്ഫാഖ് മജീദ് ശ്രീലങ്കയില്‍ പോയിരുന്നതായി കൃത്യമായ സൂചനയും ലഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.